deepa-nisanth

തിരുവനന്തപുരം: സോഷ്യൽ മീഡിയയിലെ തുറന്നെഴുത്തുകളിലൂടെ പ്രശസ്‌തയായ അദ്ധ്യാപികയും എഴുത്തുകാരിയുമായ ദീപാ നിശാന്തിനെതിരെ ഉയർന്ന പുതിയ ആരോപണമാണ് ഇപ്പോൾ എല്ലാവരുടെയും ചർച്ചാ വിഷയം. ഒരു അദ്ധ്യാപിക സംഘടന പുറത്തിറക്കുന്ന ജേർണലിൽ പ്രസിദ്ധീകരിച്ച കവിത കലേഷ് എന്ന വ്യക്തി വർഷങ്ങൾക്ക് മുമ്പ് എഴുതിയതാണെന്നും ഒരു മലയാള വാരികയിൽ പ്രസിദ്ധീകരിച്ചതെന്നുമാണ് ആരോപണം. കലേഷിന്റെ കവിത വള്ളിപുള്ളി തെറ്റാതെ ദീപ ടീച്ചർ കോപ്പിയടിച്ചുവെന്നാണ് ആരോപണങ്ങളുടെ സാരം. എന്നാൽ ഈ ആരോപണം എത്രത്തോളം സത്യമാണെന്ന് പരിശോധിക്കാം.

കലേഷിന്റെ ആരോപണം

2011 മാർച്ച് നാലിനാണ് അങ്ങനെയിരിക്കെ മരിച്ചു പോയി ഞാൻ / നീ എന്ന കവിത എഴുതിതീർത്ത് ബ്ലോഗിൽ പോസ്റ്റ് ചെയ്യുന്നത്. അന്നത് മികച്ച പ്രതികരണം ഉണ്ടാക്കിയെന്നോർക്കുന്നു. ആ കവിതയിലൂടെ എന്റെ കവിതയ്ക്ക് അനേകം പുതിയ സുഹൃത്തുക്കളെ കിട്ടി. പിന്നീടത് മാധ്യമം ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ചു. അതുവായിച്ച് ഇഷ്ടപ്പെട്ട ഏ.ജെ തോമസിന്റെ Alaichanickal Joseph Thomasഅഭിപ്രായപ്രകാരം സി. എസ്. വെങ്കിടേശ്വരൻ Venkit Eswaran കവിത ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്ത് ഇന്ത്യൻ ലിറ്ററേച്ചറിൽ പ്രസിദ്ധീകരിച്ചു. 2015-ൽ ഇറങ്ങിയ ശബ്ദമഹാസമുദ്രത്തിൽ ആ കവിത ഉൾപ്പെട്ടു. ഇന്നലെ അതേ കവിത മറ്റൊരു വ്യക്തിയുടെ പേരിൽ വരികൾ ചിലയിടത്ത് അതേപടിയും, മറ്റു ചിലയിടത്ത് വികലമാക്കിയും പ്രസിദ്ധീകരിച്ചതിന്റെ പകർപ്പ് ചില സുഹൃത്തുക്കൾ അയച്ചു തന്നു. AKPCTA യുടെ ജേർണലിലാണ് കവിത അച്ചടിച്ചുവന്നത്. വിഷമം തോന്നി. അല്ലാതെന്ത് തോന്നാൻ!

ദീപാ നിശാന്തിന്റെ വിശദീകരണം

കവിത മോഷ്ടിച്ചവൾ എന്നൊരു തസ്തിക കൂടി ഇന്ന് പുതുതായി ലഭിച്ചിട്ടുണ്ട്. എസ് കലേഷ് മുൻപെഴുതിയ ഒരു കവിത ഞാൻ മോഷ്ടിച്ച് പ്രസിദ്ധീകരിച്ചു എന്നാണ് ഒരുപാട് പേർ ആർത്തുവിളിക്കുന്നത്. കിട്ടിയ സന്ദർഭം മുതലാക്കി മുൻപു മുതലേ എന്റെ നിലപാടുകളിൽ അമർഷമുള്ളവരും ആഘോഷം തുടങ്ങിയിട്ടുണ്ട്. അവസരം മുതലാക്കി ആർപ്പുവിളിക്കുന്നവരോട് ഒന്നേ പറയാനുള്ളൂ. ഒരു സർവ്വീസ് മാസികയുടെ താളിൽ ഒരു കവിത മോഷ്ടിച്ചു നൽകി എഴുത്തുകാരിയാകാൻ മോഹിക്കുന്ന ഒരാളാണ് ഞാനെന്ന് വിശ്വസിക്കുന്നവർ അങ്ങനെ വിശ്വസിക്കുക. തെളിവുകളാണല്ലോ സുപ്രധാനം. ചില എഴുത്തുകൾക്കു പുറകിലെ വൈകാരികപരിസരങ്ങളെ നമുക്ക് അക്കമിട്ട് നിരത്തി തെളിയിക്കാനാകില്ല.

