indian-citizen

ന്യൂഡൽഹി: ഏഴ് ഇന്ത്യൻ പൗരമാൻ എത്യോപ്യയിൽ ബന്ദികളാക്കപ്പെട്ടിരിക്കുകയാണെന്ന് റിപ്പോർട്ട്. ഇന്ത്യൻ കമ്പനിയായ ഇൻഫ്രാസ്ട്രക്ച്ചർ ലീസിംഗ് ആന്റ് ഫിനാൻഷ്യൽ സർവീസ് [എെ.എൽ. ആന്റ് എഫ്.എസ്] എന്ന കമ്പനിയിലെ ജീവനക്കാരെയാണ് തടവിലാക്കിയത്.

കമ്പനിയിലെ തൊഴിലാളികളായിരുന്ന എത്യോപ്യക്കാ‌ർക്ക് മാസങ്ങളായി ശമ്പളം നൽകാത്തതിനെ തുടർന്നാണ് ഇന്ത്യക്കാരായ ജീവനക്കാരെ തടവിലാക്കിയത്. ഇന്ത്യക്കാരായ നീരജ് രഘുവംശി,​ നാഗരാജ് ബിഷ്ണു,​ സുഖ്ബിന്ദർ സിംഗ്,​ ഖുറാം ഇമാം,​ ചെെതന്യ ഹരി,​ ഭാസ്കർ റെ‌ഡ്ഡി,​ ഹരീഷ് ബണ്ഡി തുടങ്ങിയവരാണ് ബന്ദിയാക്കപ്പെട്ടത്.

എത്യോപ്യയിലെ ഒറോമിയ,​ അമാരാ എന്നിവിടങ്ങളിൽ നിന്നാണ് ഇവരെ തട്ടിക്കൊണ്ടു പോയത്. നവംബർ 4 മുതൽ ഇവർ എത്യോപ്യക്കാരുടെ തടവിൽ തന്നെയാണെന്നാണ് പറയുന്നത്. ഇക്കാര്യം വിദേശകാര്യ മന്ത്രാലയം സ്ഥിതീകരിച്ചിട്ടുണ്ട്. ഇന്ത്യയിൽ നിന്ന് പണം എത്താത്തത് കൊണ്ട് എത്യോപ്യൽ തൊഴിലാളികൾക്ക് ശമ്പളം മുടങ്ങിയിരുന്നു. റോഡ് നിർമ്മാണ പ്രവർത്തനവുമായി ബന്ധപ്പെട്ടാണ് ഇന്ത്യയിലെ ജീവനക്കാർ അവിടെ എത്തിയിരുന്നത്. എന്നാൽ സ്പാനിഷ് കമ്പനി ഇതി‍ൽ ചില പദ്ധതികൾ പെട്ടെന്ന് റദ്ദ് ചെയുകയായിരുന്നു. ഇതോടെയാണ് ഇവർ ബന്ദിയക്കപ്പെട്ടത്.

മാത്രമല്ല 9 മാസങ്ങളായി നികുതി അടക്കാതിരുന്ന എെ.എൽ. ആന്റ് എഫ്.എസ് കമ്പനിക്കെതിരെ റിസർവ് ബാങ്ക് നിയന്ത്രണമേർപ്പെടുത്തിയിരുന്നു. ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ടിട്ടുണ്ടെങ്കിലും അവരുടെ ഭാഗത്ത് നിന്ന് യാതൊരുവിധ പ്രതികരണവും ലഭിച്ചില്ലെന്നാണ് ബന്ദിയാക്കപ്പെട്ടവരിലൊരാളായ ചെെതന്യ ഹരി മാദ്ധ്യമങ്ങളെ അറിയിച്ചത്. എന്നാൽ പ്രശ്നം പരിഹരിക്കാൻ കമ്പനിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് ഇന്ത്യൻ എംബസി പറയുന്നത്.

എെ.എൽ. ആന്റ് എഫ്.എസ് കമ്പനി ഇതുവരെ സംഭവത്തോട് പ്രതികരിച്ചിട്ടില്ല.