തിരുവനന്തപുരം: സോഷ്യൽ മീഡിയയിലെ തുറന്നെഴുത്തുകളിലൂടെ പ്രശസ്‌തയായ അദ്ധ്യാപികയും എഴുത്തുകാരിയുമായ ദീപാ നിശാന്തിനെതിരെ ഉയർന്ന പുതിയ ആരോപണമാണ് ഇപ്പോൾ എല്ലാവരുടെയും ചർച്ചാ വിഷയം. ഒരു അദ്ധ്യാപിക സംഘടന പുറത്തിറക്കുന്ന ജേർണലിൽ പ്രസിദ്ധീകരിച്ച കവിത കലേഷ് എന്ന വ്യക്തി വർഷങ്ങൾക്ക് മുമ്പ് എഴുതിയതാണെന്നും ഒരു മലയാള വാരികയിൽ പ്രസിദ്ധീകരിച്ചതെന്നുമാണ് ആരോപണം. കലേഷിന്റെ കവിത വള്ളിപുള്ളി തെറ്റാതെ ദീപ ടീച്ചർ കോപ്പിയടിച്ചുവെന്നാണ് ആരോപണങ്ങളുടെ സാരം. സോഷ്യൽ മീഡിയയിലൂടെയടക്കം ഇതിനെതിരെ പ്രതികരണവുമായി നിരവധി പേരാണ് രംഗത്തെത്തുന്നത്.
ഇപ്പോഴിതാ വിവാദങ്ങളിൽ പ്രതികരിച്ച് സാഹിത്യകാരനായ എൻ.എസ് മാധവൻ രംഗത്തെത്തിയിരിക്കുന്നു. ട്വിറ്ററിലൂടെയാണ് എൻ.എസ് മാധവന്റെ പ്രതികരണം. 'കണകുണ പറയാതെ ദീപ നിശാന്ത് കലേഷിനോട് മാപ്പ് പറയണ'മെന്നാണ് എൻ.എസ് മാധവൻ ട്വിറ്ററിലൂടെ പറഞ്ഞിരിക്കുന്നത്. അതേസമയം, തന്റെ കവിത കോപ്പിയടിച്ചതാണെന്ന് ദീപാ നിശാന്ത് പറയാൻ തയ്യാറായില്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്ന് കവി കലേഷ് പറഞ്ഞു. താൻ ഏഴ് വർഷം മുമ്പ് എഴുതിയ കവിത സ്വന്തമാണെന്ന് സ്ഥാപിക്കേണ്ട ഗതികേടിലാണ് ഇപ്പോഴുള്ളതെന്നും കലേഷ് വ്യക്തമാക്കി.
കണകുണ പറയാതെ ദീപ നിഷാന്ത് കലേഷിനോട് മാപ്പ് പറയണം.
— N.S. Madhavan (@NSMlive) November 30, 2018