കവിത എന്റെ സ്ഥിരം തട്ടകമേയല്ല. കവിതയിലല്ല ദീപാനിശാന്ത് എന്ന പേര് ഇന്ന് ആരും അറിയുന്നതും. ഒരു സർവ്വീസ് പ്രസിദ്ധീകരണത്തിനായി സ്വന്തം ആധികാരികത മുഴുവൻ ചോദ്യം ചെയ്യുന്ന ഒരു പ്രവൃത്തി ഞാൻ ചെയ്യും എന്നു കരുതുന്നുണ്ടെങ്കിൽ അങ്ങനെ തന്നെ മുന്നോട്ട് പോകുക. ഞാനിതിൽ വീണുപോകും എന്ന് ആരും മോഹിക്കേണ്ടതില്ല. കഴിഞ്ഞ കുറേക്കാലമായി പരിഹാസങ്ങൾക്കും അപവാദങ്ങൾക്കും മധ്യേയാണ് എന്റെ ജീവിതം കടന്നു പോയത്. ഇതും അതിലൊരധ്യായം എന്നേ കരുതുന്നുള്ളൂ. എന്റെ സർഗാത്മക ജീവിതവും രാഷ്ട്രീയ ജീവിതവുമെല്ലാം ശിരസ്സുയർത്തിപ്പിടിച്ചു തന്നെ ഇനിയും തുടരും. എന്റേതല്ലാത്ത ഒരു വരിയും ഇന്നുവരെ എന്റേതെന്ന് അവകാശപ്പെടാതിരുന്നിട്ടും എനിക്ക് ഇന്ന് സംഭവിച്ച ദുഃഖത്തിൽ ഒപ്പം നിൽക്കുന്ന എല്ലാവരോടും നന്ദിയുണ്ട്. ഇക്കാര്യത്തിൽ എന്റെ ആദ്യത്തെയും അവസാനത്തെയും വിശദീകരണമാണിത്. ഇതിൽ കൂടുതലായി ഒന്നും പറയാനില്ല. ചില അനുഭവങ്ങൾ ഇങ്ങനെയും ബാക്കിയുണ്ടാവും എന്നു മാത്രം കരുതുന്നു.

ഇതേക്കുറിച്ച് മാദ്ധ്യമ പ്രവർത്തകനായ കെ.പി.റഷീദ് പറയുന്നു

എസ് കലേഷിന്റെ കവിത അല്ലറ ചില്ലറ മാറ്റങ്ങളോടെ ദീപ നിഷാന്ത് എ കെ പി സി ടി എ മുഖമാസികയില്‍ പ്രസിദ്ധീകരിച്ച വാര്‍ത്തയും അതിനെക്കുറിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റുകളും ആദ്യം കണ്ടപ്പോള്‍ ഒരഭിപ്രായവും പറയാന്‍ തോന്നിയിരുന്നില്ല. വാര്‍ത്തകളില്‍ കാണുന്നതിനപ്പുറം മറ്റെന്തെങ്കിലും ഉണ്ടാവുമോ എന്നൊരു സന്ദേഹമായിരുന്നു. ഫേസ് ബുക്കില്‍ പതിവുള്ള ഒരു കുറ്റവിചാരണ, വേട്ടയാടല്‍ കലാപരിപാടി ആയി ഇത് മാറുമോ എന്നും തോന്നി. ആരോപണ വിധേയയായ ദീപ അവര്‍ക്ക് പറയാനുള്ളത് പറയട്ടെ എന്ന് കാത്തിരുന്നു.

