esaf

കൊച്ചി: ഉപഭോക്താക്കൾക്ക് ബാങ്കിംഗ് സേവനങ്ങൾക്കൊപ്പം ലൈഫ് ഇൻഷ്വറൻസ് പദ്ധതികളും ലഭ്യമാക്കുന്നത് ലക്ഷ്യമിട്ട് ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്ക്, ബജാജ് അലയൻസ് ലൈഫ് ഇൻഷ്വറൻസുമായി സഹകരിക്കും. ഇതു സംബന്ധിച്ച കരാർ ഇന്നലെ കൊച്ചിയിൽ ഇസാഫ് ബാങ്ക് മാനേജിംഗ് ഡയറക്‌ടറും സി.ഇ.ഒയുമായ കെ. പോൾ തോമസ്, ബജാജ് അലയൻസ് ലൈഫ് ഇൻഷ്വറൻസ് മാനേജിംഗ് ഡയറക്‌ടർ ആൻഡ് സി.ഇ.ഒ തരുൺ ചഗ് എന്നിവർ ഒപ്പുവച്ചു.

സമൂഹത്തിലെ എല്ലാവർക്കും ബാങ്കിംഗ് സേവനം ഉറപ്പാക്കുകയാണ് ഇസാഫിന്റെ പ്രവർത്തനലക്ഷ്യമെന്നും അത് സാദ്ധ്യമാകണമെങ്കിൽ ഉൾപ്രദേശങ്ങളിൽ ഉള്ളവർക്കും ലൈഫ് ഇൻഷ്വറൻസ് പദ്ധതികൾ ലഭ്യമാക്കണമെന്നും കെ. പോൾ തോമസ് പറഞ്ഞു. ബജാജ് അലയൻസുമായുള്ള സഹകരണത്തിലൂടെ ഈ ലക്ഷ്യം നേടാനാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. ലൈഫ് ഇൻഷ്വറൻസ് വിപണി ഈവർഷം 14-15 ശതമാനം വളർച്ചയാണ് പ്രതീക്ഷിക്കുന്നതെന്ന് തരുൺ ചഗ് പറഞ്ഞു. 44 ശാഖകളുമായി ബജാജ് അലയൻസ് ലൈഫ് ഇൻഷ്വറൻസിന്റെ വലിയ വിപണികളിലൊന്നാണ് കേരളമെന്നും അദ്ദേഹം പറഞ്ഞു. ബജാജ് അലയൻസ് ലൈഫ് ഇൻഷ്വറൻസ് ബിസിനസ് ഹെഡ് ധീരജ് സേഗൽ, ഇസാഫ് ബാങ്ക് എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് എ.ജി. വറുഗീസ് എന്നിവരും ചടങ്ങിൽ സംബന്ധിച്ചു.