ന്യൂഡൽഹി: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കർഷകർ പാർലമെന്റിലേക്ക് നടത്തുന്ന മാർച്ചിൽ നഗ്നരായി മാർച്ച് ചെയ്യുമെന്ന് കർഷകരുടെ ഭീഷണി. തങ്ങളുടെ സഹപ്രവർത്തകരുടെ ആത്മഹത്യയെ സൂചിപ്പിക്കുന്ന തലയോട്ടിയുമേന്തിയാണ് ഇവർ റാലിയിലെത്തിയത്. ഒരു ലക്ഷത്തോളം കർഷകരാണ് പാർലമെന്റിലേക്കുള്ള മാർച്ചിൽ അണിചേർന്നത്. തമിഴ്നാട്ടിൽ നിന്ന് ആയിരത്തോളം കർഷകരാണ് ഡൽഹിയിലെത്തിയത്. അനിഷ്ടസംഭവങ്ങൾ ഒഴിവാക്കാൻ കനത്ത സുരക്ഷാവലയമാണ് ഡൽഹി പൊലീസ് ഒരുക്കിയത്.
ഉത്‌പന്നങ്ങളുടെ താങ്ങുവില ഉത്‌പാദനചിലവിന്റെ അമ്പതുശതമാനത്തിന് മുകളിലാക്കുക, വരൾച്ചാ ദുരിതാശ്വാസം നൽകുക, കാർഷികവായ്‌പ പൂർണമായി എഴുതിത്തള്ളുക, സ്വാമിനാഥൻ കമ്മീഷൻ റിപ്പോർട്ട് നടപ്പാക്കുക, കാടിന്റെ അവകാശം ആദിവാസികൾക്ക് നൽകുക എന്നീ ആവശ്യങ്ങളാണ് മാർച്ചിൽ കർഷകർ ഉന്നയിക്കുന്നത്. കിസാൻസഭ ദേശീയ പ്രസിഡന്റ് അശോക് ധാവ്ളെ, ജോയന്റ് സെക്രട്ടറി വിജു കൃഷ്ണൻ, ഫിനാൻസ് സെക്രട്ടറി പി. കൃഷ്ണപ്രസാദ്, സ്വരാജ് ഇന്ത്യ നേതാവ് യോഗേന്ദ്ര യാദവ്, സാമൂഹിക പ്രവർത്തകരായ മേധാ പട്കർ, അരുണ റോയ് തുടങ്ങിയവർ വിവിധ പദയാത്രകൾക്ക് നേതൃത്വം നല്‍കി.