തിരുവനന്തപുരം: ശബരിമലയിലെ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്‌തത സഭാ നടപടികൾ നിറുത്തിവച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം ബഹളം വച്ചതോടെ നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു. ചോദ്യോത്തര വേള തുടങ്ങിയപ്പോൾ തന്നെ ഇക്കാര്യം ഉന്നയിച്ച് പ്രതിപക്ഷ അംഗങ്ങൾ നടുത്തളത്തിലേക്ക് ഇറങ്ങിയിരുന്നു. ഒരേ വിഷയത്തിൽ തുടർച്ചയായ ദിവസങ്ങളിൽ പ്രതിഷേധം പാടില്ലെന്നും ശബരിമല വിഷയം സഭ എട്ട് മണിക്കൂറോളം ചർച്ച ചെയ്‌തെന്നും സ്പീക്കർ നിലപാടെടുത്തു. എന്നാൽ സോളാർ വിഷയം ആറ് അടിയന്തര പ്രമേയങ്ങൾ അനുവദിച്ചിട്ടുണ്ടെന്നും ശബരിമല വിഷയം ചോദ്യത്തര വേള നിറുത്തി വച്ച് അടിയന്തര പ്രമേയം അവതരിപ്പിക്കാൻ അനുമതി വേണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം. വേണമെങ്കിൽ ആദ്യ സബ്‌മിഷനായി ശബരിമല വിഷയം ഉന്നയിക്കാമെന്ന് സ്പീക്കർ പറഞ്ഞെങ്കിലും ഇക്കാര്യം പ്രതിപക്ഷം അംഗീകരിച്ചില്ല. തുടർന്ന് നടപടികൾ റദ്ദാക്കി ഇന്നത്തേക്ക് സഭ പിരിയുകയായിരുന്നു.
അതേസമയം, പ്രതിപക്ഷം മാന്യതയുടെയും മര്യാദയുടെയും അതിർത്തികൾ ലംഘിക്കുകയാണെന്നും ഇത് അനുവദിക്കാനാവില്ലെന്നും സ്പീക്കർ പറഞ്ഞു. കഴിഞ്ഞ ദിവസം സഭ പിരിഞ്ഞ ശേഷം മന്ത്രിമാർ നടത്തിയ പരാമർശങ്ങളിൽ പ്രതിപക്ഷം പരാതിപ്പെട്ടെങ്കിലും സഭയ്‌ക്ക് പുറത്തെ കാര്യങ്ങളിൽ ഇടപെടാൻ ആകില്ലെന്നായിരുന്നു സ്പീക്കറുടെ നടപടി. സഭയ്‌ക്ക് പുറത്ത് ഭരണ, പ്രതിപക്ഷങ്ങൾ നടത്തുന്ന രാഷ്ട്രീയ ആരോപണങ്ങളിൽ നിയമസഭയ്‌ക്ക് ഇടപെടാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ സ്പീക്കർ മുൻവിധികളോടെ പെരുമാറുന്നുവെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആരോപണം. ശബരിമലയിലെ നിരോധനാജ്ഞ പിൻവലിച്ചാൽ നിയമസഭാ നടപടികളുമായി സഹകരിക്കാമെന്നാണ് പ്രതിപക്ഷ നിലപാട്.