കോഴിക്കോട്: വേളം പുത്തലത്ത് എസ്.കെ.എസ്.എസ്.എഫ്, യൂത്ത്‌ലീഗ് പ്രവർത്തകൻ പുത്തലത്ത് നസീറുദ്ദീനെ(22) കൊലപ്പെടുത്തിയ കേസിൽ എസ്.ഡി.പി.ഐ പ്രവർത്തകരായ രണ്ട് പ്രതികൾക്ക് ജീവപര്യന്തം തടവും 1,00,500 രൂപ വീതം പിഴയും കോഴിക്കോട് അഡിഷണൽ ജില്ലാ സെഷൻസ് ജഡ്ജി സി. സുരേഷ് കുമാർ മേനോൻ വിധിച്ചു. പിഴ അടച്ചില്ലെങ്കിൽ ഒരു വർഷ അധിക തടവ് അനുഭവിക്കണം. പിഴയായി ലഭിക്കുന്ന തുകയിൽ നിന്ന് 1.75 ലക്ഷം രൂപ നസീറുദ്ദിന്റെ കുടുംബത്തിന് നൽകാനും ഉത്തരവുണ്ട്.
കൊലപാതക കുറ്റത്തിനാണ് ഒരു ലക്ഷം രൂപ പിഴ. തടഞ്ഞ് നിറുത്തിയ കുറ്റത്തിനാണ് 500 രൂപ.
ഒന്നാം പ്രതി കപ്പച്ചേരി ബഷീർ(49), രണ്ടാം പ്രതി കൊല്ലിയിൽ അന്ത്രു(49) എന്നിവരെയാണ് ശിക്ഷിച്ചത് . എസ്.ഡി.പി.ഐ പ്രവർത്തകരായ ഏഴ് പ്രതികളാണ് കേസിൽ ഉൾപ്പെട്ടിരുന്നത്. ഒന്നാം പ്രതി ബഷീർ എസ്.ഡി.പി.ഐ വേളം പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റാണ്.
കേസിൽ ഒന്നാം സാക്ഷിയും നസീറുദ്ദീന്റെ പിതൃസഹോദരപുത്രനുമായ അബ്ദുൽ റഊഫിന്റെ മൊഴി നിർണായകമായി. 2016 ജൂലായ് 15ന് രാത്രി റഊഫും നസീറുദ്ദീനും ബൈക്കിൽ സഞ്ചരിക്കവേ വേളം ചേരാപുരത്തെ അനന്തോത്ത് സലഫി മസ്ജിദിന് സമീപത്തുവച്ചാണ് തടഞ്ഞുനിറുത്തി നസീറുദ്ദീനെ കുത്തി കൊലപ്പെടുത്തിത്.
കേസിൽ കപ്പച്ചേരി ബഷീർ, കൊല്ലിയിൽ അന്ത്രു, ഒ.ടി റഫീഖ്, ഒറ്റത്തെങ്ങുള്ളതിൽ റഫീഖ്, ചമ്പേങ്ങോ
ട്ടുമ്മൽ സാദിഖ് എന്നിവരെ അന്വേഷണത്തിന്റെ ആദ്യഘട്ടത്തിൽ അറസ്റ്റ് ചെയ്തിരുന്നു.
കൊലപാതകത്തിനുശേഷം വിദേശത്തേക്ക് കടന്ന കുന്ന്യേലത്ത് മുഹമ്മദ്, രാമത്ത് സാദിഖ് എന്നിവർ പിന്നീട് കീഴടങ്ങി. കപ്പച്ചേരി ബഷീർ, കൊല്ലിയിൽ അന്ത്രു എന്നിവർക്കെതിരെ കൊലക്കുറ്റവും മൂന്നു മുതൽ ഏഴുവരെയുള്ള പ്രതികൾക്കെതിരെ തെളിവ് നശിപ്പിക്കുക, പ്രതികൾക്ക് ഒളിസങ്കേതമൊരുക്കുക, കൊലപാതകം ഒളിച്ചുവയ്ക്കുക തുടങ്ങിയ കുറ്റങ്ങളുമാണ് ചുമത്തിയത്.
ടി.പി ചന്ദ്രശേഖരൻ വധക്കേസിലെ പ്രോസിക്യൂട്ടറായിരുന്ന സി.കെ ശ്രീധരനായിരുന്നു സ്‌പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ.അഡ്വ.പി.കെ ചന്ദ്രശേഖരൻ അസിസ്റ്റന്റും. പ്രതികളെ കണ്ണൂർ സെൻട്രൽ ജയിലിലേക്ക് ഇന്ന് കൊണ്ട് പോകും.