novel

''ഒരു മിനിട്ട്.'
മറ്റുള്ളവരോടു പറഞ്ഞിട്ട് വേലായുധൻ മാസ്റ്റർ തിടുക്കത്തിൽ ഫോണുമായി തന്റെ ഓഫീസ് റൂമിലേക്കു കയറി.
വാതിൽ അടച്ചിട്ട് ഉദ്വേഗത്തോടെ തിരക്കി:
''എന്താടീ ഈ സമയത്ത്?'


അപ്പുറത്തു നിന്ന് തേങ്ങലിന്റെ അകമ്പടിയോടെ മറുപടി കേട്ടു:
''നമ്മുടെ മോൻ എല്ലാ സത്യങ്ങളും അറിഞ്ഞു. അവന്റെ ജന്മരഹസ്യം ഉൾപ്പെടെ! എനിക്ക് എല്ലാം പറയേണ്ടിവന്നു എന്നതാണ് സത്യം. ഇപ്പോൾ അവൻ പറയുന്നു നേരിട്ട് അങ്ങയെ വന്നു കാണുമെന്ന്.'

സി.എമ്മിന്റെ തലച്ചോറിൽ ഒരു വെള്ളിടി വെട്ടി.
''നോ... അരുത്. നീ ഒരു കാര്യം ചെയ്യ്. ഞാൻ ഈ ആഴ്ച തന്നെ അങ്ങോട്ടു വന്ന് അവനെ നേരിൽ കാണാമെന്നു പറ.'
''അങ്ങ് ഇവിടെ വന്നാൽ... അത് ഒട്ടും ശരിയാവത്തില്ല. എന്റെ ഭർത്താവ്...'
ആ ശബ്ദം പകുതിക്ക് നിന്നു.

''എങ്കിൽ ഞാനൊന്നാലോചിക്കട്ടെ.
നേരം പുലരുമ്പോൾ ഒരു തീരുമാനത്തിൽ എത്തിയിട്ടു വിളിക്കാം.'

മറുപടിക്കു കാക്കാതെ വേലായുധൻ മാസ്റ്റർ കാൾ മുറിച്ചു. പിന്നെ വീണ്ടും തന്റെ ഗ്രൂപ്പിലെ നിയമസഭാ സാമാജികന്മാർക്ക് അരികിലേക്ക് പോയി.
മണിക്കൂറുകളോളം വീണ്ടും അവർ ചർച്ച തുടർന്നു.
പ്രഭാതം.
രാവിലെ എഴുന്നേറ്റ വാസുദേവൻ ചില തീരുമാനങ്ങളിൽ എത്തിയിരുന്നു.

പുതിയ പ്രസ്സ് വാങ്ങാനുള്ള സാമ്പത്തികമില്ല. എന്നാൽ പത്രം ഇറക്കാതിരിക്കുന്നതും ശരിയല്ല. അതിനാൽ തൽക്കാലം മറ്റെവിടെയെങ്കിലും പ്രിന്റ് ചെയ്യിക്കുകയാവാം.

വിജയയോടും അനൂപിനോടും അയാൾ അഭിപ്രായം ആരാഞ്ഞു. അവർക്കും സമ്മതം.
പക്ഷേ മാലിനി തടഞ്ഞു.

''ഇത്രയും കാലം പത്രം നടത്തി ഒരുപാട് ശത്രുക്കളെ സമ്പാദിച്ചതു പോരേ? വാസുവേട്ടൻ തിന്മയ്‌ക്കെതിരെ എത്ര പോരാടിയാലും യാതൊരു കാര്യവുമില്ല.'
വാസുദേവൻ, ഭാര്യയെ തുറിച്ചുനോക്കി.

മാലിനി തുടർന്നു:
''ഇവിടത്തെ മുടിഞ്ഞ രാഷ്ട്രീയക്കാരെ എന്ന് ജനം വിശ്വസിക്കാതിരിക്കുന്നുവോ അന്നേ നാട് നന്നാവൂ... രാഷ്ട്രീയക്കാർക്കു വേണ്ടി രക്തസാക്ഷികളെ സപ്‌ളൈ ചെയ്യില്ലെന്ന് ഓരോ പൗരനും ഉറപ്പിക്കണം.

ജയിച്ചു കഴിഞ്ഞാൽ ഇവനൊക്കെ സ്വന്തം കാര്യം മാത്രമേ നോക്കത്തൊള്ളെന്ന് അറിയണം. ബന്ധുക്കളെ ഉയർന്ന തസ്തികകളിൽ നിയമിച്ച് അവരുടെ കാര്യങ്ങൾ മാത്രം സുരക്ഷിതമാക്കുന്നു എന്ന തിരിച്ചറിവുണ്ടാകണം.'