ഇപ്പോള്‍ കണ്ടു അവരുടെ ഫേസ് ബുക്കിലെയും പോര്‍ട്ടലുകളിലെയും പ്രതികരണങ്ങള്‍. അതിലെ ചില വരികള്‍ ഇതാ:

'കവിത എന്റെ സ്ഥിരം തട്ടകമേയല്ല. കവിതയിലല്ല ദീപാനിശാന്ത് എന്ന പേര് ഇന്ന് ആരും അറിയുന്നതും'

'ഒരു സര്‍വ്വീസ് പ്രസിദ്ധീകരണത്തിനായി സ്വന്തം ആധികാരികത മുഴുവന്‍ ചോദ്യം ചെയ്യുന്ന ഒരു പ്രവൃത്തി ഞാന്‍ ചെയ്യും എന്നു കരുതുന്നുണ്ടെങ്കില്‍ അങ്ങനെ തന്നെ മുന്നോട്ട് പോകുക.'

'ഇക്കാര്യത്തില്‍ എന്റെ ആദ്യത്തെയും അവസാനത്തെയും വിശദീകരണമാണിത്.'

'കലേഷിനെപ്പോലുള്ള ഒരാളുടെ കവിത മോഷ്ടിക്കേണ്ടതില്ല എന്നുതന്നെയാണ് അപ്പോഴത്തേയും ഇപ്പോഴത്തെയും വിശ്വാസം'

'ഇനിയിപ്പോള്‍ കവിതാരംഗത്തേക്ക് പ്രവേശിച്ച് മലയാളത്തിലെ കവിയത്രിപ്പട്ടം നേടാനും കൂടി ഞാന്‍ ഉദ്ദേശിക്കുന്നില്ല''

തീര്‍ന്നില്ല അവരതില്‍ ഉറപ്പിച്ചു പറയുന്നു, ആ കവിത അവരുടേതാണെന്ന്. അവര്‍ ആ കവിത പണ്ടേ എഴുതിയതാണ് എന്ന്. അത് കലേഷാണ് പകര്‍ത്തിയത് എന്ന്. ചുരുക്കത്തില്‍, അവര്‍ സ്വയം നിരപരാധിയായി ചിത്രീകരിക്കുന്നു. കലേഷിനെ കള്ളനാക്കുന്നു.

അതത്രയും കണ്ടപ്പോള്‍ ഇനി മിണ്ടാതിരിക്കുന്നത് ശരിയല്ല എന്ന് തോന്നുന്നു.

ആരോപണങ്ങളോട് ദീപ നിഷാന്തിന്റെ മറുപടി ഇതാണെങ്കില്‍ ആ പറയുന്നത് അവര്‍ തെളിയിക്കണം. നിര്‍ബന്ധമായും തെളിവു വേണം. എന്നാല്‍ ഒരു തെളിവും അവര്‍ ഹാജരാക്കുന്നില്ല. വ്യക്തമായ ഒരു മറുപടിയുമില്ല. മോഷണം നടന്നോ ഇല്ലയോ എന്നു തെളിച്ചുപറയുന്നതിനു പകരം കാടകച്ചുള്ള മറുപടി. തെളിവൊന്നും കൈായിലില്ല എന്നാണ് നിസ്സഹായയുടെ ഭാവത്തോടെ അവര്‍ പറയുന്നത്. ആ നിസ്സഹായത മുഖവിലയ്ക്ക് എടുക്കുമ്പോള്‍ രണ്ട് കാര്യം വ്യക്തമാവുന്നു. ഒന്ന്, ആ കവിത താനാണ് ആദ്യം എഴുതിയത് എന്നതിന് അവരുടെ കൈയില്‍ തെളിവില്ല. രണ്ട് തന്റെ കവിത കലേഷ് മോഷ്ടിച്ചു എന്നതിനും തെളിവില്ല.

തെളിവില്ലാത്ത സ്ഥിതിക്ക് അവര്‍ എന്താണ് തുടര്‍ന്ന് പറയേണ്ടത്. കാര്യങ്ങള്‍ ഇങ്ങനെയാണ്. ഞാന്‍ നിസ്സഹായയാണ്. എനിക്കിത് തെളിയിക്കാന്‍ പറ്റില്ല എന്നു തന്നെ.

എന്നാല്‍, പകരം എന്താണ് അവര്‍ പ്രതികരണക്കുറിപ്പിലും ഒരു പോര്‍ട്ടലിന് നല്‍കിയ മറുപടിയിലും പറയുന്നത്?

