ഹൈദരാബാദ്: ഇന്ത്യയുടെ മുൻ ക്രിക്കറ്റ് ക്യാപ്ടനും മൊറാദാബാദിൽ നിന്നുള്ള കോൺഗ്രസ് മുൻ എം.പിയുമായ മുഹമ്മദ് അസറുദ്ദീനെ തെലുങ്കാന പ്രദേശ് കോൺഗ്രസ് കമ്മിറ്റി വർക്കിംഗ് പ്രസിഡന്റായി നിയമിച്ചു. ഡിസംബർ ഏഴിന് തെലുങ്കാനയിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നതിന് മുന്നോടിയായി നിയമിക്കുന്ന നാലാമത് വർക്കിംഗ് പ്രസിഡന്റാണ് അസറുദ്ദീൻ.
രണ്ടു തവണ ലോക്‌സഭയിലേക്ക് മത്സരിച്ച അസറുദ്ദീൻ 2009ൽ ഉത്തർപ്രദേശിലെ മൊറാദാബാദിൽ നിന്നാണ് വിജയിച്ചത്. 2014ൽ രാജസ്ഥാനിലെ ടോങ്ക് സ്വായി മദോപുറിൽ നിന്ന് പരാജയപ്പെട്ടു.
അടുത്ത വർഷം നടക്കാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ അദ്ദേഹം തെലുങ്കാനയിലെ സെക്കന്തരാബാദിൽ മത്സരിക്കുമെന്നാണ് റിപ്പോർട്ട്. അസറുദ്ദീനെ കൂടാതെ ബി.എം.വിനോദ് കുമാർ, ജാഫർ ജാവേദ് എന്നിവരെ വൈസ് പ്രസിഡന്റുമാരായി നിയമിച്ചിട്ടുണ്ട്.
രാഷ്ട്രീയത്തിൽ നിന്ന് ഒന്നും നേടാനല്ല, പകരം സമൂഹത്തിന് പലതും നൽകാനാണ് താൻ ശ്രമിക്കുന്നതെന്ന് അസറുദ്ദീൻ മാദ്ധ്യമങ്ങളോട് പറഞ്ഞു.