സാൻഫ്രാൻസിസ്കോ: മഞ്ഞ, പച്ച, നീല, ചുമപ്പ്, കറുപ്പ്, ഓറഞ്ച്..അങ്ങനെ ആകെമൊത്തം കളറായിട്ടുണ്ട്. ഏതെങ്കിലും ട്രെൻഡി വസ്ത്രത്തിന്റെ കാര്യമാണ് പറയുന്നതെന്ന് ധരിച്ചെങ്കിൽ തെറ്റി. ഒരു കളർഫുൾ പാമ്പിന്റെ കാര്യമാണ് പറഞ്ഞുവരുന്നത്. ലോകത്തിലെ ഏറ്റവും സുന്ദരനായ പാമ്പെന്നാണ് പുള്ളിക്കാരൻ അറിയപ്പെടുന്നതുപോലും. അമേരിക്കയിലെ സാൻഫ്രാൻസിസ്കോയിലുള്ള അപൂർവയിനം പാമ്പാണ് സാൻഫ്രാൻസിസ്കോ ഗാട്ടർ. കണ്ടാൽ, പലനിറത്തിലുള്ള പട്ടുനൂലുകൾ ഇഴചേർന്ന് കിടക്കുകയാണെന്നേ പറയൂ. അമേരിക്കയിൽ സാധാരണയായി കണ്ടുവരുന്ന ഗാർട്ടർ പാമ്പുകളുടെ വിഭാഗത്തിൽപ്പെടുന്നവയാണ് ഇതും.
താംനോഫിസ് സിർറ്റാലിസ് ടെട്രാറ്റേനിയ (Thamnophis sirtalis tetrataenia) എന്നാണ് ശാസ്ത്രനാമം. ഉടലിനെക്കാൾ അൽപം വീതി കൂടിയ തലയുള്ള ഇവയ്ക്ക് പൂർണവളർച്ചയെത്തിയാൽ 46 മുതൽ 140 സെന്റിമീറ്റർ വരെ നീളമുണ്ടാകും. വിഷപ്പല്ലുകൾ ഇല്ലാത്ത ഇവ ഉമിനീരിലെ വിഷാംശം ഉപയോഗിച്ചാണ് ഇരപിടിക്കുനത്. എന്നാൽ ഇത് മനുഷ്യനു ദോഷകരമല്ല. വംശനാശ ഭീഷണി നേരിടുന്ന ജീവികളുടെ പട്ടികയിലാണ് സാൻ ഫ്രൻസിസ്കോ ഗാർട്ടറിനെയും ഉൾപ്പെടുത്തിയിരിക്കുന്നത്. നിലവിൽ ഇവയുടെ എണ്ണം 1000 നും 2000 നും ഇടയിൽ മാത്രമാണെന്നാണ് കണക്കുകൾ. അതിനാൽ തന്നെ ഇവയെ പിടിക്കുന്നതു കുറ്റകരമാണ്.