ന്യൂഡൽഹി: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ടുളള കേന്ദ്രവിരുദ്ധ കർഷകറാലിയിൽ കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽഗാന്ധിയും, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളും പങ്കെടുക്കും. നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻസിപി) നേതാവ് ശരദ് പവാർ നേരത്തെ റാലിയിൽ എത്തിയിരുന്നു. കൂടാതെ, നാഷണൽ കോൺഫറൻസ് നേതാവ് ഫാറൂഖ് അബ്ദുള്ളയും, ജനതാദൾ നേതാവ് ശരത് യാദവും കർഷകരുടെ മാർച്ചിൽ പങ്കെടുക്കും.
അഖിലേന്ത്യ കിസാൻ സഭയുടെ നേതൃത്വത്തിൽ നടക്കുന്ന മാർച്ചിൽ പങ്കെടുക്കാൻ കർഷകർ പദയാത്രയായി ഇന്നലെത്തന്നെ രാംലീല മൈതാനത്തിൽ എത്തിയിരുന്നു. കേന്ദ്ര സർക്കാരിന്റെ കാർഷിക വിരുദ്ധ നയങ്ങൾ തുറന്നുകാട്ടുന്നതിന്റെ ഭാഗമായാണ് രണ്ട് ദിവസത്തെ കർഷകറാലി. കാർഷികകടങ്ങൾ എഴുതിത്തള്ളുക, വിളകൾക്ക് ന്യായവില ഏർപ്പെടുത്തുക, മാസം 5,000 രൂപ പെൻഷൻ നൽകുക എന്നിവയാണ് കർഷകരുടെ പ്രധാന ആവശ്യങ്ങൾ.