മലയാളിക്കും മലയാളത്തിനും അഭിമാനമായിരുന്നു നമ്മുടെ ഭരണാധികാരികളും രാഷ്ട്രീയ നേതൃത്വവും. എന്നാൽ ആ പരമ്പരയിലെ കണ്ണികളുടെ ഇന്നത്തെ പൊതുപ്രവർത്തനം ആത്മാവ് നഷ്ടപ്പെട്ട ശരീരം പോലെ അർത്ഥമില്ലാത്തതും മുഖം മൂടി അണിഞ്ഞതും ആയിത്തീരുന്നു. തന്ത്രങ്ങളുടെയും കുതന്ത്രങ്ങളുടെയും പരീക്ഷണ ശാലയായി മാറുന്നു കേരള രാഷ്ട്രീയം. ആത്മാർത്ഥതയുടെയും അർപ്പണ മനോഭാവത്തിന്റെയും സ്ഥാനത്ത് നിലനിൽപ്പിന്റെയും കുത്തിത്തിരുപ്പിന്റേയും പാഠങ്ങളാണ് പഠിക്കുന്നത്. ഇത്രയും ഇവിടെ പറയുവാൻ കാരണം പ്രളയത്തിന്റെ അതിജീവനത്തിന് വേണ്ടിയുള്ള തത്രപ്പാടിൽ മനുഷ്യൻ വീർപ്പുമുട്ടുമ്പോൾ വിശ്വാസത്തിന്റേയും ആചാരത്തിന്റേയും കോടതി വിധിയുടെയും പേരിൽ ഇവിടെ നടന്നു കൊണ്ടിരിക്കുന്ന കോലാഹലങ്ങൾ സാമൂഹിക ജീവിതത്തെ ആകെ ദു:സ്സഹമാക്കുന്നു. അത് പൊതുസമൂഹത്തെ പല തുരുത്തുകളാക്കുന്നു.
എത്ര വേഗത്തിലാണ് സംരക്ഷിക്കപ്പെട്ട കൈകൾ വലിച്ച് മാറ്റിയത്. എത്രവേഗത്തിലാണ് ഒന്നിച്ച് നിന്ന് പ്രവർത്തിച്ച നമ്മൾ ഭിന്നിച്ച്നിന്ന് യുദ്ധം ചെയ്യുന്നത്. ആകാശത്തിലെ താരങ്ങളെ പോലെ തിളങ്ങി നിന്നവർ മുതൽ പാടവരമ്പത്ത് താമസിച്ചവർ വരെ പ്രളയത്തിൽ അകപ്പെട്ടപ്പോൾ അവരെ രക്ഷപ്പെടുത്തിയത് നാം ഒന്നിച്ചു നിന്നുകൊണ്ടാണ്. വിമാനത്തിൽ സഞ്ചരിച്ചിരുന്നവരെ വട്ടച്ചെമ്പിൽ രക്ഷപ്പെടുത്തിയപ്പോൾ പാടവരമ്പത്തെ കർഷകത്തൊഴിലാളിയെ ഹെലികോപ്റ്ററിൽ രക്ഷപ്പെടുത്തുന്ന കാഴ്ചയും നാം കണ്ടു. ഇതെല്ലാം ചരിത്രമാകും; നാളത്തെ ചരിത്രാന്വേഷകർക്ക്. പ്രളയാനന്തര കേരളത്തെ പുനർനിർമ്മിക്കുവാൻ നാം എടുത്ത തീരുമാനം ഇപ്പോൾ എവിടെയെങ്കിലും എത്തിയോ. നവകേരള സൃഷ്ടിക്കുവേണ്ടിയുള്ള എല്ലാ ശ്രമവും ഇപ്പോഴും തുടങ്ങിയിടത്തുതന്നെ നിൽക്കുന്നു. ഉന്നതമായ മൂല്യങ്ങൾക്കും മതനിരപേക്ഷതയ്ക്കും വേണ്ടി വാതോരാതെ വാദിക്കുന്നവർ കേരളത്തിലല്ലാതെ ഇൻഡ്യയിലെ മറ്റേതെങ്കിലും സംസ്ഥാനങ്ങളിൽ ഉണ്ടാകുമോ. കിടപ്പാടം നഷ്ടപ്പെട്ട, തൊഴിലിടം ഇല്ലാതായ, തൊഴിൽ ഉപകരണങ്ങൾ നശിക്കപ്പെട്ട ജീവൻ പൊലിഞ്ഞ, വിലപിടിപ്പുള്ള രേഖകൾ കാണാതായ ലക്ഷക്കണക്കിനാളുകൾ ഇതിനെ അതിജീവിക്കുവാൻ ശ്രമിക്കുമ്പോൾ, വിശ്വാസത്തിന്റെ പേരിലുള്ള ഈ രാഷ്ട്രീയ പൊറാട്ടു നാടകം അവസാനിപ്പിക്കുവൻ ഇനിയെങ്കിലും ബന്ധപ്പെട്ടവർ എല്ലാവരും തയ്യാറാവണം. നിങ്ങൾക്ക് ഓരോരുത്തർക്കും വേണ്ടി ക്യൂ നിന്ന് വോട്ടു ചെയ്ത് തന്നിട്ടുള്ള സാധാരണക്കാരന്റെ ജീവിതം പുനർ നിർമ്മിക്കുന്നതിനുള്ള ചർച്ചകൾ നടത്തണം. അല്ലാതെ ഇനിയും യുദ്ധം തുടർന്നാൽ ചരിത്രത്തിൽ നിങ്ങളുടെ ഒക്കെ സ്ഥാനം ബഹുദൂരം പിന്നിലായിരിക്കും.
