ആലപ്പുഴ: ചട്ടങ്ങളും കീഴ്‌വഴക്കങ്ങളും പ്രധാനപ്പെട്ടതു തന്നെയെങ്കിലും ജനക്ഷേമം അതിനും മുകളിലാണെന്ന കാഴ്ചപ്പാട് ഉദ്യോഗസ്ഥർക്ക് ഉണ്ടാകണമെന്ന് ഭരണ പരിഷ്‌കാര കമ്മിഷൻ അദ്ധ്യക്ഷൻ വി.എസ്.അച്യുതാനന്ദൻ പറഞ്ഞു. പൗര കേന്ദ്രീകൃത സേവനങ്ങൾ സംബന്ധിച്ച് ജില്ലാ പഞ്ചായത്ത് ഹാളിൽ നടന്ന പബ്ലിക് ഹിയറിംഗ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വകുപ്പുകളിൽ നിന്ന് വകുപ്പുകളിലേക്ക് അനന്തമായുള്ള ഫയലുകളുടെ തട്ടിക്കളി അവസാനിപ്പിക്കണം. ചുവപ്പുനാടയുടെ കുരുക്കഴിക്കാൻ ജനസേവന കാഴ്ചപ്പാടിന് മുൻതൂക്കമുണ്ടാകണം.പൊതു ജനങ്ങളെ സംബന്ധിച്ചിടത്തോളം, അവരുടെ പരാതി-പരിഹാര സംവിധാനങ്ങൾ അപര്യാപ്തവും, കാര്യക്ഷമത കുറഞ്ഞതുമാണ്.