rahna-fathima

പത്തനംതിട്ട: മതവികാരം വ്രണപ്പെടുത്തിയെന്ന കേസിൽ അറസ്‌റ്റിലായ ബി.എസ്.എൻ.എൽ ജീവനക്കാരി രഹനാ ഫാത്തിമയെ ചോദ്യം ചെയ്യാൻ വിട്ടുകിട്ടണമെന്ന പൊലീസിന്റെ അപേക്ഷ പത്തനംതിട്ട കോടതി തള്ളി. കേസിൽ കൂടുതൽ അന്വേഷണത്തിനും തെളിവെടുപ്പിനുമായി രഹനയെ മൂന്ന് ദിവസം കസ്‌റ്റഡിയിൽ വേണമെന്നായിരുന്നു പൊലീസിന്റെ ആവശ്യം. എന്നാൽ ഇക്കാര്യം പരിഗണിച്ച പത്തനംതിട്ട ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ആവശ്യം തള്ളുകയായിരുന്നു.രഹനയുടെ ജാമ്യാപേക്ഷ നാളെ പരിഗണിക്കും.

ബി.ജെ.പി സംസ്ഥാന സമിതിയംഗം ബി.രാധാകൃഷ്ണമേനോനാണ് രഹ്‌നയ്ക്കെതിരേ ഒക്ടോബർ 20നു പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിക്കു പരാതി നൽകിയത്. മുൻകൂർ ജാമ്യം ആവശ്യപ്പെട്ട് രഹ്ന ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും ജാമ്യം അനുവദിച്ചിരുന്നില്ല. ഇതിനുശേഷവും രഹ്നയെ അറസ്റ്റ്ചെയ്തില്ലെന്നു ചൂണ്ടിക്കാട്ടി രാധാകൃഷ്ണ മേനോൻ ഹൈക്കോടതിയിൽ സമർപ്പിച്ച കേസ് പരിഗണിക്കാനിരിക്കവേയാണ് അറസ്റ്റ്. പത്തനംതിട്ട സി.ഐ സുനിൽ കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം എറണാകുളം പാലാരിവട്ടത്തെ ബി.എസ്.എൻ.എൽ ഓഫീസിലെത്തിയാണ് ഇവരെ അറസ്‌റ്റ് ചെയ്‌തത്.