തെളിവില്ലെങ്കിലും അത് താനെഴുതിയ കവിതയാണ് എന്ന്. ആ കവിത കലേഷ് മോഷ്ടിച്ചതാണ് എന്ന്.

ഒരു തെളിവുമില്ലാതെ എങ്ങനെ ഇത്രയും പറയാനാവും? ഇനി അങ്ങനെ പറഞ്ഞാല്‍, എന്താണ് അതിനെ വിളിക്കുക?

നോക്കൂ, തെളിവില്ലാത്ത ഒരു അവകാശ വാദം മാത്രമാണത്. ഒപ്പം മലയാളത്തില്‍ വ്യത്യസ്തമായ കവിത എഴുതുന്ന മികച്ചൊരു കവിക്കെതിരെ ഒരു തെളിവും മുന്നില്‍ വെക്കാതെ ആരോപണം ഉന്നയിക്കുക കൂടിയാണ്. സ്വയം പ്രതിരോധിക്കാന്‍ തെളിവില്ലാതെ അവര്‍ക്ക് അവകാശവാദമാവാം. പക്ഷേ, തെളിവില്ലാതെ മറ്റൊരാള്‍ക്കെതിരെ ഗുരുതരമായ ആരോപണം ഉന്നയിക്കാന്‍ അവര്‍ക്ക് എന്താണ് അവകാശം?

ഇത് ദീപയുടെ കാര്യം. ഇനി കലേഷിന്റെ കാര്യം നോക്കൂ.

കലേഷ് പറയുന്നത് തെളിവ് മുന്നില്‍ വെച്ചാണ്. 2011ല്‍ ബ്ലോഗില്‍ പ്രസിദ്ധീകരിച്ചതാണ് അത്. അന്നത് ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. പിന്നെയത് മാധ്യമം ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചു. അതിനു ശേഷം ഇന്ത്യന്‍ ലിറ്ററേച്ചര്‍ അതിന്റെ വിവര്‍ത്തനം പ്രസിദ്ധീകരിച്ചു. 2015-ല്‍ ഇറങ്ങിയ കലേഷിഋന്റെ കവിതാ സമാഹാരമായ 'ശബ്ദമഹാസമുദ്ര'ത്തില്‍ ആ കവിത ഉള്‍പ്പെട്ടു.

ഇതെല്ലാം തെളിവുകളാണ്. ഒപ്പം, ബ്ലോഗ് കാലത്ത് കവിതയിലെ പുതുസ്വരങ്ങള്‍ അറിയാന്‍ ബ്ലോഗ് തോറും നടന്ന വായനക്കാരും അതിനുള്ള തെളിവ് തന്നെയാണ്.

2011 മാര്‍ച്ച് നാല് വെള്ളിയാഴ്ച പുലര്‍ച്ചെ 2.42നാണ് 'വൈകുന്നേരമാണ്' എന്നു പേരിട്ട സ്വന്തം ബ്ലോഗില്‍ ആ കവിത കലേഷ് പ്രസിദ്ധീകരിക്കുന്നത്. 'ലവ് ഇന്‍ ദ ടൈം ഓഫ് കോളറയുടെയും അപ്പാര്‍ട്ട് ടുഗെദര്‍ എന്ന സിനിമയുടെയും വിദൂരപ്രതലങ്ങള്‍ ഓര്‍ക്കുന്നു' എന്ന അടിക്കുറിപ്പോടെയായിരുന്നു ആ കവിത. അതായത്, ആ കവിത എഴുതാനുണ്ടായ പ്രചോദനം വ്യക്തമായി കലേഷ് എഴുതുന്നു.

