yenthiran

കൊച്ചി: ആരാധക മനസുകൾ കവർന്ന്, തിയേറ്ററുകളെ പ്രകമ്പനം കൊള്ളിച്ച് രജനീകാന്ത്-ശങ്കർ ചിത്രമായ '2.0"യുടെ ജൈത്രയാത്ര. പൂർണമായും ഇന്ത്യയിൽ നിർമ്മിച്ച ആദ്യ 3ഡി ചിത്രമെന്ന പെരുമ മാത്രമല്ല, ജയിംസ് കാമറൂണിന്റെ 'അവതാറി"ന് ശേഷം 3ഡി ടെക്‌നോളജിയും വിഷ്വൽ എഫക്‌റ്റുകളും ഗ്രാഫിക്‌‌സും ഭാവനപൂർണമായി ഉപയോഗിച്ച ചിത്രമെന്ന സവിശേഷതയും 2.0യ്ക്കുണ്ട്. പ്രായവ്യത്യാസമില്ലാതെ, ഏവരെയും ആകർഷിക്കുന്ന ചിത്രമാണ് 2.0.

ആഗോളതലത്തിൽ 458 തിയേറ്ററുകളിൽ റിലീസ് ചെയ്‌ത ചിത്രം ആദ്യദിനം തന്നെ 60 കോടി രൂപ കളക്‌റ്ര് ചെയ്‌തിരുന്നു. 600 കോടി രൂപയാണ് ചിത്രത്തിന്റെ നിർമ്മാണച്ചെലവ്. മികച്ച സംവിധാനം, 3ഡി ഛായാഗ്രഹണം, രജനി-അക്ഷയ്‌കുമാർ അഭിനയത്തികവ്, എ.ആർ. റഹ്‌മാന്റെ സംഗീതം, ആന്റണിയുടെ എഡിറ്രിംഗ് എന്നിങ്ങനെ 2.0ന്റെ ആകർഷണങ്ങൾ നിരവധിയാണ്. നായിക എമി ജാക്‌സൺ, മലയാളിതാരം കലാഭവൻ ഷാജോൺ എന്നിവരും പ്രേക്ഷകരുടെ കൈയടിനേടുന്ന പ്രകടനമാണ് കാഴ്‌ചവച്ചിരിക്കുന്നു.

റസൂൽ പൂക്കുട്ടിയുടെ ശബ്‌ദലേഖനവും നീരവ് ഷായുടെ ഛായാഗ്രഹണവും ലോകനിലവാരം പുലർത്തുന്നു. ലൈക്ക പ്രൊഡക്‌ഷൻസിന്റെ ബാനറിൽ സുഭാസ്‌ക്കരൻ നിർമ്മിച്ച ചിത്രം മുളകുപാടം ഫിലിംസാണ് കേരളത്തിൽ വിതരണം ചെയ്യുന്നത്. സയൻസ് ഫിക്‌‌ഷനും സസ്‌പെൻസും കോർത്തിണക്കിയ 2.0, മികച്ചൊരു സാമൂഹിക സന്ദേശം കൂടി നൽകുന്നു എന്നതും ശ്രദ്ധേയമാണ്.