ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്റെ കർഷകദ്രോഹ നയങ്ങൾക്കെതിരെ രാജ്യ തലസ്ഥാനത്തെത്തിയ ഒരു ലക്ഷത്തിലധികം കർഷകർ രാംലീല മൈതാനത്തു നിന്ന് പാർലമെന്റിലേക്ക് മാർച്ച് തുടങ്ങി. അഖിലേന്ത്യ കിസാൻ സഭയുടെ നേതൃത്വത്തിൽ നടക്കുന്ന മാർച്ചിൽ പങ്കെടുക്കാൻ കർഷകർ പദയാത്രയായി ഇന്നലെത്തന്നെ രാംലീല മൈതാനത്തിൽ എത്തിയിരുന്നു. തമിഴ്നാട്ടിലെ ഒരു കൂട്ടം കർഷകർ തങ്ങളുടെ സഹപ്രവർത്തകരുടെ ആത്മഹത്യയെ പ്രതിഫലിപ്പിക്കുന്നതിനായി തലയും എല്ലും കയറുമായാണ് സമരത്തിനായെത്തിയത്. പ്രക്ഷോഭത്തിന് പിന്തുണയുമായി പ്രമുഖ പ്രതിപക്ഷ നേതാക്കളും ഇന്ന് വേദിയിലെത്തും. കേന്ദ്ര സർക്കാരിന്റെ കാർഷിക വിരുദ്ധ നയങ്ങൾ തുറന്നുകാട്ടുന്നതിന്റെ ഭാഗമായാണ് രണ്ടുദിവസത്തെ കർഷകറാലി. കാർഷികകടങ്ങൾ എഴുതിത്തള്ളുക, വിളകൾക്ക് ന്യായവില ഏർപ്പെടുത്തുക, മാസം 5,000 രൂപ പെൻഷൻ നൽകുക എന്നിവയാണ് കർഷകരുടെ പ്രധാന ആവശ്യങ്ങൾ.
'ഞങ്ങൾക്ക് അയോദ്ധ്യയല്ല വേണ്ടത്,കടങ്ങൾ എഴുതി തള്ളുകയാണ് വേണ്ടത് എന്ന പ്ലക്കാർഡുകളും സമരത്തിലുണ്ട്. 207 കർഷക സംഘടനകളുടെ കൂട്ടായ്മയാണ് കിസാൻ കോ-ഓർഡിനേഷൻ സമിതി. ഡൽഹിയിലെ നിസാമുദീൻ, ബിജ്വാസൻ, സബ്ജി മണ്ഡി, ആനന്ദ് വിഹാർ എന്നിവിടങ്ങളിൽ നിന്നാണ് പദയാത്രകൾ എത്തിയത്. സി.പി.എം കർഷകസംഘടനയായ അഖിലേന്ത്യാ കിസാൻസഭ, യോഗേന്ദ്ര യാദവിന്റെ സ്വരാജ് ഇന്ത്യ എന്നിവയാണ് റാലിക്ക് നേതൃത്വം നൽകുന്ന പ്രധാന കർഷക സംഘടനകൾ. പത്രപ്രവർത്തകൻ പി. സായ്നാഥ് ഉൾപ്പെടെയുള്ളവർ മാർച്ചിൽ പങ്കെടുക്കും. ആയിരത്തിലേറെ പൊലീസുകാരെയാണ് സുരക്ഷാച്ചുമതലയ്ക്കായി ഡൽഹിയിൽ നിയമിച്ചിട്ടുള്ളത്.