വിശാലിന്റെ പുതിയ ചിത്രമായ 'അയോഗ്യ'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ തമിഴ് നാട്ടിൽ വൻ വിവാദങ്ങൾക്ക് തുടക്കമിട്ടിരിക്കുന്നു. വിശാൽ ജീപ്പിന്റെ ബോണറ്റിൽ ബിയർ കുപ്പിയും കൈയിൽ പിടിച്ചു കൊണ്ട് ഇരിക്കുന്നതാണ് പോസ്റ്റർ.ഇതിനെതിരെ സാമൂഹ്യ രാഷ്ട്രീയ രംഗത്തുള്ളവർ പ്രതിഷേധവുമായി കഴിഞ്ഞു.പട്ടാളി മക്കൾ കക്ഷി നേതാവ് ഡോ. രാമദാസ് ഈ പോസ്റ്റർ ഉടൻ പിൻവലിക്കണം എന്ന് ആവശ്യപ്പെട്ടെങ്കിലും വിശാലോ ചിത്രവുമായി ബന്ധപ്പെട്ടവരോ ഇതുവരെ പ്രതികരിച്ചിട്ടില്ല. 'നടികർ സംഘത്തിന്റെ സെക്രട്ടറി എന്ന നിലയ്ക്കും ഒരു നടനെന്ന നിലയ്ക്കും വിശാലിൽ നിന്ന് അല്പം സാമൂഹിക പ്രതിബദ്ധത പ്രതീക്ഷിച്ചു. അന്ന് പുകവലിക്ക് പുറകെ പോയി ഇന്ന് ഒരു ബിയർ കുപ്പിയുമായി പോസ് ചെയ്യുന്നു.
എന്തൊരു സാമൂഹിക പ്രതിബദ്ധത' ..രാമദാസ് തന്റെ ട്വിറ്ററിലൂടെ പറയുന്നു. ജനുവരിയിൽ പ്രദർശനത്തിനെത്തിക്കാനായി ചെന്നൈയിൽ ദ്രുത ഗതിയിൽ ഷൂട്ടിംഗ് നടന്നു വരികയാണ്. പോസ്റ്റർ പിൻവലിച്ചില്ലെങ്കിൽ ഷൂട്ടിംഗ് സ്ഥലത്ത് ചെന്ന് പ്രതിഷേധ സമരം നടത്തുമെന്നും മുന്നറിയിപ്പുണ്ട്. വിജയ് സിഗരറ്റ് വലിച്ചു കൊണ്ട് നിൽക്കുന്ന സർക്കാർ സിനിമയുടെ പോസ്റ്ററും വിവാദമായിരുന്നു. ഒരു പൊലീസ് ഓഫീസറുടെ വേഷമാണ് അയോഗ്യയിൽ വിശാലിന്. റാഷി ഖന്നയാണ് അയോഗ്യയിൽ നായികയായി എത്തുന്നത്. ജൂനിയർ എൻ.ടി.ആറും തമന്നയും അഭിനയിച്ച ടെംപർ എന്ന തെലുങ്ക് ചിത്രത്തിന്റെ തമിഴ് റീമേക്കാണ് അയോഗ്യ. എ.ആർ മുരുകദോസിന്റെ അസോസിയേറ്റായിരുന്ന വെങ്കട് മോഹനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചെന്നൈയിൽ ചിത്രീകരണം പുരോഗമിക്കുന്ന ചിത്രം ജനുവരിയിൽ പ്രദർശനത്തിനെത്തും.