syrian

ബ്രിട്ടൻ:സിറിയൻ അഭയാർത്ഥിയായ 15 വയസ്സുകാരന് നേരെയുണ്ടായ ആക്രമണത്തിൽ പ്രതിഷേധം ശക്തമാകുന്നു. ബ്രിട്ടനിലെ അൽമണ്ട്ബറി കമ്മ്യൂണിറ്റി സ്‌കൂളിലെ മെെതാനത്താണ് സംഭവം നടന്നത്. സ്‌കൂൾ മെെതാനത്ത് കൂടി നടന്ന കുട്ടിയുടെ നേരെ ഒരാൾ ആക്രമിക്കുകയായിരുന്നു. കടുത്ത മർദ്ദനമാണ് കുട്ടിക്കേറ്റത്. അസഭ്യവാക്കുകളും പ്രയോഗിച്ചിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ ഇപ്പോൾ വെെറലാണ്. അക്രമി ബാലനെ നിലത്ത് വീഴ്‌ത്തിയ ശേഷം കഴുത്ത് ഞെരിക്കുന്നതും മുഖത്ത് വെള്ളമൊഴിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുന്നതും ദൃശ്യങ്ങളിൽ കാണാം. അക്രമിയുടെ കൂടെയുള്ളവരും അവനെ അധിക്ഷേപിച്ച് സംസാരിക്കുന്നുണ്ടായിരുന്നു. ജമാൽ എന്നയാളെ മാത്രമേ ബാലന് തിരിച്ചറിയാൻ സാധിച്ചിട്ടുള്ളൂ. ആക്രമണം നടത്തുമ്പോൾ അവന് തിരിച്ചൊന്നും ചെയ്യാൻ സാധിച്ചിരുന്നില്ല.

പിന്നീട് ഒരു ടെലിവിഷൻ ചാനലിന് നൽകിയ അഭിമുഖത്തിൽ താൻ ഏറെ ഭയപ്പെട്ടതായും രാത്രി ഞെട്ടിയുണർന്ന് കരയുമായിരുന്നെന്നും സിറിയൻ ബാലൻ പറഞ്ഞിരുന്നു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും വെസ്റ്റ് യോർക്ക് ഷെയർ പൊലീസ് അറിയിച്ചു. കുട്ടിയെ ആക്രമിക്കുന്ന വീഡിയോ നിരവധിപേർ കാണുകയും സംഭവത്തിൽ അപലപിക്കുകയും ചെയ്‌തു. അവന്റെ കുടുംബത്തിന് ധനസഹായവും നൽകിയിരുന്നു. എന്നാൽ, വീഡിയോയ്‌ക്ക് ഭീകരരുടെ ഭീഷണിയുണ്ട്. വിദ്യാർത്ഥിക്ക് നേരെ നടന്ന വംശീയാക്രമണത്തിൽ സോഷ്യൽമീഡിയകളിലടക്കം വലിയ പ്രതിഷേധമാണ് ഇപ്പോൾ ഉയരുന്നത്.