sreechithran-and-deepa

തിരുവനന്തപുരം: അദ്ധ്യാപക സംഘടന പുറത്തിറക്കിയ മാസികയിൽ ദീപാ നിശാന്തിന്റെ പേരിൽ പ്രസിദ്ധീകരിച്ച കവിതയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ തന്റെ പേര് വലിച്ചിഴക്കുന്നതിനെതിരെ പ്രതികരിച്ച് സാമൂഹ്യനിരീക്ഷകൻ എം.ജെ ശ്രീചിത്രൻ രംഗത്ത്. കലേഷിന്റെ കവിത ദീപാ നിശാന്തിന് നൽകേണ്ട ആവശ്യം തനിക്കില്ലെന്ന് ശ്രീചിത്രൻ പറഞ്ഞു. ചില ഓൺലൈൻ മാദ്ധ്യമത്തിലും സോഷ്യൽ മീഡിയയിലും ഇതുമായി ബന്ധപ്പെട്ട വാർത്തകൾ കണ്ടെന്നും വ്യക്തിഹത്യ നടത്താനുള്ള ശ്രമമാണിതെന്നും അദ്ദേഹം ഒരു ഓൺലൈൻ മാദ്ധ്യമത്തോട് പറഞ്ഞു.

വിചിത്രമായ ആരോപണങ്ങളാണ് ചില കേന്ദ്രങ്ങളിൽ നിന്നുയരുന്നത്. ദീപ നിശാന്ത് ഒരു മലയാളം അദ്ധ്യാപികയാണ്. അവർക്ക് കവിത എഴുതിക്കൊടുക്കേണ്ട ആവശ്യം തനിക്കില്ല. വ്യക്തിഹത്യ നടത്താനുള്ള ശ്രമമാണ് നടക്കുന്നത്. ശബരിമല വിഷയവുമായി ബന്ധപ്പെട്ട് സ്വീകരിച്ച നിലപാടുകളിൽ വിമർശനം ഉയർന്നിരുന്നു. ഇപ്പോൾ ഉയരുന്ന ആരോപണങ്ങളും ഇതിന്റെ തുടർച്ചയാണെന്ന് കരുതുന്നു. ഇത്തരം ആരോപണങ്ങൾക്ക് മറുപടി പറയേണ്ട ആവശ്യമില്ലെന്നും ശ്രീചിത്രൻ വ്യക്തമാക്കി.

അതേസമയം, കവിത ദീപാ നിശാന്ത് അയച്ചത് പ്രകാരമാണ് തങ്ങളുടെ ജേർണലിൽ പ്രസിദ്ധീകരിച്ചതെന്ന് അദ്ധ്യാപക സംഘടനയുടെ പ്രതിനിധികൾ ഒരു മാദ്ധ്യമത്തോട് സ്ഥിരീകരിച്ചു. ഇക്കാര്യത്തിൽ തങ്ങൾക്ക് നോട്ടക്കുറവുണ്ടായിട്ടില്ലെന്നും ഇക്കൂട്ടർ വിശദീകരിച്ചു. ഇതോടെ താൻ കോപ്പിയടിച്ചില്ലെന്ന ദീപാ നിശാന്തിന്റെ വാദം പൊളിഞ്ഞുവെന്ന് ഒരു വിഭാഗം സോഷ്യൽ മീഡിയ ഉപഭോക്താക്കൾ ആരോപിക്കുന്നു.

കലേഷിന്റെ ആരോപണം

2011 മാർച്ച് നാലിനാണ് അങ്ങനെയിരിക്കെ മരിച്ചു പോയി ഞാൻ / നീ എന്ന കവിത എഴുതിതീർത്ത് ബ്ലോഗിൽ പോസ്റ്റ് ചെയ്യുന്നത്. അന്നത് മികച്ച പ്രതികരണം ഉണ്ടാക്കിയെന്നോർക്കുന്നു. ആ കവിതയിലൂടെ എന്റെ കവിതയ്ക്ക് അനേകം പുതിയ സുഹൃത്തുക്കളെ കിട്ടി. പിന്നീടത് മാധ്യമം ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ചു. അതുവായിച്ച് ഇഷ്ടപ്പെട്ട ഏ.ജെ തോമസിന്റെ Alaichanickal Joseph Thomasഅഭിപ്രായപ്രകാരം സി. എസ്. വെങ്കിടേശ്വരൻ Venkit Eswaran കവിത ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്ത് ഇന്ത്യൻ ലിറ്ററേച്ചറിൽ പ്രസിദ്ധീകരിച്ചു. 2015-ൽ ഇറങ്ങിയ ശബ്ദമഹാസമുദ്രത്തിൽ ആ കവിത ഉൾപ്പെട്ടു. ഇന്നലെ അതേ കവിത മറ്റൊരു വ്യക്തിയുടെ പേരിൽ വരികൾ ചിലയിടത്ത് അതേപടിയും, മറ്റു ചിലയിടത്ത് വികലമാക്കിയും പ്രസിദ്ധീകരിച്ചതിന്റെ പകർപ്പ് ചില സുഹൃത്തുക്കൾ അയച്ചു തന്നു. AKPCTA യുടെ ജേർണലിലാണ് കവിത അച്ചടിച്ചുവന്നത്. വിഷമം തോന്നി. അല്ലാതെന്ത് തോന്നാൻ!