അന്നാ കവിത ഏറെ വായിക്കപ്പെട്ടതായി വ്യക്തിപരമായി ഓര്‍മ്മയുണ്ട്. ചര്‍ച്ച ആയത് ഓര്‍മ്മയുണ്ട്. സ്മിത മീനാക്ഷി എന്ന സുഹൃത്ത് ആ കവിതയ്‌ക്കൊരു മറുപടി കവിത എഴുതിയത് ഓര്‍മ്മയുണ്ട്. ആ കവിത കലേഷിന്റെ കവിതയുടെ മോഷണമെന്ന് പറഞ്ഞ് രണ്ട് മൂന്ന് പേര്‍ കമന്റുകളിട്ടതും ബഹളം ഉണ്ടായതും ഓര്‍മ്മയുണ്ട്. രണ്ടും വ്യത്യസ്തമായ രണ്ടു കവിതകളെന്നും കലേഷിന്റെ കവിതയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടുള്ളതാണ് സ്മിതയുടെ കവിതയെന്നും നിരവധി പേര്‍ അഭിപ്രായപ്പെട്ടതും ഓര്‍മ്മയുണ്ട്. കലേഷ് അന്ന് വളരെ മാന്യമായ നിലപാട് ആ കവിതയോട് എടുത്തതും ഓര്‍ക്കുന്നു. പിന്നെ കലേഷിന്റെ കവിത മാധ്യമം ആഴ്ചപ്പതിപ്പില്‍ വന്നു. പിന്നെയുമത് ചര്‍ച്ചയായി. ഓര്‍മ്മയിലത് നിന്നു.

അത് മാത്രമല്ല കലേഷിന്റെ മറ്റ് അനേകം കവിതകളും ഉള്ളിലുണ്ട്. മലയാളത്തിന്റെ പുതുകവിതകളില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടവ. വായിക്കപ്പെട്ടവ. ചര്‍ച്ച ചെയ്യപ്പെട്ടവ. കവിതയെ ഇഷ്ടപ്പെടുന്ന, സീരിയസായി കവിത വായിക്കുന്ന ആളുകളുടെ ഉള്ളിലെല്ലാം അതുണ്ടാവണം. സ്വന്തം കവിതയ്ക്ക് ഒരു വേലി കെട്ടി അതില്‍ നില്‍ക്കുകയല്ല കലേഷ്. അയാള്‍ നിരന്തരം പരിഷ്‌കരിക്കുന്ന ഒരാളാണ്. ഭാവുകത്വം സ്വയം നവീകരിക്കാന്‍ പണിയെടുക്കുന്ന ഒരു കവി. 'കവിത' എന്ന് ഒരു സംശയവുമില്ലാതെ വിളിക്കാന്‍ നെഞ്ചുറപ്പുള്ള, ശക്തമായ കവിതകള്‍ ആ സമാഹാരത്തില്‍ എത്രയാണ്.

ഇതാണ് വസ്തുതതകള്‍. വ്യക്തിപരതയ്ക്കകത്തും പുറത്തും ആ കവിതയും കലേഷ് എന്ന കവിയും എങ്ങനെ നിലനില്‍ക്കുന്നു എന്ന വസ്തുത. എന്നിട്ടും എങ്ങനെയാണ് കലേഷിനെതിരെ ഇത്ര നീചമായ ആരോപണം ഒരു തെളിവുമില്ലാതെ ഉന്നയിക്കാന്‍ കഴിയുന്നത്? അയാളെ വായിക്കുന്ന, അയാളുടെ കവിതകള്‍ കാലങ്ങളായി അറിയുന്നവരുടെ മുന്നില്‍വന്ന് നട്ടാല്‍മുളക്കാത്ത മോഷണക്കുറ്റം ചുമ്മാ ഉന്നയിക്കാന്‍ കഴിയുന്നത്?

നിങ്ങള്‍ മോഷ്ടിച്ചില്ലെന്ന് തെളിവുകളില്ലാതെ നിങ്ങള്‍ പറഞ്ഞോളൂ. പക്ഷേ കവിതയെഴുതി ജീവിക്കുന്ന ഒരു എഴുത്ുകാരനെ നോക്കി ഒരു തെളിവുമില്ലാത്ത അതിവൈകാരിക ഡയലോഗുകളുമായി വന്ന് മോഷ്ടാവെന്ന് വിളിക്കരുത്. അത് ആ കവിതയെയോ കവിയെയോ മാത്രം അപമാനിക്കുന്നതല്ല. അയാളെ വായിക്കുന്ന, അയാളുടെ കവിത വായിക്കുന്ന, അത്തരം കവിതകളെയും കവികളെയും വായിക്കുന്ന വായനക്കാരുടെ ഒരു സമൂഹത്തെ തന്നെ അപമാനിക്കലാണ്.

