ക്രിസ്മസിന് അഞ്ചു മലയാള ചിത്രങ്ങൾ തിയേറ്ററിലെത്തുന്നു. മോഹൻലാലിന്റെ ബിഗ് ബഡ്ജറ്റ് ചിത്രം ഒടിയനാണ് ആദ്യം തിയേറ്ററിലെത്തുന്നത്. ശ്രീനിവാസന്റെ തിരക്കഥയിൽ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത് ഫഹദ് നായകനാകുന്ന ഞാൻ പ്രകാശൻ, ലാൽജോസ് - കുഞ്ചാക്കോ ബോബൻ കൂട്ടുകെട്ടിലൊരുങ്ങുന്ന തട്ടുംപുറത്ത് അച്യുതൻ, രഞ്ജിത്ത് ശങ്കർ - ജയസൂര്യ ചിത്രം പ്രേതം 2,ടൊവിനോ തോമസ് നായകനായ എന്റെ ഉമ്മാന്റെ പേര് എന്നിവയാണ് ക്രിസ്മസിനോട് അനുബന്ധിച്ച് തിയേറ്ററിൽ എത്തുന്ന മറ്റ് ചിത്രങ്ങൾ.
നവാഗതനായ ശ്രീകുമാർ മേനോൻ സംവിധാനം ചെയ്യുന്ന മോഹൻലാലിന്റെ ഒടിയൻ ഡിസംബർ 14 ന് തിയേറ്ററിലെത്തും.ഒടിയനായി മലയാളത്തിന്റെ മെഗാസ്റ്റാർ മോഹൻലാൽ മാറുമ്പോൾ മാസും ആക്ഷനും പ്രണയവുമൊക്കെയായി ഒരു വീരനായക കഥയാണ് വെള്ളിത്തിരയിൽ തെളിയുക.
പ്രകാശ് രാജ് രാവുണ്ണി എന്ന കൊടുംവില്ലനെ അവതരിപ്പിക്കുമ്പോൾ ഒടിയന്റെ പ്രണയിനിയായ പ്രഭയുടെ വേഷമാണ് മഞ്ജു വാര്യർക്ക്. മനോജ് ജോഷിയും സിദ്ധിഖും ഇന്നസെന്റും നരേനുമെല്ലാം ഇവർക്കൊപ്പം അണിനിരക്കുന്നു. പുലിമുരുകന് ശേഷം പീറ്റർ ഹെയ്ൻ മോഹൻലാലിന് വേണ്ടി ഒരുക്കുന്ന ആക്ഷൻ രംഗങ്ങളും മോഹൻലാലിന്റെ വ്യത്യസ്ത ഗെറ്റപ്പുകളുമാണ് ചിത്രത്തിന്റെ ഹൈലൈറ്റ്.ഹരികൃഷ്ണനാണ് തിരക്കഥ.കാമറ ഷാജി കുമാർ.ആശീർവാദ് സിനിമാസിനുവേണ്ടി ആന്റണി പെരുമ്പാവൂരാണ് ഒടിയൻ നിർമ്മിക്കുന്നത്.
ഫഹദ് ഫാസിലിന്റെ സത്യൻ അന്തിക്കാട് ചിത്രം ഞാൻ പ്രകാശനും ടൊവിനോയുടെ എന്റെ ഉമ്മാന്റെ പേരും ജയസൂര്യയുടെ പ്രേതം 2 ഉം ഡിസംബർ 21 നാണ് റിലീസ് ചെയ്യുന്നത്.
മലയാളത്തിന്റെ എക്കാലത്തെയും പ്രിയപ്പെട്ട കൂട്ടുകെട്ടുകളിലൊന്നായ സത്യനും ശ്രീനിവാസനും പതിനാറ് വർഷത്തിന് ശേഷം വീണ്ടും ഒന്നിക്കുന്നുയെന്ന പ്രത്യേകത ഞാൻ പ്രകാശനുണ്ട്. ഒരു ഇന്ത്യൻ പ്രണയകഥയ്ക്ക് ശേഷം ഫഹദ് ഫാസിൽ സത്യൻ അന്തിക്കാടിന്റെ നായകനാകുന്നതാണ് മറ്റൊരു പ്രത്യേകത.നിഖില വിമലാണ് നായിക.സേതു മണ്ണാർക്കാടാണ് ചിത്രം നിർമ്മിക്കുന്നത്.