കാലാകാലങ്ങളിൽ വരുന്ന സർക്കാരുകളെ സംഘടിത വോട്ടുബാങ്കിന്റെ പേരിൽ വിലപേശി സ്ഥാനത്തും അസ്ഥാനത്തും അധികാരത്തിന്റെ ചിഹ്നങ്ങൾ സ്ഥാപിക്കുന്നവരും ശരിദൂരം എന്നും സമദൂരം എന്നും പറഞ്ഞ് അധികാരത്തിന്റെ അകത്തളങ്ങളിൽ കയറിപ്പറ്റുന്നവരും പ്രളയബാധിതരുടെ ഈ അതിജീവനത്തിൽ അവരുടെ നിലപാടുകൾ എന്തായിരുന്നു എന്ന് തിരിച്ചറിയുവാൻ കൂടി ബന്ധപ്പെട്ടവർ തയ്യാറാവണം. പ്രളയാനന്തര കേരളത്തെ പുനർനിർമ്മിക്കുവാൻ സർക്കാർ മുന്നോട്ട് വച്ച പദ്ധതികളിൽ ഒന്നായിരുന്നു സാലറി ചാലഞ്ച്. രാഷ്ട്രീയ അതിപ്രസരത്തിന്റെ ഫലമായി അതിനെ കോടതികളിൽ കയറിയിറക്കി മൃതപ്രായമാക്കുകയായിരുന്നു. കേരള ജനതയെ ഈ ദുരിതക്കയത്തിൽ നിന്നും രക്ഷിക്കുവാൻ നാം ഓരോരുത്തരും പ്രതിജ്ഞാബദ്ധരാണ്. അതിന്റെ ഭാഗമായി സർക്കാരിന്റെ അഭ്യർത്ഥനപ്രകാരം എസ്. എൻ. ഡി. പി. യോഗത്തിന്റേയും എസ്. എൻ. ട്രസ്റ്റിന്റേയും വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സാലറി ചാലഞ്ചിനുവേണ്ടി സർക്കുലർ അയയ്ക്കുകയും തൽഫലമായി അദ്ധ്യാപകരും ജീവനക്കാരും സർവ്വാത്മനാ സഹകരിക്കുകയും ചെയ്തു. ഉദയംപേരൂർ എസ്. എൻ.ഡി. പി. സ്‌ക്കൂളിൽ നിന്നും 52 ലക്ഷം രൂപ സമാഹരിച്ച് 100% സാലറി ചാലഞ്ച് വിജയിപ്പിച്ചു. ബാക്കി സ്ഥാപനങ്ങളിൽ വളരെ വിജയകരമായി പൂർത്തീകരിച്ചുകൊണ്ടിരിക്കുന്നു. അതേപോലെതന്നെ യോഗത്തിൽ നിന്നും ട്രസ്റ്റിൽ നിന്നുമായി 50 ലക്ഷം രൂപ മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് നൽകുകയുണ്ടായി. കൂടാതെ കേരളത്തിലെ നാനാഭാഗത്തുള്ള വിവിധ ദുരിതാശ്വാസ ക്യാമ്പുകളിൽ യോഗത്തിന്റേയും യൂണിയനുകളുടേയും ശാഖകളുടേയും നേതൃത്വത്തിൽ പരമാവധി സഹായം എത്തിച്ചുകൊടുക്കുവാനും കഴിഞ്ഞിട്ടുണ്ട്. കണിച്ചുകുളങ്ങര ദുരിതാശ്വാസ ക്യാമ്പ് യോഗം ജനറൽ സെക്രട്ടറി എന്ന നിലയിൽ ഏതാണ്ട് 9000 ദുരിത ബാധിതർക്കായി ഒരു മാസത്തോളം നേരിട്ട് സംഘടിപ്പിച്ചു.
