തൊടുപുഴ: തൊടുപുഴയുടെ രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക സഹകരണ രംഗത്തെ നിറസാന്നിദ്ധ്യമായിരുന്ന കുമ്പംകല്ല് മുണ്ടയ്‌ക്കൽ എം.എസ്. മുഹമ്മദ് ലബ്ബ (84) നിര്യാതനായി. ഇടതുപക്ഷ പ്രവർത്തൻ, നാടക രചയിതാവ്, സംവിധായകൻ തുടങ്ങിയ നിലകളിലും അറിയപ്പെടുന്ന വ്യക്തിയായിരുന്നു. കാൽ നൂറ്റാണ്ടുകാലം കാരിക്കോട് സഹകരണ ബാങ്ക് പ്രസിഡന്റ്, പത്ത് വർഷം ജില്ലാ സഹകരണ ആശുപത്രി ചെയർമാൻ, ഇടുക്കി ജില്ലാ സഹകരണ ബാങ്ക് ഡയറക്ടർ, ചെറുകിട വ്യവസായ അസോസിയേഷൻ ജില്ലാ പ്രസിഡന്റ്, മാച്ച് ഫാക്ടറി ഓണേഴ്‌സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. മുസ്ലിം സമുദായത്തിലെ അനാചാരങ്ങളെ പറ്റി എഴുതിയ 'തീരാത്തഹക്ക്' എന്ന നാടകം ഏറെ കോളിളക്കമുണ്ടാക്കി. ഭാര്യ: കാരിക്കോട് പുത്തൻവീട്ടിൽ ഹാജറ. മക്കൾ: ഹാരിസ് മുഹമ്മദ് (റിപ്പോർട്ടർ, മലയാളം ന്യൂസ്), സാലി മുഹമ്മദ് (റീജണൽ ഹെഡ്, കൈരളി പീപ്പിൾ ടി.വി, കൊച്ചി), ഡോ. ജാസ്മിൻ മുഹമ്മദ് (മെഡിക്കൽ ഓഫീസർ, ഗവ. ആയുർവേദ ആശുപത്രി, തായിക്കാട്ടുകര, ആലുവ), സജി മുഹമ്മദ്. മരുമക്കൾ: പി.എൻ. ഷെരീഫ് (റിട്ട. ഐ.എ.സി സെയിൽസ് ടാക്‌സ്, ഇടപ്പള്ളി), കെ. സുലൈഖ (അസി: ഡയറക്ടർ, കൃഷി വകുപ്പ്, മാരായമംഗലം, പാലക്കാട്). സൗമ്യ, സാഹിറ. കബറടക്കം നടത്തി.