kerala-flood

ന്യൂഡൽഹി: പ്രളയക്കെടുതിയിൽ രക്ഷാപ്രവർത്തനം നടത്തിയതിന് വ്യോമസേന 34 കോടി ബിൽ നൽകിയതിന് പിന്നാലെ കേരളത്തിന് 2500 കോടിയുടെ അധിക സഹായവുമായി കേന്ദ്രസർക്കാർ. നേരത്തെ നൽകിയ 600 കോടിയുടെ സഹായത്തിന് പുറമെയാണ് ഇത്. ഇതോടെ കേന്ദ്രസർക്കാരിൽ നിന്ന് ലഭിക്കുന്ന സഹായം 3100 കോടിയാകും. കേരളം ആവശ്യപ്പെട്ടത് 4800 കോടിയാണ്. എന്നാൽ ലോകബാങ്കിന്റെയും ഐക്യരാഷ്ട്ര സംഘടനയുടെ കീഴിലുള്ള ഏജൻസികളുടെയും റിപ്പോർട്ടുകൾ പ്രകാരം കേരള പുനർ‌നിർമാണത്തിനായി 31,000 കോടി രൂപ ആവശ്യമാണ്.

കേന്ദ്രആഭ്യന്തര സെക്രട്ടറി അദ്ധ്യക്ഷനായ സമിതിയാണ് ഇത് സംബന്ധിച്ച ഉപദേശം നൽകിയത്. ആഭ്യന്തരമന്ത്രി അദ്ധ്യക്ഷനായ ഉന്നതതല സമിതിയുടെ അംഗീകാരത്തോടെ കേരളത്തിന് പണം ലഭിക്കും. പ്രകൃതി ദുരന്തങ്ങൾ സംബന്ധിച്ച ഉന്നതതല സമിതി യോഗം അടിയന്തരമായി വിളിച്ചു ചേർത്തു കേരളത്തിന് സഹായം ലഭ്യമാക്കണം

എന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്രമന്ത്രി രാജ്നാഥ് സിംഗിന് കത്തയച്ചിരുന്നു.

പ്രളയ രക്ഷാപ്രവർത്തനം നടത്തിയതിന്റെ ചെലവായി ന്യൂഡൽഹിയിലെ വ്യോമസേനാ ആസ്ഥാനം 34 കോടിയോളം (33,79,77,250) രൂപ ആവശ്യപ്പെട്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം നിയമസഭയെ അറിയിച്ചിരുന്നു. ഇതും പ്രളയകാലത്ത് അധിക റേഷൻ അനുവദിച്ചതിന് കേന്ദ്രം ആവശ്യപ്പെട്ട തുകയും ചേർത്ത് 290.74 കോടി നൽകേണ്ട സ്ഥിതിയാണെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്രസർക്കാർ കൂടുതൽ സഹായം നൽകാമെന്ന് സൂചന നൽകിയത്.