നിങ്ങള്‍ മോഷ്ടിച്ചാലും ഇല്ലെങ്കിലും എനിക്കൊന്നുമില്ല. നിങ്ങളെഴുതിയത് വായിക്കപ്പെട്ടാലും ഇല്ലെങ്കിലും. പക്ഷേ പിടിക്കപ്പെട്ടുവെന്ന് ആള്‍ക്കൂട്ടം ആര്‍ത്തലയ്ക്കുമ്പോള്‍ അതിനെ സത്യസന്ധമായി നേരിടാതെ ഒരു തെളിവും മുന്നോട്ട് വെക്കാതെ വാദിയെ പ്രതിയാക്കുന്ന ഈ കലാപരിപാടി വകവെച്ചു തരാന്‍ സൗകര്യമില്ല.

അന്തസ്സുണ്ടെങ്കില്‍ നിങ്ങള്‍ മാപ്പു പറയുകയാണ് വേണ്ടത്. കലേഷിനെ ഇനിയെങ്കിലും കവി എന്ന നിലയില്‍ വായിച്ചറിയാന്‍ ശ്രമിക്കുകയാണ് വേണ്ടത്. അതിനുള്ള ആര്‍ജ്ജവം നിങ്ങള്‍ക്ക് തരാന്‍ ഭൂതകാലക്കുളിരുകളില്‍ മാത്രം കാലുറപ്പിച്ച് സാഹിത്യാഭിരുചിയുടെ ബോര്‍ഡും വെച്ച് നടക്കുന്ന അനുവാചകവൃന്ദത്തിനു കഴിയട്ടെ എന്ന മാത്രം ആഗ്രഹിക്കുന്നു

ദീപാ നിശാന്ത് മാപ്പ് പറയണം, (അദ്ധ്യാപിക ലിഖിത ദാസ് ഫേസ്ബുക്കിൽ കുറിച്ചത്)

ദീപടീച്ചറെ വായിച്ചിട്ടുണ്ട്.വ്യക്തിപരമായും സാഹിത്യപരമായും രാഷ്ട്രീയപരമായും അവരുടെ തിരഞ്ഞെടുപ്പുകളോട് ഐക്യപ്പെടാറുമുണ്ട്.
കഴിഞ്ഞ ദിവസം ലികേഷേട്ടന്റെ പോസ്റ്റിൽ നിന്നാണ് ദീപടീച്ചർ കലേഷിന്റെ കവിത തന്റേതെന്ന് പറഞ്ഞു പ്രസിദ്ധീകരിച്ചത് തെളിവു സഹിതം കണ്ടത്.
വലിയൊരു കവിതയിലെ രണ്ടോ മൂന്നോ വരിയിലെ മാറ്റമൊഴിച്ച് കവിത വൃത്തിയായി പകർത്തി വച്ചിരുന്നു. അതിനെ ഒരു മറുപടിക്കവിതയായി കാണാനും കഴിയുന്നില്ല.
ദീപടീച്ചർ കവിതയെഴുതിക്കണ്ടിട്ടില്ലാത്തതുകൊണ്ട് അത് അവരുടെ കവിതയാണ് എന്ന് പറയാനുള്ള ഇടമില്ല.2011 ൽ കലേഷ് എഴുതിയ ആ കവിത സ്വന്തം പേരിൽ സ്വന്തം ഫോട്ടൊ വച്ച് ഒരു പ്രസിദ്ധീകരണത്തിൽ അച്ചടിയ്ക്കാൻ നൽകിയതിന് ടീച്ചർ മാപ്പ് പറയുക തന്നെ വേണം.

