ന്യൂഡൽഹി: പാക്കിസ്ഥാൻ ഒരു മതേതരരാജ്യമായി മാറിയാൽ മാത്രമെ ഇന്ത്യയുമായി നല്ലൊരു ബന്ധം ഉണ്ടാവൂ എന്ന് സൈനിക മേധാവി ജനറൽ ബിപിൻ റാവത്ത്. ഇരു രാജ്യങ്ങളും തമ്മിലുള്ള സമാധാനപരമായ ബന്ധം നിലനിർത്തുന്നതിന് ചർച്ചയും സംവാദവും നടത്താൻ പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന് താൽപര്യമുണ്ടെന്ന് അറിയിച്ചിരുന്നു. ഇമ്രാൻ ഖാന്റെ ഈ പ്രസ്‌താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.'പാക്കിസ്ഥാൻ ഒരു ഇസ്ലാമിക രാഷ്ട്രം ആണ് ഉണ്ടാക്കിയത്. ഇന്ത്യയുമായി സൗഹാർദപരമായ ബന്ധം നിലനിർത്തണമെങ്കിൽ പാക്കിസ്ഥാന്ന്‍ ഒരു മതേതര രാജ്യമായി വികസിക്കണം. ഇന്ത്യ ഒരു മതേതര രാജ്യമാണ്. അതുപോലെ പാക്കിസ്ഥാനും മാറുകയാണെങ്കിൽ അവർക്ക് ഇന്ത്യയുമായുള്ള സൗഹാർദത്തിന് അവർക്ക് അവസരം ലഭിക്കുമെന്നും സൈനിക മേധാവി പറഞ്ഞു.
ഇന്ത്യയുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിന് ശക്തമായ നടപടികളുമായി മുന്നോട്ടുപോകുകയാണെന്ന പാക്കിസ്ഥാന്റെ അവകാശവാദം യാഥാർത്ഥ്യങ്ങൾക്ക് നിരക്കുന്നതല്ല. ഭീകരവാദവും സമാധന ചർച്ചകളും ഒരുമിച്ചു പോവില്ലെന്നുതന്നെയാണ് ഇന്ത്യയുടെ നിലപാടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിന് ഇന്ത്യ ഒരു ചുവട് മുന്നോട്ടുവച്ചാൽ പാക്കിസ്ഥാന്‍ രണ്ട് ചുവടുവെക്കുമെന്ന് ഇമ്രാൻ ഖാൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എന്നാൽ, പാക്കിസ്ഥാനിൽ നടക്കുന്ന സാർക്ക് രാജ്യങ്ങളുടെ ഉച്ചകോടിയിൽ പങ്കെടുക്കില്ലെന്ന് രണ്ടാം തവണയും ഇന്ത്യ നിലപാടെടുക്കുകയും ചെയ്‌തു.