news

1. ശബരിമല സംഘര്‍ഷത്തില്‍ അറസ്റ്റിലായ ബി.ജെ.പി ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന് വീണ്ടും കുരുക്ക്. ചിത്തിര ആട്ട വിശേഷത്തിന് 52കാരിയെ തടഞ്ഞ സംഭവവുമായി ബന്ധപ്പെട്ട കേസില്‍ സുരേന്ദ്രന് ജാമ്യം നിഷേധിച്ച് പത്തനംതിട്ട സെഷന്‍സ് കോടതി. കെ.സുരേന്ദ്രന്റെയും കേസിലെ ഒന്നാം പ്രതി ഇലന്തൂര്‍ സ്വദേശി സൂരജിന്റെയും ജാമ്യാപേക്ഷയാണ് കോടതി തള്ളിയത്

2. നേരത്തെ റാന്നി കോടതിയും ഇതേ കേസില്‍ സുരേന്ദ്രന് ജാമ്യം നിഷേധിച്ചിരുന്നു. ഇനി ഹൈക്കോടതിയെ സമീപിക്കുക ആണ് സുരേന്ദ്രന് മുന്നിലുള്ള ഏക മാര്‍ഗം. അതേസമയം, 2013ല്‍ കോഴിക്കോട് ട്രെയിന്‍ തടഞ്ഞ കേസിലും 2014ല്‍ കമ്മിഷണര്‍ ഓഫീസ് മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിച്ച കേസിലും കെ.സുരേന്ദ്രന് ജാമ്യം ലഭിച്ചു

3. മുഖ്യമന്ത്രിയുടെ വ്യക്തിപരമായ വൈരാഗ്യമാണ് കേസുകള്‍ക്ക് പിന്നില്‍ എന്ന് കെ. സുരേന്ദ്രന്‍. പൊലീസ് ഗൂഢാലോചന നടത്തി. മണ്ഡലക്കാലം കഴിയുന്നത് വരെ തന്നെ ജയിലില്‍ അടയ്ക്കാനാണ് ശ്രമം എന്നും സുരേന്ദ്രന്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു

4. ശബരിമലയില്‍ അന്നദാനം നടത്താനുള്ള അവകാശം ആര്‍.എസ്.എസ് അനുകൂല സംഘടനയ്ക്ക് നല്‍കാന്‍ ദേവസ്വം ബോര്‍ഡ് തീരുമാനം. പമ്പയിലും നിലയ്ക്കലിലും ഉള്ള അന്നദാന ചുമതലയാണ് ബോര്‍ഡ് അയ്യപ്പസേവാ സമാജത്തിന് നല്‍കുന്നത്. തീരുമാനം, കഴിഞ്ഞ ദിവസം ചേര്‍ന്ന ദേവസ്വം ബോര്‍ഡ് യോഗത്തില്‍. അന്നദാനത്തിന് ആരുടെയും സഹായം സ്വീകരിക്കാം എന്ന് ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍.

5. അന്നദാനത്തിന് സാധനങ്ങളും വോളണ്ടിയര്‍മാരെയും സംഘടന നല്‍കും. ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരം മൂന്ന് വര്‍ഷത്തില്‍ അധികമായി ദേവസ്വം ബോര്‍ഡ് നടത്തിവന്ന അന്നദാനം മതിയായ ഫണ്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ബോര്‍ഡ് മറ്റൊരു സംഘനയ്ക്ക് കൈമാറുന്നത്. എന്നാല്‍ ദേവസ്വം ബോര്‍ഡ് തീരുമാനം, ഹെക്കോടതിയുടെ നിര്‍ദ്ദേശം പോലും മറികടന്ന് എന്ന ആരോപണം ശക്തം

6. സെക്രട്ടറിയേറ്റിലും പൊതുസ്ഥലങ്ങളിലും മാദ്ധ്യമങ്ങള്‍ക്ക് കടുത്ത നിയന്ത്രണ ഏര്‍പ്പെടുത്തിയുള്ള സര്‍ക്കാര്‍ ഉത്തരവ് വിവാദമാകുന്നു. പി.ആര്‍.ഡി അനുമതി ഇല്ലാതെ മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും പ്രതികരണങ്ങള്‍ തേടുന്നത് വിലക്കി ആണ് ഉത്തരവ്. മാദ്ധ്യമങ്ങളുടെ വായ മൂടിക്കെട്ടാന്‍ ആണ് സര്‍ക്കാര്‍ ശ്രമിക്കുന്നത് എന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. അതേസമയം, മാദ്ധ്യമങ്ങള്‍ക്ക് വിലക്കില്ല എന്നും ചില ക്രമീകരണം മാത്രം ആണെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് വിശദീകരിച്ചു

7. ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമയെ കസ്റ്റഡിയില്‍ വിട്ടു കിട്ടണം എന്ന് ആവശ്യപ്പെട്ട് പൊലീസ് നല്‍കിയ ഹര്‍ജി പത്തനംതിട്ട ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി തള്ളി. കൂടുതല്‍ അന്വേഷണത്തിനും തെളിവെടുപ്പിനും മൂന്നു ദിവസം കസ്റ്റഡിയില്‍ വേണം എന്നാണ് പൊലീസ് ആവശ്യപ്പെട്ടത്. അയ്യപ്പ ഭക്തരുടെ മത വികാരം വ്രണപ്പെടുത്തി എന്ന കേസില്‍ ചൊവ്വാഴ്ച ആണ് രഹ്ന ഫാത്തിമ അറസ്റ്റിലായത്. ഇവരുടെ ജാമ്യാപേക്ഷ നാളെ പരിഗണിക്കും

