bijoy

ഭുവനേശ്വർ: ഒഡിഷയിലെ ബി.ജെ.പി ദേശീയ എക്സിക്യൂട്ടിവ് അംഗങ്ങളായ ദിലീപ് റേ, ബിജോയ് മൊഹാപത്ര എന്നിവർ പാർട്ടി പ്രാഥമികാംഗത്വം രാജിവച്ചു. ഇരുവരും സംയുക്തമായി തയ്യാറാക്കിയ രാജിക്കത്ത് പാർട്ടി ദേശീയ അദ്ധ്യക്ഷൻ അമിത് ഷായ്ക്കു കൈമാറി. മുൻ കേന്ദ്രമന്ത്രി കൂടിയായ ദിലീപ് റേ റൗകീല മണ്ഡലത്തിലെ തന്റെ എം.എൽ.എ സ്ഥാനവും രാജിവച്ചു. രാജിവച്ച ബിജോയ് മൊഹാപത്ര മുൻ സംസ്ഥാന മന്ത്രിയാണ്. തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിത്വം ലഭിക്കില്ലെന്ന പേടിയിലാണ് നിരവധി പേർ പലകാര്യങ്ങളിലും പ്രതികരിക്കാത്തതെന്ന് രാജിക്കത്തിൽ ഇവർ ചൂണ്ടിക്കാട്ടി. മുന്നോട്ടുവച്ച ആശയങ്ങൾ ഭീഷണിയായി കണക്കിലെടുത്ത് തങ്ങൾക്കെതിരെ പാർട്ടിക്കുള്ളിൽ നിന്ന് ആക്രമണമുണ്ടായി. തങ്ങളുടെ സ്വന്തം മണ്ഡലങ്ങളിൽ അപമാനിക്കുന്ന തരത്തിലുള്ള പ്രചാരണം ഉണ്ടായി. വർഷങ്ങളായി ബി.ജെ.പിയിൽ തുടരുന്ന ഞങ്ങൾക്ക് വെറും കാഴ്ചവസ്തുക്കളായി തുടരാൻ ഇനി താത്പര്യമില്ല. ഏതെങ്കിലുമൊരു സ്ഥാനത്തിനോ അധികാരത്തിനോ വേണ്ടി സംസ്ഥാനത്തിന്റെ താത്പര്യങ്ങളും ആത്മാഭിമാനവും പണയം വയ്ക്കാനില്ലെന്നും കത്തിൽ ഇരുവരും ചൂണ്ടിക്കാട്ടുന്നു. എം.എൽ.എ സ്ഥാനത്തുനിന്ന് കഠിനമായ വേദനയോടെ രാജിവയ്ക്കുന്നുവെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.