എഴുത്തുകാർക്ക് പൊതുജനങ്ങളോട് ബാധ്യതയുണ്ട്.ചെറിയ തോതിലെങ്കിലും എഴുതുന്ന ആളെന്ന നിലയിൽ ഒരു സൃഷ്ടി ജനിക്കുന്നതിനു പിന്നിലെ വേദനയും എഴുത്തുകാരന്റെ/കാരിയുടെ Effort ഉം നന്നായി അറിയുന്ന ഒരുവളാണ് ഞാൻ. ടീച്ചറും അങ്ങനെ തന്നെയാണ് എന്ന് കരുതുന്നു. നമ്മുടെയൊക്കെ എഴുത്തിനെ പ്രാണവായുപോലെ ശ്വസിക്കുന്ന വലിയൊരു കൂട്ടമുണ്ട്.അവരെ മാനിയ്ക്കാൻ,ചതിക്കാതിരിക്കാൻ സാമൂഹിക പ്രവർത്തകരെന്ന നിലയിലും എഴുത്തുകാർ എന്ന നിലയിലും വലിയ ബാധ്യത നമുക്കുണ്ട്. അത്തരത്തിൽ മുഖ്യധാരാ എഴുത്തിലേക്കെത്തപ്പെട്ടവർ വാക്കിൽ മായം കലർത്തരുത്. എഴുതുന്നവർ എന്ന നിലയിലും അധ്യാപകർ എന്ന നിലയിലും ഞാനും ടീച്ചറുമൊക്കെ ഒരു തലമുറയെ സൃഷ്ടിക്കുന്നവരാണ്.ഈ രണ്ടർത്ഥത്തിലും നമ്മൾ വാക്കിൽ വെള്ളം ചേർക്കരുതെന്ന് അപേക്ഷ. വ്യക്തമായ തെളിവുകളോടെ അയാൾ വന്നെങ്കിൽ അതിനു വിശദീകരണം നൽകാനും മാപ്പ് പറയാനും ടീച്ചർ തയ്യാറാവേണ്ടതുണ്ട്. ടീച്ചറിന്റെ വിശദീകരണപ്പോസ്റ്റും പിന്നാലെ കണ്ടു.ചെയ്തത് ഞാൻ തന്നെയെന്നാവർത്തിക്കും വിധം.ഒപ്പം ഞാൻ ജനമധ്യത്തിലെ പ്രഖ്യാപിത എഴുത്തുകാരിയാണെന്ന് തോന്നിക്കുന്ന വിധത്തിൽ "എന്നെപ്പോലൊരാൾ അങ്ങനെ ചെയ്യുമെന്ന് തോന്നുന്നുണ്ടൊ..?" എന്ന ഇമോഷണൽ ബ്ലാക്മെയിലിംഗും. നിങ്ങളോടുള്ള മുഴുവൻ ആദരവും ഒരു വ്യക്തിയെന്ന നിലയിൽ നിലനിർത്തിക്കൊണ്ട് പറയുന്നു.. ടീച്ചർ മാപ്പ് പറയുക.

വിത ദീപാ നിശാന്ത് അയച്ചത് തന്നെ

അതേസമയം, കവിത ദീപാ നിശാന്ത് അയച്ചത് പ്രകാരമാണ് തങ്ങളുടെ ജേർണലിൽ പ്രസിദ്ധീകരിച്ചതെന്ന് അദ്ധ്യാപക സംഘടനയുടെ പ്രതിനിധികൾ ഒരു മാദ്ധ്യമത്തോട് സ്ഥിരീകരിച്ചു. ഇക്കാര്യത്തിൽ തങ്ങൾക്ക് നോട്ടക്കുറവുണ്ടായിട്ടില്ലെന്നും ഇക്കൂട്ടർ വിശദീകരിച്ചു. ഇതോടെ താൻ കോപ്പിയടിച്ചില്ലെന്ന ദീപാ നിശാന്തിന്റെ വാദം പൊളിഞ്ഞുവെന്ന് ഒരു വിഭാഗം സോഷ്യൽ മീഡിയ ഉപഭോക്താക്കൾ ആരോപിക്കുന്നു.

വാർത്തയിൽ അപ്രതീക്ഷിത ട്വിസ്‌റ്റ്

അതേസമയം, ദീപാ നിശാന്തിന്റെ പേരിൽ മറ്റൊരാളുടെ കവിത പ്രസിദ്ധീകരിച്ചതിന് പിന്നിൽ സാംസ്‌കാരിക പ്രഭാഷകനായ എം.ജെ.ശ്രീചിത്രനാണെന്ന് ഒരു ഓൺലൈൻ മാദ്ധ്യമം റിപ്പോർട്ട് ചെയ്യുന്നു. കവിത താൻ എഴുതിയതാണെന്നും ദീപാ നിശാന്തിന്റെ പേരിൽ പ്രസിദ്ധീകരിക്കാമെന്നും പറഞ്ഞ് ശ്രീചിത്രൻ ദീപയോട് പറഞ്ഞുവെന്നാണ് ആരോപണം. ഇക്കാര്യം ദീപാ നിശാന്ത് നിഷേധിച്ചിട്ടില്ല. എന്നാൽ കവിത മറ്റൊരാൾ എഴുതി നൽകിയതാണെന്ന കാര്യം ദീപാ നിശാന്ത് സ്ഥിരീകരിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിൽ തുടരുന്നു.