annadanam

തിരുവനന്തപുരം: ബി.ജെ.പിയുടെ ശബരിമല സമരം സന്നിധാനത്ത് നിന്നും സെക്രട്ടറിയേറ്റിന് മുന്നിലേക്ക് മാറ്റാനുള്ള തീരുമാനം സർക്കാരുമായുള്ള ഒത്തുതീർപ്പാണെന്ന പ്രതിപക്ഷ ആരോപണത്തിനിടെ ശബരിമലയിൽ അന്നദാനം നടത്താനുള്ള അവകാശം ആർ.എസ്.എസ് അനുകൂല സംഘടനയ്‌ക്ക് നൽകാൻ ദേവസ്വം ബോർഡ് നീക്കം. കഴിഞ്ഞ ദേവസ്വം ബോർഡ് യോഗത്തിലാണ് ശബരിമല സമരത്തിൽ മുന്നിൽ നിന്ന അയ്യപ്പസേവാ സമാജം എന്ന സംഘടനയ്‌ക്ക് കരാർ നൽകാൻ തീരുമാനമായത്. ഹൈക്കോടതി നിർദ്ദേശ പ്രകാരം മൂന്ന് വർഷത്തിലധികമായി ദേവസ്വം ബോർഡ് നടത്തിവന്ന അന്നദാനം മതിയായ ഫണ്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അയ്യപ്പസേവാ സമാജത്തിന് നൽകുന്നത്. ഇക്കാര്യത്തിൽ ഹൈക്കോടതിയുടെ നിർദ്ദേശം പോലും മറികടന്നാണ് ദേവസ്വം ബോർഡിന്റെ നീക്കമെന്നും ആരോപണമുണ്ട്.

കുറച്ച് വർഷങ്ങൾക്ക് മുമ്പ് ശബരിമലയിലെ അന്നദാനം വിവിധ സംഘടനകളാണ് നടത്തിവന്നത്. എന്നാൽ ഇത്തരം സംഘടകൾക്കെതിരെ പണപ്പിരിവ് അടക്കമുള്ള ആരോപണങ്ങൾ ഉയർന്നതോടെയാണ് മൂന്ന് വർഷം മുമ്പ് ഹൈക്കോടതി നിർദ്ദേശ പ്രകാരം അന്നദാനത്തിനുള്ള അവകാശം ദേവസ്വം ബോർഡിന് മാത്രമായി നൽകിയത്. ഇതനുസരിച്ച് അന്നദാനത്തിനുള്ള സൗകര്യങ്ങളും ദേവസ്വം ബോർഡ് ഒരുക്കിയിരുന്നു. എന്നാൽ ഇപ്പോഴത്തെ സാഹചര്യത്തിൽ വരുമാനം കുറവാണെന്നും അന്നദാനവുമായി മുന്നോട്ട് പോകാനാവില്ലെന്നുമാണ് ദേവസ്വം ബോർഡിന്റെ നിലപാട്. അന്നദാനം നടത്താമെന്ന് വാഗ്‌ദ്ധാനം ചെയ്‌ത് രംഗത്ത് വന്നത് അയ്യപ്പസേവാ സമാജം മാത്രമാണെന്നും അതുകൊണ്ടാണ് കരാർ നൽകിയതെന്നുമാണ് ദേവസ്വം ബോർഡ് വൃത്തങ്ങൾ വിശദീകരിക്കുന്നു.

മുൻ ബി.ജെ.പി അദ്ധ്യക്ഷനായിരുന്ന കുമ്മനം രാജശേഖരൻ തുടങ്ങിയ സംഘടനയായ അയ്യപ്പസേവാ സമാജത്തിന്റെ ഇപ്പോഴത്തെ ചുമതല സ്വാമി അയ്യപ്പദാസിനാണ്. അതേസമയം. കോടതിയുടെ അനുമതിയില്ലാതെ ഇത്തരം ഒരു സംഘ‌ടനയ്‌ക്ക് അന്നദാന കരാർ നൽകുന്നത് സമവായ നീക്കങ്ങളുടെ ഭാഗമാണെന്ന് കോൺഗ്രസ് നേതൃത്വം ആരോപിച്ചു. അടുത്ത ദിവസങ്ങളിൽ തന്നെ ശുഭവാർത്തയുണ്ടാകുമെന്ന ദേവസ്വം ബോർഡ് പ്രസിഡന്റ് എ.പദ്മകുമാറിന്റെ കഴിഞ്ഞ ദിവസത്തെ പ്രസ്‌താവന ഇതിനോടൊപ്പം ചേർത്ത് വായിക്കണം. ശബരിമലയിൽ സംഘർഷമുണ്ടാക്കിയ വത്സൻ തില്ലങ്കേരിയെ മുഖ്യമന്ത്രി പിന്തുണച്ചതും സമരം സെക്രട്ടറിയേറ്റിന് മുന്നിലേക്ക് മാറ്റിയതും ഒത്തുതീർപ്പിന്റെ ഭാഗമാണെന്നും കോൺഗ്രസ് നേതാക്കൾ ആരോപിച്ചു.