pix

 ജി.ഡി.പി വളർച്ച സെപ്‌തംബർപാദത്തിൽ 7.1% ആയിക്കുറഞ്ഞു

കൊച്ചി: ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയിൽ നിന്ന് തളർച്ചയുടെ കാറ്റ് വിട്ടൊഴിഞ്ഞിട്ടില്ലെന്ന സൂചന നൽകുന്നതാണ് നടപ്പു വർഷത്തെ രണ്ടാംപാദമായ ജൂലായ്-സെപ്‌തംബറിലെ ജി.ഡി.പി കണക്ക്. ഈവർഷം ഏപ്രിൽ-ജൂണിൽ 8.2 ശതമാനമെന്ന വിസ്‌മയ വളർച്ച നേടിയ ഇന്ത്യ, സെപ്‌തംബർ പാദത്തിൽ 7.1 ശതമാനത്തിലേക്ക് തളർന്നു. കഴിഞ്ഞ മൂന്ന് ത്രൈമാസങ്ങളിലെ ഏറ്റവും മോശം വളർച്ചയാണിതെന്ന് സെൻട്രൽ സ്‌റ്റാറ്രിസ്‌‌റ്റിക്‌സ് ഓഫീസിന്റെ (സി.എസ്.ഒ) കണക്കുകൾ വ്യക്തമാക്കുന്നു.

എങ്കിലും, ലോകത്തെ ഏറ്റവും വേഗം വളരുന്ന സമ്പദ്‌വ്യവസ്ഥയെന്ന നേട്ടം കഴിഞ്ഞപാദത്തിലും ഇന്ത്യ നിലനിറുത്തിയെന്നത് ശ്രദ്ധേയമാണ്. രാഷ്‌ട്രീയ-സാമ്പത്തിക രംഗത്ത് ഇന്ത്യയുടെ മുഖ്യ എതിരാളിയായ ചൈനയുടെ വളർച്ച കഴിഞ്ഞപാദത്തിൽ 6.5 ശതമാനമാണ്. അതേസമയം, കഴിഞ്ഞവർഷത്തെ സെപ്‌തംബർപാദത്തിലെ 6.3 ശതമാനം വളർച്ചയെ അപേക്ഷിച്ച് മികച്ച രീതിയിൽ മുന്നേറാൻ ഇക്കഴിഞ്ഞ പാദത്തിൽ ഇന്ത്യയ്ക്ക് കഴിഞ്ഞുവെന്നതും നേട്ടമാണ്.

മാനുഫാക്‌ചറിംഗ്, കാർഷികം, ഖനനം, നിർമ്മാണ മേഖലകളുടെ നിരാശാജനകമായ പ്രകടനമാണ് ഒന്നാംപാദത്തെ അപേക്ഷിച്ച് ജൂലായ്‌-സെപ്‌തംബറിൽ തിരിച്ചടിയായത്. സമ്പദ്‌വളർച്ചയുടെ നട്ടെല്ലായ മാനുഫാക്‌ചറിംഗ് മേഖലയുടെ വളർച്ച 13.5 ശതമാനത്തിൽ നിന്ന് 7.4 ശതമാനത്തിലേക്ക് ഇടിഞ്ഞു. കാർഷിക വളർച്ച 5.3 ശതമാനത്തിൽ നിന്ന് 3.8 ശതമാനത്തിലേക്കും ഖനന വളർച്ച 6.9 ശതമാനത്തിൽ നിന്ന് നൈഗറ്റീവ് 2.4 ശതമാനത്തിലേക്കും കൂപ്പുകുത്തിയത് തിരിച്ചടിയായി.

ഇന്ത്യ നമ്പർ 1

ജൂലായ്-സെപ്‌തംബർ പാദത്തിലും ലോകത്തെ ഏറ്റവും വേഗം വളർന്ന രാജ്യമെന്ന നേട്ടം ഇന്ത്യ നിലനിറുത്തി. 7.1 ശതമാനമാണ് ഇന്ത്യയുടെ വളർച്ച. രണ്ടാമതുള്ള ചൈനയുടെ വളർച്ച 6.5 ശതമാനം മാത്രം.

ജി.വി.എയിലും തളർച്ച

കേന്ദ്രസർക്കാരിന്റെ നികുതി വരുമാനം ഉൾപ്പെടുത്തിയും സബ്‌സിഡി ബാദ്ധ്യത ഒഴിവാക്കിയുമുള്ള വളർച്ചാ നിരക്കായ ഗ്രോസ് വാല്യൂ ആഡഡ് (ജി.വി.എ) ജൂലായ്-സെപ്‌തംബറിൽ 6.9 ശതമാനമായി കുറഞ്ഞു. ഏപ്രിൽ-ജൂണിൽ വളർച്ച എട്ട് ശതമാനമായിരുന്നു. 31.40 ലക്ഷം കോടി രൂപയാണ് ജി.വി.എ. 2017ലെ സമാനപാദത്തിൽ ഇത് 29.38 ലക്ഷം കോടി രൂപയായിരുന്നു.

₹33.98 ലക്ഷം കോടി

ജൂലായ്-സെപ്‌തംബറിൽ ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉത്‌പാദനം (ജി.ഡി.പി) 33.98 ലക്ഷം കോടി രൂപയാണ്. 2017 സെപ്‌തംബർ പാദത്തിൽ ഇത് 31.72 ലക്ഷം കോടി രൂപയായിരുന്നു.

8%

ഇന്ത്യയിൽ ഓരോ വർഷവും പുതുതായി 1.20 കോടി യുവാക്കൾ തൊഴിൽ അന്വേഷിച്ചിറങ്ങുന്നു എന്നാണ് കണക്ക്. ഇവർക്കെല്ലാം ജോലി ലഭിക്കണമെങ്കിൽ ഓരോ പാദത്തിലും ഇന്ത്യ ശരാശരി 8 ശതമാനം വളരണം.

4.8%

ഇന്ത്യയുടെ മുഖ്യ വ്യവസായ മേഖലയുടെ വളർച്ച ഒക്‌ടോബറിൽ 4.8 ശതമാനമായി കുറഞ്ഞു. 2017 ഒക്‌ടോബറിൽ വളർച്ച 5% ആയിരുന്നു. ക്രൂഡോയിൽ, പ്രകൃതിവാതകം, വളം എന്നിവയുടെ ഉത്‌പാദനം കുറഞ്താണ് തിരിച്ചടിയായത്.

ധനക്കമ്മി

₹6.49 ലക്ഷം കോടി

ഇന്ത്യയുടെ ധനക്കമ്മി ഈവർഷം ഏപ്രിൽ-ഒക്‌ടോബറിൽ 6.49 ലക്ഷം കോടി രൂപയിലെത്തി. നടപ്പു വർഷത്തെ ബഡ്‌ജറ്റ് വിലയിരുത്തലിന്റെ 103.9 ശതമാനമാണിത്.

രൂപ കുതിച്ചു

ഡോളറിനെതിരെ 28 പൈസ മുന്നറി ഇന്നലെ രൂപ വ്യാപാരം അവസാനിപ്പിച്ചത് 69.58ൽ. നാല് മാസത്തെ ഏറ്രവും ഉയർന്ന മൂല്യമാണിത്.