ന്യൂഡൽഹി: 'രാഹുൽ ഗാന്ധിയാണ് എന്റെ ക്യാപ്റ്റൻ, അദ്ദേഹമാണ് എന്നെ പാക്കിസ്ഥാനിലേക്ക് അയച്ചത്'. പാക്കിസ്ഥാൻ സന്ദർശനെത്തെക്കുറിച്ചുളള മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു നവജോത് സിംഗ് സിദ്ദു. മുൻ ക്രിക്കറ്ര് താരവും പഞ്ചാബ് മന്ത്രിയുമാണ് സിദ്ദു. നിങ്ങൾ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗിന്റെ സമ്മതത്തോട് കൂടിയാണോ പാക്കിസ്ഥാനിൽ പോയത് എന്ന ചോദ്യത്തിന് എന്റെ ക്യാപ്റ്റൻ രാഹുൽ ഗാന്ധിയാണ്, അദ്ദേഹത്തിന്റെ അനുമതിയോടെ ഞാൻ എവിടെയും പോകുമെന്നും സിദ്ദു കൂട്ടിച്ചേർത്തു.
അമരീന്ദർ സിംഗ് കരസേനയുടെ ക്യാപ്റ്റനാണ്, രാഹുൽ ഗാന്ധി എന്റെ ക്യാപ്റ്റനും. അമരീന്ദ്രർ സിംഗ് എന്റെ പിതാവിനെപ്പോലെയാണ്, പാക്കിസ്ഥാനിൽ പോകുന്നതിന് മുമ്പ് അദ്ദേഹത്തിന്റെ അനുമതി വാങ്ങിയിരുന്നു. മാത്രമല്ല ഇരുപതോളം കോൺഗ്രസ് നേതാക്കൾ തന്നോട് പാക്കിസ്ഥാൻ സന്ദർശിക്കാൻ പറഞ്ഞിരുന്നു- സിദ്ദു പറഞ്ഞു.
സിദ്ദു പാക്കിസ്ഥാനിലേക്ക് പോയതിനെ അമരീന്ദർ സിംഗ് നിശിതമായി എതിർത്തിരുന്നു. പാക്കിസ്ഥാനിലെ കർതാപ്പൂർ ഇടനാഴിയുടെ ഉദ്ഘാടനത്തിന് പോയ സിദ്ദുവിന് നിരവധി വിമർശനങ്ങളാണ് നേരിടേണ്ടി വന്നത്. ഉദ്ഘാടനവേദിയിൽ ഖാലിസ്ഥാൻ അനുകൂല നേതാവിനൊപ്പം നിൽക്കുന്ന ഫോട്ടോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ നിരന്തര വിമർശനങ്ങാണ് സിദ്ദു നേരിട്ടത്.