ജോധ്‌പൂർ: ദീപികാ പദുകോൺ- രൺവീർ സിംഗ് വിവാഹത്തിനു പിന്നാലെ ബോളിവുഡ് രണ്ടാം താരവിവാഹത്തിന് ഒരുങ്ങിക്കഴിഞ്ഞു. ബോളിവുഡ് താരം പ്രിയങ്ക ചോപ്രയും അമേരിക്കൻ ഗായകൻ നിക് ജൊനാസും തമ്മിലുള്ള വിവാഹം ഇന്ന് ജോധ്പൂരിൽ നടക്കും. ഇന്നലെയാണ് ഇരുവരും വിവാഹത്തിനായി ഇന്ത്യയിലെത്തിയത്. 36കാരിയായ പ്രിയങ്കയും 26കാരനായ നിക്കും തമ്മിലുള്ള പ്രണയവും ഡേറ്റിംഗുമെല്ലാം നേരത്തേ വാർത്തകളിൽ ഇടം പിടിച്ചിരുന്നു. അടുത്തിടെയാണ് വിവാഹ നിശ്ചയം കഴിഞ്ഞത്. ഇന്ന് ക്രിസ്തീയ ആചാരപ്രകാരവും നാളെ ഹിന്ദു ആചാരപ്രകാരവും വിവാഹം നടക്കും. ജോധ്പൂരിലെ ഉമൈദ് ഭവൻ പാലസിലാണ് വിവാഹം നടക്കുക. ജോധ്പൂർ രാജകുടുംബത്തിന്റെ പരമ്പരാഗത വസതിയായ ഉമൈദ് ഭവൻ പാലസ് ലോകത്തിലെ തന്നെ ആറാമത് വലിയ സ്വകാര്യ വസതിയാണ്. കൊട്ടാരത്തിന്റെ ഒരു ഭാഗം താജ് ഹെറിറ്റേജ് ഹോട്ടലാക്കി മാറ്റിയിട്ടുണ്ട്. 26 ഏക്കർ വിസ്തൃതിയിലുള്ള കൊട്ടാരത്തിലെ പൂന്തോട്ടവും പ്രസിദ്ധമാണ്. താരമാംഗല്യത്തിനായി അണിയിച്ചൊരുക്കിയ കൊട്ടാരത്തിന്റെ ചിത്രവും ഇന്നലെ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
ഉത്തരേന്ത്യൻ ആചാരപ്രകാരം വധു പ്രിയങ്ക കുതിരപ്പുറത്താകും എത്തുക.