ilayaraja

തന്റെ പാട്ടുകൾ പൊതുവേദിയിൽ ആലപിക്കുമ്പോൾ റോയൽറ്റി വേണമെന്ന് സംഗീത സംവിധായകൻ ഇളയരാജ ആവശ്യപ്പെട്ടത് ഏറെ ചർച്ചകൾക്ക് വഴിതുറന്നിരുന്നു. ഇതിന്റെ പേരിൽ എസ്.പി ബാലസുബ്രഹ്മണ്യത്തിനും കെ.എസ്.ചിത്രയ്‌ക്കും വരെ വക്കീൽ നോട്ടീസ് അയക്കാൻ അദ്ദേഹം മടി കാട്ടിയില്ല. എന്നാൽ അന്ന് നിശബ്‌ദനായിരുന്ന അദ്ദേഹം ഇന്ന് വിശദീകരണവുമായി എത്തിയിരിക്കുകയാണ്.

പണപ്പിരിവ് കൂടാതെ സൗജന്യമായി നടത്തുന്ന പരിപാടികളിൽ തന്റെ പാട്ടുകൾ പാടുന്നതിൽ എതിർപ്പില്ലെന്നും എന്നാൽ പണം വാങ്ങി നടത്തുന്ന പരിപാടികളാണെങ്കിൽ അർഹമായ വിഹിതം തന്നെ തനിക്ക് നൽകണമെന്നുമാണ് ഇളയരാജയുടെ ആവശ്യം. 2012ൽ ഭേദഗതി ചെയ്‌ത പകർപ്പവകാശ നിയമം ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം റോയൽറ്റി അവകാശവാദമുന്നയിച്ചിരിക്കുന്നത്.

റോയൽറ്റി ശേഖരിക്കുന്നതിനായി സൗത്ത് ഇന്ത്യൻ ഫിലിം മ്യൂസിക് ആർട്ടിസ്റ്റ്‌സ് അസോസിയേഷനെും ചുമതലപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ മാർച്ചിലാണ് താൻ ചിട്ടപ്പെടുത്തിയ ഗാനങ്ങൾ പൊതുവേദിയിൽ ആലപിക്കരുതെന്ന് കാണിച്ച് ഇളയരാജ ബാലസുബ്രഹ്മണ്യത്തിനും ചിത്രയ്‌ക്കും നോട്ടീസ് അയച്ചത്. തന്റെ പാട്ടുകൾ അനുവാദമില്ലാതെ പൊതുമദ്ധ്യത്തിൽ പാടുന്നത് പകർപ്പവകാശലംഘനമാണെന്നും നിയമനടപടികൾ നേരിടേണ്ടി വരുമെന്നുമായിരുന്നു നോട്ടീസിൽ.