-supreame-court

ന്യൂഡൽഹി: കോടതി വിധി പുറപ്പെടുവിക്കുമ്പോൾ സമൂഹത്തെയും കൂടി പരിഗണിക്കണമെന്ന് ജസ്റ്റിസ് കുര്യൻ ജോസഫ്. സുപ്രിം കോടതി ജഡ്ജി സ്ഥാനമൊഴിയുന്ന അദ്ദേഹം ഡൽഹിയിൽ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു. ഭരണഘടന ധാർമികത മാത്രം നോക്കി വിധി പുറപ്പെടുവിക്കുന്നത് ശരിയല്ല. വിധി അന്തിമമായാൽ അത് ലംഘിക്കുന്നത് കോടതിയലക്ഷ്യമാകും. മതപരമായ ആചാരങ്ങൾ മൗലികാവകാശത്തെ ഹനിക്കുന്നില്ലെങ്കിൽ കോടതി ഇടപെടേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.

ഒരു വിഭാഗത്തെ മാത്രം കേന്ദ്രീകരിച്ചുള്ള വിധി പുറപ്പെടുവിക്കുമ്പോൾ ധാർമികത മാത്രം പരിഗണിച്ചാവരുത്. ‌മൗലികാവകാശങ്ങൾ ആചാരങ്ങൾകൊണ്ട് ലംഘിക്കപ്പെട്ടാൽ കോടതി ഇടപെടുക- ജസ്റ്റിസ് കുര്യൻ ജോസഫ് പറഞ്ഞു.

‌ജഡ്ജിമാർ വാർത്താസമ്മേളനം നടത്തിയത് കൊണ്ട് ജുഡീഷ്യറിയിൽ സുതാര്യത വർദ്ധിക്കുകയേ ചെയ്തിട്ടുള്ളു. ഭരണഘടന സംവിധാനത്തിലെ ലക്ഷമണ രേഖ ആരും മറികടക്കേണ്ടതില്ല, രാ‌‌ജ്യത്തെ നിലനിർത്തിർപ്പോകുന്നത് ഭരണഘടനയാണ്. എന്നാൽ ശബരിമല വിഷയം സംബന്ധിച്ചുള്ള മാദ്ധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് കോടതിയുടെ പരിഗണനയിലുള്ള വിഷയമായതിനാൽ പ്രതികരിക്കുന്നില്ല എന്നായിരുന്നു മറുപടി.

അഞ്ച് വർഷവും എട്ട് മാസവും നീണ്ട സേവന കാലയളവിന് ശേഷമാണ് ജസ്റ്റിസ് കുര്യൻ ജോസഫ് സുപ്രിം കോടതി ജഡ്ജി സ്ഥാനത്ത് നിന്നും വിരമിക്കുന്നത്. ഇക്കാലയളവിൽ ആയിരത്തി മുപ്പത്തിയെട്ട് വിധിന്യായങ്ങൾ എഴുതി എന്ന റെക്കോർഡ് നേട്ടവുമായാണ് അദ്ദേഹം പടിയിറങ്ങുന്നത്.