എക്കാലവും ഭരണാധികാരികളാലും രാഷ്ട്രീയക്കാരാലും പാർശ്വവൽക്കരിക്കപ്പെടുന്ന പിന്നോക്ക ജനവിഭാഗം ഒരു പൊതു പ്രശ്നമുണ്ടാവുമ്പോൾ അതിനെ നേരിടുവാൻ ഒത്തൊരുമയോടെ നിൽക്കും. അതാണ് ശ്രീനാരായണ പ്രസ്ഥാനത്തിന്റെ ദൗത്യവും കർമ്മവും. അല്ലാതെ ഇപ്പോൾ സംഭവിച്ചതുപോലെ രാഷ്ട്രീയമായി അതിനെ ഒന്നും ഉപയോഗിക്കുവാൻ ഞങ്ങൾക്കാവില്ല. ഈ ഘട്ടത്തിലെങ്കിലും ബന്ധപ്പെട്ടവർ തിരിച്ചറിയണം ഓരോരുത്തരുടേയും നിലപാടുകളും ഉദ്ദേശങ്ങളും. അതുകൊണ്ട് ഇനിയെങ്കിലും ശബരിമല സ്ത്രീ പ്രവേശനത്തിന്റെ പേരിലുള്ള കലാപങ്ങളും വേലികെട്ടലും നിർത്തുക. ഇനിയെല്ലാം കോടതി നിരീക്ഷിക്കും. അതവിടെ നടക്കട്ടെ. വെള്ളത്തിൽനിന്നും വള്ളത്തിൽ കയറുവാൻ പ്രയാസപ്പെട്ട ദുരിത ബാധിതരുടെ മുന്നിൽ കുനിഞ്ഞുനിന്നുകൊണ്ട് എന്റെ മുതുകിൽ ചവിട്ടിക്കയറിക്കൊള്ളൂ എന്നു പറഞ്ഞ മത്സ്യത്തൊഴിലാളികളുടെ സ്വപ്നം വെറുതെയാവരുതേ.......ഒരു പബ്ലിസിറ്റിയും ഇഷ്ടപ്പെടാതെ, സ്വന്തം നാട്ടിൽ ദുരന്തം ഉണ്ടായപ്പോൾ ആരെയും അറിയിക്കാതെ ഓടിയെത്തി പ്രളയബാധിതർക്കുള്ള അവശ്യ വസ്തുക്കൾ ഒരാഴ്ചയോളം ലോറിയിൽ ചുമന്നു കയറ്റിയ ഐ.എ.എസുകാരന്റെ സ്വപ്നങ്ങൾക്കും അർത്ഥമുണ്ടാവണം. അങ്ങനെ സാധാരണക്കാരായ മത്സ്യത്തൊഴിലാളികൾ മുതൽ ഐ.എ.എസ്. ഓഫീസർ വരെയുള്ളവരുടെ ഒരു ഭഗീരഥ പ്രയത്ന മായിരുന്നു പ്രളയദുരിതാശ്വാസപ്രവർത്തനങ്ങൾ. ഇതിൽ ഒരിടത്തും ഒരു രാഷ്ട്രീയക്കാരുടേയും കുപ്പായം വിയർത്തു കണ്ടിട്ടില്ല. നിങ്ങളെയെല്ലാം പൊതുസമൂഹം കാണുന്നത് ആദരവോടെയാണ്. അതുകൊണ്ടാണ് ഷർട്ടിന് ചുളിവ് വീഴാതെയുളള നിങ്ങളുടെ പ്രവർത്തനങ്ങളെ ആദരിക്കുന്നത്. ആ ആദരവ് ഒരു വിശ്വാസത്തിന്റെ അടയാളമാണ്. ആ വിശ്വാസം ... അത് നഷ്ടപ്പെട്ടാൽ പിന്നെ എല്ലാം തകിടം മറിയും. ...അതിന് ഇടവരുത്തരുത്. ...അങ്ങനെ വന്നാൽ അത് ആർക്കും നല്ലതാവില്ല...