rock

ഇർകുട്സ്‌ക്: വിജനമായ പ്രദേശത്ത് ഒരു പാറക്കൂട്ടം. അതും കഴുകന്റെ ആകൃതിയിൽ. പ്രദേശത്തിന്റെ ഭൂപ്രകൃതിയുമായി ഒട്ടും യോജിച്ചുപോകാത്ത ഈ കൂറ്റൻ പാറക്കൂട്ടം ഇവിടെയെങ്ങനെ എത്തിപ്പെട്ടുവെന്നതാണ് ഗവേഷകരെ വലയ്‌ക്കുന്നത്. 250 വർഷം മാത്രമാണ് ചുണ്ണാമ്പുകല്ലുകൾ നിറഞ്ഞ ഈ പാറക്കൂട്ടത്തിന്റെ പഴക്കം. പാറ്റംസ്കീ ക്രേറ്റർ എന്നാണ് ഗവേഷകർ ഇതിനുനൽകിയിരിക്കുന്ന പേര്. അന്യഗ്രഹജീവികൾ നിർമ്മിച്ചതാണെന്നും അതല്ല, ഉൽക്ക വന്നുപതിച്ചതാണെന്നും ഇനിയതല്ല, ഏതെങ്കിലും അഗ്നിപർവത സ്ഫോടനത്തിന്റെ ഫലമായി ഉണ്ടായതാകാം എന്നിങ്ങനെ നിരവധി വാദങ്ങളാണ് ഇതേച്ചൊല്ലി പ്രചരിക്കുന്നത്. എന്നാൽ, ഇന്നുവരെയും ഇതിലേതാണ് ശരിയെന്ന് കണ്ടെത്തുന്നതരത്തിലുള്ള തെളിവുകളൊന്നും ഇതുവരെ ലഭിച്ചിട്ടുമില്ല.

1949ലാണ് പാറക്കൂട്ടത്തെ ഗവേഷകർ ആദ്യമായി കണ്ടെത്തുന്നത്. ഇതിനുമുമ്പ് സമീപപ്രദേശത്തെ കുറച്ച് ആളുകൾക്കുമാത്രമാണ് ഇതിനെക്കുറിച്ച് അറിവുണ്ടായിരുന്നത്. അതേസമയം, പാറക്കൂട്ടത്തിനു സമീപമെത്തുന്ന മൃഗങ്ങളെ പിന്നീടു കാണാതായതായും ഇതിനടുത്തെത്തുന്ന മനുഷ്യർക്ക്‌ ഊർജം നഷ്ടപ്പെടുന്നതായും ശരീര ഊഷ്മാവിൽ വ്യതിയാനം വരുന്നതായുമെല്ലാം പറയപ്പെടുന്നുണ്ട്. എന്നാൽ ഈ പാറക്കൂട്ടത്തിനു സമീപമുള്ള മരങ്ങൾക്ക് അസാധാരണ വേഗതയിൽ വളർച്ചയുണ്ടാകുന്നു. എല്ലാത്തിനും പുറമെ പാറക്കൂട്ടം ഇടയ്ക്കിടെ ഉയരുകയും താഴുകയും ചെയ്യുന്നതായും നിരീക്ഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഇതിനൊക്കെ പിന്നലുള്ള കാരണമാണ് ഇപ്പോഴും അജ്ഞാതം.