തിരുവനന്തപുരം: ശബരിമലയിലെ വിഷയത്തിലെ സമരത്തിൽ നിന്ന് ബി.ജെ.പി പിൻവാങ്ങിയതിൽ ആർ.എസ്.എസ് നേതൃത്വത്തിന് അതൃപ്‌തിയെന്ന് സൂചന. ശബരിമല സമരത്തിന് ആർ.എസ്.എസ് നൽകിയ നിർദ്ദേശങ്ങൾ ബി.ജെ.പി നേതാക്കൾ അട്ടിമറിക്കുകയാണ് ചെയ്‌തത്. ശബരിമല കർമപദ്ധതി സർക്കുലറായി ഇറക്കിയത് ഇതിന്റെ ഭാഗമാണ്. ഇപ്പോഴത്തെ ബി.ജെ.പി പ്രസിഡന്റിന് സ്വന്തം കാര്യങ്ങൾ നോക്കാൻ മാത്രമേ സമയമുള്ളൂവെന്നും ആർ.എസ്.എസ് നേതൃത്വത്തിന് പരാതിയുണ്ട്. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി കേന്ദ്രനേതൃത്വത്തെ സമീപിക്കുമെന്നും ആർ.എസ്.എസ് നേതാക്കൾ സൂചന നൽകി. ഒരു സ്വകാര്യ വാർത്താ ചാനലാണ് ഇത് സംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്‌തത്.
മാസപൂജ, ചിത്തിര ആട്ടവിശേഷ സമയത്ത് സമരത്തിൽ മുൻപന്തിയിലുണ്ടായിരുന്ന ബി.ജെ.പി - ആർ.എസ്.എസ് നേതൃത്വം കെ.സുരേന്ദ്രന്റെ അറസ്‌റ്റോടെ പിന്നോട്ട് പോയെന്ന് പ്രവർത്തകർക്കിടയിൽ തന്നെ ആക്ഷേപമുണ്ട്. ഹിന്ദു ഐക്യവേദി അദ്ധ്യക്ഷ കെ.പി.ശശികലയെ അറസ്‌റ്റ് ചെയ്‌തപ്പോൾ ഹർത്താൽ നടത്തിയ ബി.ജെ.പി സുരേന്ദ്രന്റെ അറസ്‌റ്റിൽ കാര്യമായ പ്രതിഷേധം നടത്തിയില്ലെന്ന പരാതി മിക്ക പ്രവർത്തകരും ഉയർത്തുന്നുണ്ട്. ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ പി.എസ്.ശ്രീധരൻപിള്ളയുടെ ഫേസ്ബുക്ക് പേജിൽ ഇത് സംബന്ധിച്ച ആക്ഷേപവുമായി നിരവധി പേർ രംഗത്തെത്തുന്നുണ്ട്. ഇതിനിടയിലാണ് ശബരിമല സമരത്തിൽ നിന്നും ബി.ജെ.പി പിന്മാറുന്നുവെന്ന വാർത്ത പ്രചരിച്ചത്. എന്നാൽ ശബരിമല സമരത്തിൽ നിന്നും ബി.ജെ.പി പിന്നോട്ടില്ലെന്നും സമരം വ്യാപിപ്പിക്കുകയാണ് ചെയ്യുന്നതെന്നുമാണ് ശ്രീധരൻപിള്ള വ്യക്തമാക്കിയത്.