ദീപാ നിശാന്തിന്റെ വിശദീകരണം

കവിത മോഷ്ടിച്ചവൾ എന്നൊരു തസ്തിക കൂടി ഇന്ന് പുതുതായി ലഭിച്ചിട്ടുണ്ട്. എസ് കലേഷ് മുൻപെഴുതിയ ഒരു കവിത ഞാൻ മോഷ്ടിച്ച് പ്രസിദ്ധീകരിച്ചു എന്നാണ് ഒരുപാട് പേർ ആർത്തുവിളിക്കുന്നത്. കിട്ടിയ സന്ദർഭം മുതലാക്കി മുൻപു മുതലേ എന്റെ നിലപാടുകളിൽ അമർഷമുള്ളവരും ആഘോഷം തുടങ്ങിയിട്ടുണ്ട്. അവസരം മുതലാക്കി ആർപ്പുവിളിക്കുന്നവരോട് ഒന്നേ പറയാനുള്ളൂ. ഒരു സർവ്വീസ് മാസികയുടെ താളിൽ ഒരു കവിത മോഷ്ടിച്ചു നൽകി എഴുത്തുകാരിയാകാൻ മോഹിക്കുന്ന ഒരാളാണ് ഞാനെന്ന് വിശ്വസിക്കുന്നവർ അങ്ങനെ വിശ്വസിക്കുക. തെളിവുകളാണല്ലോ സുപ്രധാനം. ചില എഴുത്തുകൾക്കു പുറകിലെ വൈകാരികപരിസരങ്ങളെ നമുക്ക് അക്കമിട്ട് നിരത്തി തെളിയിക്കാനാകില്ല.

കവിത എന്റെ സ്ഥിരം തട്ടകമേയല്ല. കവിതയിലല്ല ദീപാനിശാന്ത് എന്ന പേര് ഇന്ന് ആരും അറിയുന്നതും. ഒരു സർവ്വീസ് പ്രസിദ്ധീകരണത്തിനായി സ്വന്തം ആധികാരികത മുഴുവൻ ചോദ്യം ചെയ്യുന്ന ഒരു പ്രവൃത്തി ഞാൻ ചെയ്യും എന്നു കരുതുന്നുണ്ടെങ്കിൽ അങ്ങനെ തന്നെ മുന്നോട്ട് പോകുക. ഞാനിതിൽ വീണുപോകും എന്ന് ആരും മോഹിക്കേണ്ടതില്ല. കഴിഞ്ഞ കുറേക്കാലമായി പരിഹാസങ്ങൾക്കും അപവാദങ്ങൾക്കും മധ്യേയാണ് എന്റെ ജീവിതം കടന്നു പോയത്. ഇതും അതിലൊരധ്യായം എന്നേ കരുതുന്നുള്ളൂ. എന്റെ സർഗാത്മക ജീവിതവും രാഷ്ട്രീയ ജീവിതവുമെല്ലാം ശിരസ്സുയർത്തിപ്പിടിച്ചു തന്നെ ഇനിയും തുടരും. എന്റേതല്ലാത്ത ഒരു വരിയും ഇന്നുവരെ എന്റേതെന്ന് അവകാശപ്പെടാതിരുന്നിട്ടും എനിക്ക് ഇന്ന് സംഭവിച്ച ദുഃഖത്തിൽ ഒപ്പം നിൽക്കുന്ന എല്ലാവരോടും നന്ദിയുണ്ട്. ഇക്കാര്യത്തിൽ എന്റെ ആദ്യത്തെയും അവസാനത്തെയും വിശദീകരണമാണിത്. ഇതിൽ കൂടുതലായി ഒന്നും പറയാനില്ല. ചില അനുഭവങ്ങൾ ഇങ്ങനെയും ബാക്കിയുണ്ടാവും എന്നു മാത്രം കരുതുന്നു.