നവാഗതനായ ജോസ് സെബാസ്റ്റ്യൻ കഥയെഴുതി സംവിധാനം ചെയ്യുന്ന എന്റെ ഉമ്മാന്റെ പേരിൽ ഹമീദ് എന്ന കച്ചവടക്കാരന്റെ വേഷമാണ് ടൊവിനോ അവതരിപ്പിക്കുക. ടൊവിനോയുടെ ഉമ്മായുടെ വേഷത്തിലെത്തുന്നത് ഉർവശിയാണ്. ഇവർ തമ്മിലുള്ള ആത്മബന്ധമാണ് ചിത്രത്തിന്റെ പ്രമേയം. പുതുമുഖം സായി പ്രിയ നായികയാകുന്ന ചിത്രത്തിൽ ഹരീഷ് കണാരൻ, മാമുക്കോയ, സിദ്ധിഖ്, ശാന്തികൃഷ്ണ, ദിലീഷ് പോത്തൻ തുടങ്ങി നിരവധി താരങ്ങൾ അണിനിരക്കുന്നുണ്ട്. ആന്റോ ജോസഫും സി.ആർ. സലീമും ചേർന്നാണ് നിർമ്മാണം. ജോർഡി പ്ളാനെൽ ക്ളോസയാണ് കാമറ കൈകാര്യം ചെയ്യുന്നത്. ഗോപി സുന്ദർ സംഗീതസംവിധാനവും മഹേഷ് നാരായണൻ എഡിറ്റിംഗും നിർവഹിക്കുന്നു.
ജയസൂര്യയുടെ പ്രേതം 2 ആണ് ക്രിസ്മസിന് എത്തുന്ന അഞ്ചാമത്തെ ചിത്രം.രഞ്ജിത്ത് ശങ്കർ സംവിധാനം ചെയ്യുന്ന ഈ ചിത്രം പ്രേതത്തിന്റെ തുടർച്ചയല്ല.പകരം കേന്ദ്രകഥാപാത്രമായ മെന്റലിസ്റ്റ് ജോൺ ഡോൺ ബോസ്കോ പുതിയൊരു സാഹചര്യത്തിലേക്ക് എത്തിപ്പെടുകയാണ്.സിദ്ധാർത്ഥ് ശിവ, ശ്രീജിത്ത് രവി, അമിത് ചക്കാലയ്ക്കൽ, ഡെയിൻ, ജയരാജ് വാര്യർ, ഡോ. റോണി, രാഘവൻ, മിനോൺ, മണികണ്ഠൻ പട്ടാമ്പി, ദുർഗ കൃഷ്ണ, സാനിയ ഇയ്യപ്പൻ തുടങ്ങിയവരാണ് താരനിരയിൽ അണിനിരക്കുന്നത്.രഞ്ജിത്ത് ശങ്കറും ജയസൂര്യയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
ലാൽ ജോസും കുഞ്ചാക്കോ ബോബനും ഒന്നിക്കുന്ന തട്ടുംപുറത്ത് അച്യുതൻ ഡിസംബർ 22ന് തിയേറ്ററിലെത്തും.ഷെബിൻ ബക്കറാണ് ചിത്രം നിർമ്മിക്കുന്നത്.നാട്ടിൻപുറത്തുകാരന്റെ എല്ലാ നന്മകളും നിറഞ്ഞ അച്യുതൻ എന്ന കഥാപാത്രത്തെയാണ് കുഞ്ചാക്കോ ബോബൻ അവതരിപ്പിക്കുന്നത്.പുതുമുഖം ശ്രവണയാണ് നായിക.വിജയരാഘവൻ, നെടുമുടി വേണു, ഹരീഷ് കണാരൻ, കലാഭവൻ ഷാജോൺ, സന്തോഷ് കീഴാറ്റൂർ, കൊച്ചുപ്രേമൻ, ശ്രവണ, താരാകല്യാൺ, ബിന്ദു പണിക്കർ, സേതുലക്ഷ്മി, അനിൽ മുരളി, ഇർഷാദ് തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ.