തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റിൽ ഇളകിമറിഞ്ഞ കടലിൽ നിന്ന് 1540 മത്സ്യത്തൊഴിലാളികളെ കോരിയെടുത്ത് കേന്ദ്രസേനകൾ എഴുതിയ ചരിത്രത്തിന് ഇന്ന് ഒരാണ്ട്. കഴിഞ്ഞ ഡിസംബർ ഒന്നിനാണ് തിരുവനന്തപുരത്ത് വ്യോമസേനയുടെ എം.ഐ-17വി-5 ഹെലികോപ്ടർ രക്ഷാദൗത്യം തുടങ്ങിയത്. തകർന്ന ബോട്ടുകളുടെ അവശിഷ്ടങ്ങളിലും കന്നാസുകളിലും പിടിച്ചുകിടന്ന് മനോധൈര്യം കൈവിടാതെ, കരകാണാക്കടലിൽ ദിവസങ്ങളോളം ഒഴുകിനടന്നവരെ സൈന്യം ജീവന്റെ തുരുത്തിലെത്തിക്കുകയായിരുന്നു. വ്യോമ-നാവിക-തീരസംരക്ഷണസേനകളാണ് 'ഓപ്പറേഷൻ സിനർജി' എന്നുപേരിട്ട ജീവൻരക്ഷാദൗത്യവുമായി കടലിലിറങ്ങിയത്.
കേന്ദ്രസർക്കാരിന്റെ നാഷണൽ ക്രൈസിസ് മാനേജ്മെന്റ് കമ്മിറ്റിയുടെ വിലയിരുത്തൽ പ്രകാരം 1540 പേരെയാണ് കേന്ദ്രസേനകൾ രക്ഷിച്ചത്. കേരളത്തിൽ 250, തമിഴ്നാട്ടിൽ 243, ലക്ഷദ്വീപിൽ 1047 ജീവനുകളാണ് സൈന്യം കരയ്ക്കെത്തിച്ചത്. കടലിൽ ഒഴുകിനടന്ന മത്സ്യത്തൊഴിലാളികളെ കണ്ടെത്താൻ, 239 യാത്രക്കാരുമായി കാണാതായ മലേഷ്യൻ എയർവെയ്സ് വിമാനത്തിനായി തെരച്ചിൽ നടത്തിയ നാവികസേനയുടെ പി-8ഐ (പൊസീജിയൻ-8 ഇന്ത്യ) വിമാനം പറന്നെത്തി. തിരുവനന്തപുരത്തിന് 25 മൈൽ പടിഞ്ഞാറ് കീഴ്മേൽ മറിഞ്ഞുകിടന്ന ബോട്ടിനെയും പരിസരത്തുണ്ടായിരുന്ന 18 മത്സ്യത്തൊഴിലാളികളെയും കണ്ടെത്തിയത് ഈ വിമാനമാണ്.
ആധുനിക റഡാറുകളും യന്ത്രസംവിധാനവുമുപയോഗിച്ച് വ്യോമസേന കടൽ അരിച്ചുപെറുക്കി. കുടുങ്ങിക്കിടക്കുന്നവരെ രക്ഷിച്ച് കരയിലെത്തിച്ചു. താഴ്ന്നുപറക്കാവുന്ന മൂന്നുതരം നിരീക്ഷണ വിമാനങ്ങളാണ് വ്യോമസേന എത്തിച്ചത്.
കടലിൽ താഴ്ന്നു പറന്ന് ബോട്ടുകളും ഒഴുകിനടക്കുന്നവരെയും കണ്ടെത്തി. പറ്റുന്നവരെയൊക്കെ രക്ഷപ്പെടുത്തി. മറ്റുള്ളവരെ രക്ഷപ്പെടുത്താൻ കൺട്രോൾ റൂമിലേക്കും അവിടെനിന്ന് സേനാ കപ്പലുകളിലേക്കും വിവരം കൈമാറി. പ്രദേശത്തിന്റെ രേഖാംശം മനസിലാക്കി കപ്പലുകളെത്തി മത്സ്യത്തൊഴിലാളികളെ രക്ഷിച്ചു. തിരുവനന്തപുരത്തിന് 20 നോട്ടിക്കൽ മൈൽ അകലെ ചങ്ങാടത്തിൽ ഒഴുകിപ്പോയ എട്ട് പേരെ നേവിയുടെ ലൈറ്റ് ഹെലികോപ്ടറാണ് കണ്ടെത്തിയത്.