വാസുദേവൻ മാത്രമല്ല, അനൂപും വിജയയും മാലിനിയെ തുറിച്ചുനോക്കി.
അവർ ആദ്യമായാണ് ഇങ്ങനെയൊക്കെ സംസാരിക്കുന്നത്...
മാലിനി പിന്നെയും പറഞ്ഞു :

''ജനങ്ങൾക്ക് ഒന്നും ചെയ്തു തരാത്ത പിടിവാശിക്കാരായ രാഷ്ട്രീയക്കാരെ ജനം പിന്തള്ളണം...'
മാലിനിയെ ബാക്കി പറയാൻ സമ്മതിച്ചില്ല വാസുദേവൻ. അയാൾ കൈ ഉയർത്തി:

''നീ പറഞ്ഞതൊക്കെ സത്യം തന്നെ... അങ്ങനെയൊരു മാറ്റം എന്നെങ്കിലും കേരളത്തിൽ ഉണ്ടാകുമെന്ന പ്രതീക്ഷയോടെയാണ് ഞാൻ പത്രം ഇറക്കുന്നത്. ജനങ്ങളുടെ ചേതനകളെ ഉദ്ദീപിപ്പിക്കാൻ. തിരിച്ചറിവിന്റെ പാതയിൽ സ്വയം തീരുമാനമെടുക്കാൻ അവരെ പ്രാപ്തരാക്കാൻ...... തലച്ചോറിനെ മൂടിയിരിക്കുന്ന പൂപ്പൽ ഇല്ലാതാക്കാൻ.'

ആ സംസാരം ഇഷ്ടപ്പെടാത്ത മട്ടിൽ മാലിനി വെട്ടിത്തിരിഞ്ഞു നടന്നു..
രണ്ടുദിവസങ്ങൾ കൂടി പിന്നിട്ടു. അടുത്ത ദിവസം പത്രം ഇറക്കുവാൻ തീരുമാനിച്ചു വാസുദേവൻ.
അപ്പോഴാണ് ലോവർ പെരിയാറ്റിൽ പഴുത്തളിഞ്ഞ ഒരു മൃതദേഹം കിട്ടിയ വിവരം അറിയുന്നത്.
അത് മനുശങ്കർ ആണെന്നും!

അയാൾ ആത്മഹത്യ ചെയ്തതാകാം എന്നായിരുന്നു പൊലീസിന്റെ നിഗമനം.
ഈ സമയത്തൊക്കെ എസ്.പി അരുണാചലം രൂപീകരിച്ച സ്‌പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം സ്പാനർ മൂസയെ തിരയുകയായിരുന്നു....
ഒരു സൂചന പോലും കിട്ടിയില്ല...

രാത്രി.....
കോഴഞ്ചേരിയിലെ ഒരു പ്രസ്സ് തിരഞ്ഞെടുത്തിരുന്നു വാസുദേവൻ. പത്രം അച്ചടിക്കുവാൻ പ്രസ് ഉടമയുമായി ആറുമാസത്തെ ധാരണയിൽ ഉടമ്പടിയുണ്ടാക്കി.
എല്ലാം കഴിഞ്ഞ് നാരങ്ങാനത്തുള്ള പ്രസ് ഉടമയുടെ വീട്ടിൽ നിന്നിറങ്ങുമ്പോൾ ഒൻപത് മണി.
മുത്തൂറ്റ് ഹോസ്പിറ്റൽ ജംഗ്ഷൻ കഴിഞ്ഞ് ആക്ടീവയിൽ വീട്ടിലേക്കു മടങ്ങുകയായിരുന്നു.

രാജസേനന്റെ ഭാഗത്തുനിന്ന് ഇനിയും പ്രതികാര നടപടികൾ ഉണ്ടാകുമെന്ന് അയാൾക്കറിയാം.
പൊയ്യാനിൽ ജംഗ്ഷനിലെത്തി വാസുദേവൻ. കോഴഞ്ചേരി ടൗൺ ഭാഗത്തു നിന്ന് ഒരു ലോറി ചീറിപ്പാഞ്ഞു വരുന്നതു കണ്ടു.
വാസുദേവൻ ആക്ടീവയുടെ വേഗത അല്പം കുറച്ചു.
ലോറി തൊട്ടു മുന്നിലെത്തി.

അടുത്ത നിമിഷം....
പിന്നിൽ നിന്നൊരു സ്പാനർ പറന്നുവന്നു. അത് കൃത്യം വാസുദേവന്റെ തലയ്ക്ക് പിന്നിൽ കൊണ്ടു....
''ആ...' വാസുദേവൻ ആക്ടീവയുമായി മുന്നിലേക്കു മറിഞ്ഞു.... (തുടരും)