8. സംസ്ഥാനത്തെ 39 തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ ഇടതു മുന്നണിക്ക് മികച്ച നേട്ടം. തിരഞ്ഞെടുപ്പ് നടന്ന 39 സീറ്റുകളില്‍ 22ഉം എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥികള്‍ സ്വന്തമാക്കി. 12 സീറ്റുകളില്‍ യു.ഡി.എഫും രണ്ട് വീതം സീറ്റുകളില്‍ ബി.ജെ.പി, എസ്.ഡി.പി.ഐ സ്ഥാനാര്‍ത്ഥികളും വിജയിച്ചു. എറണാകുളം, തൃശൂര്‍ എന്നീ ജില്ലകളിലെ 5 വീതം സീറ്റുകളിലും ഇടത് മുന്നണി വിജയം കണ്ടു

9. ശബരിമല വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ നിലപാടിനെ സല്യൂട്ട് ചെയ്യുന്നു എന്ന് മേധാ പട്കര്‍ പറഞ്ഞു. ആചാരങ്ങളെ ബഹുമാനിക്കുന്നു എന്നാല്‍ ആചാരങ്ങള്‍ അനീതിയാകരുത്. ആചാര സംരക്ഷണത്തിന് എന്ന പേരിലുള്ള സമരങ്ങള്‍ തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടാണ്. ഇത് ജനങ്ങള്‍ തിരിച്ചറിയണം. ഈ സമരങ്ങളെ കോണ്‍ഗ്രസ് പിന്തുണക്കുന്നത് സ്വന്തം ശവക്കുഴി തോണ്ടലാകും എന്നും മേധാ പട്കര്‍ കൂട്ടിച്ചേര്‍ത്തു

10. യു.എ.ഇയിലെ അനധികൃത താമസക്കാര്‍ക്ക് പിഴയോ മറ്റ് ശിക്ഷകളോ ഇല്ലാതെ രാജ്യം വിടുകയോ താമസം നിയമ വിധേയമാക്കുകയോ ചെയ്യാനുള്ള സമയ പരിധി ഇന്ന് അവസാനിക്കും. ഓഗസ്റ്റ് 1ന് ആരംഭിച്ച പൊതുമാപ്പ് ഒകേ്ടാബര്‍ അവസാനം വരെ ആണ് പ്രഖ്യാപിച്ചിരുന്നത് എങ്കിലും പിന്നീട് ഒരു മാസം കൂടി ദീര്‍ഘിപ്പിക്കുക ആയിരുന്നു. പൊതുമാപ്പ് പൂര്‍ത്തിയാകുന്നതോടെ നാളെ മുതല്‍ അനധികൃത താമസക്കാരെ കണ്ടെത്താന്‍ ശക്തമായ പരിശോധന ആരംഭിക്കും എന്ന് താമസകാര്യ വകുപ്പ് അറിയിച്ചിട്ടുണ്ട്

11. ഓസ്‌ട്രേലിയന്‍ പര്യടനം നടത്തുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് വലിയ തിരിച്ചടി ആയിരിക്കുകയാണ് പൃഥ്വി ഷായുടെ പരിക്ക്. പരിശീലന മത്സരത്തിനിടെ പരിക്കേറ്റ് പൃഥ്വി അടുത്ത വ്യാഴാഴ്ച തുടങ്ങുന്ന ആദ്യ ടെസ്റ്റില്‍ നിന്ന് പുറത്തായി. ബൗണ്ടറി ലൈനില്‍ ക്യാച്ച് എടുക്കാനുള്ള ശ്രമത്തിനിടെ ആണ് കാലിന് പരിക്കേറ്റത്. അണ്ടര്‍ 19 ലോകകപ്പിലെ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ ഈ വര്‍ഷം ഇന്ത്യന്‍ ടീമില്‍ എത്തിയ ഷാ അരങ്ങേറ്റ ടെസ്റ്റില്‍ തന്നെ സെഞ്ച്വറി നേടിയിരുന്നു

12. റിലീസ് ആവും മുമ്പേ ഒടിയന്‍ തരംഗം ആണ് കേരളത്തില്‍ എങ്ങും. ഇരുട്ടിന്റെ രാജാവായുള്ള മോഹന്‍ ലാല്‍ കഥാപാത്രം ഒടിയന്‍ മാണിക്യന്റെ വരവ് ആഘോഷമാക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ ആണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരും ആരാധകരും. പ്രമോഷന്റെ ഭാഗമായി കൊണ്ടുവന്ന ഒടിയന്‍ സ്റ്റ്യാച്യുവും ആപ്പും എല്ലാം ഹിറ്റായതോടെ വ്യത്യസ്ത പ്രമോഷന്‍ രീതിയുമായി എത്തിയിരിക്കുക ആണ് ഒടിയന്‍ ടീം. ഫോര്‍ ജി മൊബൈല്‍ സിമ്മിലും പോസ്റ്ററുകള്‍ പതിച്ച് ആണ് ടീം പ്രൊമോഷനെ വ്യത്യസ്ത തലത്തിലേക്ക് ഉയര്‍ത്തുന്നത്