ബോളിവുഡ് ഹോട്ട് താരം രാഖി സാവന്ത് വിവാഹിതയാകുന്നു. താരം തന്നെയാണ് ഈ വിവരം ട്വിറ്ററിലൂടെ പുറത്തുവിട്ടത്. വരുന്ന ഡിസംബർ 31ന് ലോസ് ആഞ്ചൽസിൽ വച്ചാണ് രാഖിയുടെ വിവാഹം. കോമഡി വീഡിയോകളിലൂടെ ഇന്റർനെറ്റ് സെൻസേഷനായ ദീപക് കലാൽ ആണ് രാഖിയുടെ വരൻ. പല കാര്യങ്ങളിലും വ്യത്യസ്തമായ നിലപാടെടുക്കുന്ന രാഖി വിവാഹക്കാര്യത്തിലും അത് തുടരുന്നുണ്ട്. വരനും വധുവും വിർജിനാണെന്ന സർട്ടിഫിക്കറ്റ് കൂടി ഉൾപ്പെടുത്തിയാണ് രാഖിയും ദീപകും വിവാഹ ക്ഷണക്കത്ത് പങ്കുവച്ചിരിക്കുന്നത്. വിവാഹത്തിന് മുൻപ് തങ്ങൾ ഇരുവരും ഡോക്ടറെ കണ്ടിരുന്നുവെന്നും വിർജിൻ ആണെന്ന് ഡോക്ടർ അറിയിച്ചെന്നും പറഞ്ഞാണ് ദീപക് സർട്ടിഫിക്കറ്റുകൾ പങ്കുവച്ചിരിക്കുന്നത്. ഇതിനെല്ലാം പുറമേ ദീപകിന്റെ കാമുകിമാരെന്ന് അവകാശപ്പെടുന്ന ചിലരുടെ വീഡിയോകളും രാഖി പങ്കുവച്ചിട്ടുണ്ട്. തങ്ങളെ വിവാഹം കഴിക്കാമെന്ന് ദീപക് നൽകിയ ഉറപ്പു മറന്നാണ് അയാൾ രാഖിയെ വിവാഹം ചെയ്യാൻ പോകുന്നതെന്നാണ് കാമുകിമാരുടെ വീഡിയോ. അതിനും രാഖി കൃത്യമായ മറുപടി നൽകുന്നുണ്ട്. കഴിഞ്ഞത് കഴിഞ്ഞു, അതെല്ലാം വെറും തമാശയായി കരുതണം എന്നാണ് താരത്തിന്റെ മറുപടി. തങ്ങൾക്ക് വിവാഹാശംസകൾ നേർന്നു കൊണ്ടുള്ള സുഹൃത്തുക്കളുടെ വീഡിയോകളും ലോസ് ആഞ്ചൽസിൽ നിന്നും ദീപകിന്റെ മാതാപിതാക്കളുടെ ആശംസകളും ഇരുവരും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിട്ടുണ്ട്. ഒരു വിവാഹ റിയാലിറ്റി ഷോ നടത്തി വരനെ തിരഞ്ഞെടുത്ത താരമാണ് രാഖി. എന്നാൽ, പിന്നീട് അയാളെ വിവാഹം കഴിക്കാൻ കഴിയില്ലെന്നു പറഞ്ഞ് താരം പിൻമാറിയിരുന്നു. ഇക്കുറിയും അത്തരമൊരു പ്രചരണ തന്ത്രമാണോ രാഖിയുടേതെന്നാണ് ആരാധകർ ചോദിക്കുന്നത്.