ജീവനുവേണ്ടിയുള്ള വിളികൾ
നവംബർ 30ന് വൈകിട്ട് നാലോടെ കോസ്റ്റ്ഗാർഡിന്റെ പട്രോളിംഗ് ബോട്ടുകളാണ് ആ വാർത്ത അറിയിച്ചത്, കടലിൽ ഭയാനകമായ കാറ്റാണ്. ബോട്ടുകളും സേനാംഗങ്ങളെയും സംരക്ഷിക്കണം. പിന്നാലെ ജില്ലാകളക്ടറുടെ സഹായാഭ്യർത്ഥനയെത്തി- 130 കിലോമീറ്റർ വേഗതയിൽ കാറ്റ് ചുഴറ്റിയടിക്കുകയാണ്. നൂറുകണക്കിന് മത്സ്യത്തൊഴിലാളികൾ കടലിലുണ്ട്, രക്ഷപ്പെടുത്തണം. 13 ബോട്ടുകളെയും 38 തൊഴിലാളികളെയും കാണാനില്ലെന്ന് എറണാകുളം കളക്ടറുടെ സന്ദേശം പിന്നാലെയെത്തി. രണ്ട് ഇന്റർസെപ്റ്റർ ബോട്ടുകളും ഉൾക്കടലിൽ തെരച്ചിലിന് രണ്ട് കപ്പലുകളും ഡോണിയർ വിമാനവും സജ്ജമാക്കിയെങ്കിലും കാലാവസ്ഥ പ്രതികൂലം.
അഞ്ച് മീറ്റർ ഉയരത്തിൽ തിര
ശക്തമായ കാറ്റിനൊപ്പം കടലിൽ മൂന്നു മുതൽ അഞ്ചുവരെ മീറ്റർ ഉയരത്തിൽ തിരമാലകൾ ഉയർന്നു. വടക്കോട്ട് ശക്തമായ കാറ്റായിരുന്നു. സേനാകപ്പലുകൾക്ക് സഞ്ചരിക്കേണ്ടിയിരുന്നത് തെക്കൻ തീരത്തേക്കും. കോസ്റ്റ്ഗാർഡ് ഐ.ജി കെ.ആർ. നൗട്യാലിന്റെ നിർദ്ദേശപ്രകാരം മംഗലാപുരത്തുനിന്നും തൂത്തുക്കുടിയിൽനിന്നും കപ്പലുകൾ വിഴിഞ്ഞത്തേക്ക് തിരിച്ചു. കോസ്റ്റ്ഗാർഡിന്റെ സാരഥി, അഭിനവ് പട്രോളിംഗ് കപ്പലുകൾ വിഴിഞ്ഞത്തേക്ക് തിരിച്ചുവിട്ടു. കമാൻഡർ ഇ. ശ്രീധർവാര്യരുടെ നേതൃത്വത്തിൽ നാവികസേന രക്ഷാദൗത്യം തുടങ്ങി. ആറ് കപ്പലുകളും രണ്ട് വിമാനങ്ങളും രണ്ട് ഹെലികോപ്ടറുകളും തെരച്ചിലിനായെത്തി.
