പത്തനംതിട്ട : മതവികാരം വ്രണപ്പെടുത്തുന്ന രീതിയിൽ ഫേസ്ബുക്ക് പോസ്റ്റ് ഇട്ടതിന് പൊലീസ് അറസ്റ്റ് ചെയ്ത ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമയ്ക്കു വേണ്ടി കോടതിയിൽ ഹാജരാകുന്നത് സി.പി.എം പ്രവർത്തകനായ അഡ്വ. അരുൺദാസാണ്. സി.പി.എം അഭിഭാഷക സംഘടനയായ ലോയേഴ്സ് യൂണിയൻ പത്തനംതിട്ട യൂണിറ്റ് കമ്മറ്റിയംഗവും സി.പി.എം മലയാലപ്പുഴ ലോക്കൽ കമ്മറ്റിയംഗവുമാണ് അദ്ദേഹം. സി.പി.എം പ്രവർത്തകർ പ്രതികളാകുന്ന കേസിൽ പത്തനംതിട്ട കോടതിയിൽ അരുൺദാസാണ് പാർട്ടിക്ക് വേണ്ടി ഹാജരാകാറുള്ളത്.
തുലാമാസ പൂജ സമയത്ത് രഹ്ന ഫാത്തിമയെയും മാദ്ധ്യമ പ്രവർത്തക കവിതയേയും പൊലീസിന്റെ ഹെൽമറ്റും രക്ഷാകവചവും അണിയിച്ച് ഐ.ജിയുടെ നേതൃത്വത്തിൽ സന്നിധാനത്തിനു സമീപം നടപ്പന്തൽ വരെയെത്തിച്ചത് വിവാദമായിരുന്നു. ആക്ടിവിസ്റ്റുകൾക്ക് കയറാനുളള ഇടമല്ല ശബരിമലയെന്ന് മന്ത്രി കടകംപളളി സുരേന്ദ്രൻ പ്രതികരിച്ചിരുന്നു. മന്ത്രിയുടെ നിർദേശത്തെ തുടർന്നാണ് രഹ്നയുമായി പൊലീസ് തിരികെപ്പോന്നത്. രഹ്നയ്ക്ക് ബി.ജെ.പി ബന്ധമുണ്ടെന്ന് സി.പി.എം ആരാേപിച്ചിരുന്നു. ചൊവ്വാഴ്ച ഉച്ചയ്ക്ക് പാലാരിവട്ടത്തെ ബി.എസ്.എൻ.എൽ ഓഫീസിൽ നിന്നാണ് രഹ്ന ഫാത്തിമയെ പത്തനംതിട്ട പൊലീസ് അറസ്റ്റ് ചെയ്തത്.