biriyani

സന്തോഷത്തിന്റെ നിറപുഞ്ചിരി ശ്രോതാക്കൾക്കായി വാരി വിതറുന്നതാണ് ഒരു റേഡിയോ ജോക്കിയുടെ ജോലിയുടെ അടിസ്ഥാന സ്വഭാവം. എന്നാൽ വർഷങ്ങളായി തലസ്ഥാനത്തിന്റെ നാവായി ശ്രോതാക്കളിലേക്കെത്തുന്ന കിടിലം ഫിറോസ് ഫേസ്ബുക്കിലെഴുതിയ ഈ കുറിപ്പ് മനസിൽ നൊമ്പരത്തോടെ മാത്രമേ വായിക്കാനാവുകയുള്ളു. തിരുവനന്തപുരത്തെ മെഡിക്കൽ കോളേജിനടുത്തുള്ള കാൻസർ രോഗികൾക്ക് അഭയമായ സാന്ത്വനം സെന്ററിലെത്തിയപ്പോഴുണ്ടായ അനുഭവമാണ് അദ്ദേഹം കുറിക്കുന്നത്. നിർധനരായ കാൻസർ രോഗികളെ പൊന്നുപോലെ നോക്കുന്ന ഇവിടെ കീമോയുടെ തീവ്രതയിൽ വാടിപ്പോയ നൂറ്റിപ്പത്ത് പേരാണ് ഇപ്പോഴുള്ളത്. ഇവർക്ക് സൗജന്യ താമസവും, മൂന്നുനേരവും സൗജന്യ ഭക്ഷണവുമാണ് ഇവിടെ നിന്നും ലഭിക്കുന്നത്. ഇവിടത്തെ അന്തേവാസികളോട് എന്താണ് ആഗ്രഹമെന്ന് തിരക്കിയപ്പോൾ ബിരിയാണി കഴിച്ചിട്ട് ഒത്തിരി നാളായി എന്ന മറുപടിയാണ് ലഭിച്ചത്. ഒടുവിൽ സ്‌നേഹം കൊണ്ട് ബിരിയാണി വിളമ്പിയപ്പോൾ അവർ മനസ് നിറഞ്ഞ് കഴിച്ചത് കണ്ട അനുഭവമാണ് പങ്ക് വയ്ച്ചിരിക്കുന്നത്. സാന്ത്വനത്തിലെ അന്തേവാസികൾക്ക് അവരുടെ ആഗ്രഹം സാധിക്കുവാൻ തന്നെ സഹായിച്ച മനീഷ് നാരായണനെന്ന സുഹൃത്തിന് ഫിറോസ് നന്ദി പറഞ്ഞാണ് ഫെയ്സ്ബുക്ക് പോസ്റ്റിൽ കുറിപ്പെഴുതിയിരിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിൻെറ പൂർണരൂപം

അധികം ആരും അറിയിട്ടില്ലാത്ത ഒരു നന്മയിടം !
അതാണ് തിരുവനന്തപുരം ജില്ലയിലെ മെഡിക്കൽ കോളേജിനടുത്തുള്ള സാന്ത്വനം എന്ന സെന്റർ .
തീരെ നിർധനരായ കാൻസർ രോഗികളെ പൊന്നുപോലെ നോക്കുന്ന ഇടം .സൗജന്യ താമസവും ,മൂന്നുനേരവും സൗജന്യ ഭക്ഷണവുമാണ് കാൻസർ രോഗികൾക്ക് !!
ഇനിയും എവിടെയൊക്കെ എത്തിച്ചേരണം എന്ന ചിന്ത അലട്ടിയപ്പോൾ അന്വേഷിച്ചു കണ്ടെത്തിയ സ്ഥലമാണ് .ചെന്നുകണ്ടപ്പോൾ കണ്ണു നനഞ്ഞുപോയി !കീമോയുടെ തീവ്രതയിൽ വാടിപ്പോയ 110 മനുഷ്യ ജന്മങ്ങൾ .എന്താണ് കഴിക്കാൻ ആഗ്രഹം എന്നു ചോദിച്ചപ്പോൾ ബിരിയാണി കഴിച്ചിട്ട് ഒത്തിരി ആയിന്നു പറഞ്ഞു . ഏറ്റവും പ്രിയപ്പെട്ട ഫേസ് ബുക് സുഹൃത്ത് @maneesh narayan മനസ്സറിഞ്ഞു സഹായിച്ചതിനാൽ ബിരിയാണി സ്നേഹം കൊണ്ടുണ്ടാക്കി നൽകി ! അവർ മനസ്സ് നിറഞ്ഞു കഴിച്ചു ! ഒരുപാട് നന്ദി പ്രിയപ്പെട്ടവരേ ... ഒപ്പം നിൽക്കുന്നതിന് !! മനീഷിനും കുടുംബത്തിനും നൂറുകോടി പുണ്യം കിട്ടട്ടെ !!

ഈ വീഡിയോ എല്ലാവരും ഷെയർ ചെയ്യാമോ ? ഈ നന്മ വിരിഞ്ഞ കാൻസർ സെന്ററിനെപ്പറ്റി ലോകം മുഴുവൻ അറിയട്ടെ ! അതുവഴി മുടങ്ങാതെ ഭക്ഷണവും എത്തട്ടെ !