ബ്യൂണസ് ഐറിസ്: ജി 20 ഉച്ചകോടിയിൽ പങ്കെടുക്കാനായി അർജന്റീനയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയും സൗദി രാജകുമാരൻ മുഹമ്മദ് ബിൻ സൽമാൻ അൽ സൗദും കൂടിക്കാഴ്ച നടത്തി. സാമ്പത്തിക, സാംസ്‌കാരിക, ഊർജ വികസന വിഷയങ്ങളിലെ ഉഭയകക്ഷി ബന്ധത്തെ കുറിച്ച് ഇരുവരും ചർച്ച നടത്തി. ഇന്നലെയും ഇന്നുമായാണ് അർജന്റീനയിലെ ബ്യൂണസ് ഐറിസിൽ ജി 20 ഉച്ചകോടി നടക്കുന്നത്. തൃപ്തികരവും സുസ്ഥിരവുമായ വികസനലക്ഷ്യങ്ങളാണ് ഉച്ചകോടി പ്രധാനമായും ചർച്ച ചെയ്യുന്നത്.
സാങ്കേതിക വിദ്യ, പുനരുപയോഗ ഊർജം, ഭക്ഷ്യ സുരക്ഷ എന്നീ മേഖലകളിലെ അധിക നിക്ഷേപ സമാഹരണത്തെ കുറിച്ച് മോദിയും മുഹമ്മദ് ബിൻ സൽമാനും ചർച്ച നടത്തി. കൂടിക്കാഴ്ച ഫലപ്രദമായിരുന്നെന്ന് പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.
ഗുട്ടെറസിനെ കണ്ടു
നരേന്ദ്രമോദി പിന്നീട് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസുമായി കൂടിക്കാഴ്ച നടത്തി. രണ്ടു മാസത്തിനിടെ ഗുട്ടെറസുമായി മോദി നടത്തുന്ന രണ്ടാമത്തെ കൂടിക്കാഴ്ചയാണിത്. കാലാവസ്ഥാ വ്യതിയാനത്തെ കുറിച്ചുള്ള ആശങ്ക പങ്കുവച്ചതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
ഉച്ചകോടിക്കിടെ മോദിയും യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെയും തമ്മിൽ കൂടിക്കാഴ്ചയും നടക്കും. ട്രംപും ആബെയും തമ്മിലുള്ള ചർച്ചകളുടെ തുടർച്ചയായി ത്രിരാഷ്ട്ര ചർച്ചയാകും നടക്കുക. ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്, ജർമൻ ചാൻസലർ ഏഞ്ചലാ മെർക്കൽ എന്നിവരുമായും മോദി കൂടിക്കാഴ്ച നടത്തും. ഖഷോഗി വധത്തിന്റെ പശ്ചാത്തലത്തിൽ ഉച്ചകോടിയിൽ മുഹമ്മദ് ബിൻ സൽമാന്റെ സാന്നിദ്ധ്യം കല്ലുകടിയായേക്കുമെന്നും സൂചനയുണ്ട്.