പിറവം പള്ളിയുടെ പേരിലുണ്ടായ തർക്കത്തെ ശബരിമലയുമായി താരതമ്യപ്പെടുത്തി അഭിപ്രായ പ്രകടനങ്ങൾ നടത്തുന്നവർ കേസിന്റെ യാഥാർത്ഥ്യത്തെ കുറിച്ച് ശരിക്കും മനസിലാക്കണമെന്ന് അഡ്വ. ഹരീഷ് വാസുദേവൻ. ഫേസ്ബുക്കിലൂടെ കേസിന്റെ നാൾ വഴികളെ കുറിച്ചും, അതിലെ വിധിയുടെ നിയമ വശത്തെകുറിച്ചും അദ്ദേഹം തെളിവ് നൽകി വിശദീകരിക്കുന്നു. പിറവം പള്ളിയുടെ കാര്യം പറഞ്ഞ് നാട്ടിൽ വിഷം കലക്കാൻ നോക്കുന്ന വർഗ്ഗീയവാദികളെ നുണ പ്രചരിപ്പിക്കാൻ അനുവദിക്കരുതെന്ന അറിയിപ്പോടെയാണ് അദ്ദേഹം ഈ വിവരങ്ങൾ സമൂഹത്തിനായി പങ്ക് വയ്ക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
പിറവം പള്ളിയുടെ കേസ് ശബരിമലയുമായി ഒരു താരതമ്യത്തിനും സ്‌കോപ്പില്ല. സർക്കാർ കക്ഷിയാകാത്ത കേസാണ് ്. സിവിൽ കേസിലെ ഉത്തരവ് നടപ്പാക്കാൻ എക്സിക്യൂഷൻ പെറ്റേഷൻ വേണം. സ്വമേധയാ പോലീസ് സംരക്ഷണം നൽകി വിധി നടപ്പാക്കേണ്ട ഒരു ബാധ്യതയും സർക്കാറിനില്ല. ഇക്കാര്യം നേരത്തേ വ്യക്തമാക്കി കേരള ഹൈക്കോടതി ഒരു കേസ് തീർപ്പാക്കിയതാണ്.
പിറവം പള്ളിയുടെ കാര്യത്തിൽ രണ്ടു ക്രിസ്തീയ വിഭാഗങ്ങൾ തമ്മിൽ നടന്ന അവകാശ തർക്ക കേസിൽ ഒരു വിഭാഗം ജയിച്ചു. ആ വിഭാഗത്തിന് പള്ളിയിൽ കയറാൻ അവകാശമുണ്ട്. അത് നടപ്പാക്കി കിട്ടാൻ അവർ സർക്കാരിനെ സമീപിച്ചു. പോലീസ് സംരക്ഷണം നൽകിയാൽ ചോരപ്പുഴ ഒഴുകുമെന്നു മറ്റേ വിഭാഗം വെല്ലുവിളിച്ചു. സമവായത്തിനു സർക്കാർ ശ്രമിച്ചു. ചീഫ് സെക്രട്ടറിയ്ക്ക് എതിരെ സുപ്രീംകോടതിയിൽ കോടതിയലക്ഷ്യ ഹരജി നൽകി. അത് കോടതി തള്ളിക്കളഞ്ഞു. കക്ഷികൾ തമ്മിൽ ചർച്ച നടത്തി ധാരണയിൽ എത്താൻ സർക്കാർ ശ്രമിക്കുന്നുണ്ട് എന്ന് സർക്കാർ ബോധിപ്പിച്ചപ്പോൾ അത് തുടരാൻ കോടതി വാക്കാൽ നിർദ്ദേശിച്ചു എന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. 3 മാസത്തിനകം ഹൈക്കോടതി കേസ് തീർപ്പാക്കാൻ നിർദ്ദേശിച്ചു.
നിയമപരമായ അവകാശം സ്ഥാപിച്ചു കിട്ടാൻ ഏതൊരു പൗരനും അവകാശമുണ്ട്. പിണറായിയുടെ പോലീസ് പിറവം പള്ളിക്ക് സംരക്ഷണം നൽകണം. എന്ത് വിലകൊടുത്തും നിയമം നടപ്പാക്കണം, ഇല്ലെങ്കിൽ അത് ഇരട്ടത്താപ്പ് എന്നു വിലയിരുത്തും. ശബരിമലയിൽ കയറാൻ അവകാശമുള്ള യുവതികളെ പോലെ തന്നെ പിറവത്തെ പള്ളിയിൽ കയറാൻ ഉള്ളവർക്കും അതുണ്ട്. അത് നടപ്പാക്കി കൊടുക്കാൻ സർക്കാരിന് ബാധ്യതയുണ്ട്. ഇക്കാര്യം പോലീസ് പ്രൊട്ടക്ഷൻ ബഞ്ച് വ്യക്തമാക്കിയിട്ടുണ്ട്. ചർച്ച നടത്തി ധാരണയിൽ എത്താൻ സുപ്രീംകോടതി നിർദ്ദേശിച്ചത് അറിയാതെയാണ് ഈ ഇടക്കാല വിധി എഴുതിയതെന്നും എഴുതിയ ശേഷമാണ് സീനിയർ അഭിഭാഷകൻ പി.രവീന്ദ്രൻ ഇക്കാര്യം കോടതിയുടെ ശ്രദ്ധയിൽ പെടുത്തിയതെന്നും ഈ ഉത്തരവിന്റെ 12 ആം പാരഗ്രാഫിൽ കോടതി എടുത്തു പറയുന്നു.
ഇത് അപ്പടി റിപ്പോർട്ട് ചെയ്യാൻ കേരളത്തിലെ മാധ്യമങ്ങൾക്ക് ബാധ്യതയുണ്ട്. പിറവം പള്ളിയും പറഞ്ഞു നാട്ടിൽ വിഷം കലക്കാൻ നോക്കുന്ന വർഗ്ഗീയവാദികളെ നുണ പ്രചരിപ്പിക്കാൻ അനുവദിക്കരുത്.