കണ്ണിൽപ്പെടാതെ കടൽ
കലങ്ങിമറിഞ്ഞ കടലിൽ ഹെലികോപ്ടറുകളുടെ നിരീക്ഷണപരിധി കുറഞ്ഞു. രാത്രി കാഴ്ച ലഭിക്കാതായതോടെ, ചെന്നൈയിൽ തമ്പടിച്ചിരുന്ന ഐ.എൻ.എസ് രാജാലിയിൽ നിന്ന് അമേരിക്കൻ നിർമ്മിത, പി 8-ഐ വിമാനം തിരുവനന്തപുരത്തേക്ക് പറന്നെത്തി. സെൻസറുകളും റഡാറുകളുമുള്ള വിമാനത്തിന് കടലിനടിയിലെ ചെറിയ വസ്തുക്കൾ മുതൽ അന്തർവാഹിനികളെ വരെ കണ്ടെത്താനാവുമായിരുന്നു. മറിഞ്ഞുകിടന്ന ബോട്ടുകളും ഒഴുകിനടന്ന മത്സ്യത്തൊഴിലാളികളെയും കണ്ടെത്തി ജി.പി.എസ് സംവിധാനമുപയോഗിച്ച് വിവരങ്ങൾ കപ്പലുകൾക്ക് കൈമാറിയതോടെ രക്ഷാദൗത്യം വേഗത്തിലായി.
വിമാനം താഴ്ത്തിയാൽ കടലിൽ മുങ്ങും
കാറ്റ് ശക്തമായതോടെ ഹെലികോപ്ടറുകൾക്ക് പറക്കാനായില്ല. സേനാവിമാനങ്ങൾ താഴ്ത്തിയാൽ പിടിച്ചുകിടക്കുന്ന കന്നാസുകളും തടിക്കഷണങ്ങളും ഇളകി ആളുകൾ കടലിൽ വീഴുന്ന അവസ്ഥയുണ്ടായതോടെ കോസ്റ്റ്ഗാർഡ് കപ്പലുകൾ രക്ഷാദൗത്യമേറ്റു. ഒഴുകിനടക്കുന്നവരുടെ ചിത്രങ്ങളും പ്രദേശത്തിന്റെ രേഖാംശവും പി 8-ഐ വിമാനം കോസ്റ്റ്ഗാർഡ് കപ്പലുകളിലേക്കയച്ചു. അവർ തൊഴിലാളികളെ പൊക്കിയെടുത്തു. 30 നോട്ടിക്കൽമൈൽ അകലത്തിൽ നങ്കൂരമിട്ട നാവിക, തീരസംരക്ഷണ സേനകളുടെ കപ്പലുകളിൽ നിന്ന് പറന്നുയർന്ന കോപ്ടറുകൾ കടൽ അരിച്ചുപെറുക്കി ദൃശ്യങ്ങൾ അയച്ചു. രക്ഷിച്ചെടുത്തവർക്ക് കപ്പലിൽ പ്രാഥമികശുശ്രൂഷയും വസ്ത്രങ്ങളും ഭക്ഷണവും നൽകി.
യുദ്ധക്കപ്പലുകൾ എത്തുന്നു
നാവികസേനയുടെ വലിയ കപ്പലുകൾക്ക് മറിഞ്ഞുകിടക്കുന്ന ബോട്ടുകൾക്ക് അടുത്തേക്ക് എത്താനായില്ല. കപ്പലെത്തിയാൽ തിരയിളക്കത്തിൽ ബോട്ട് മുങ്ങുന്ന സ്ഥിതിയായപ്പോൾ ദൗത്യം ഉപേക്ഷിച്ചു. പിന്നീട് കോസ്റ്റ്ഗാർഡിന്റെ ചെറുകപ്പലുകൾ ബോട്ടുകളെ കെട്ടിവലിച്ചു. നേവിയുടെ ജമുന, സാഗർധ്വനി, നിരീക്ഷക് കപ്പലുകൾ വിഴിഞ്ഞംതീരം അരിച്ചുപെറുക്കി. യുദ്ധക്കപ്പലുകളായ കൊൽക്കത്ത, ചെന്നൈ, ത്രിക്കൺ എന്നിവയും രക്ഷാദൗത്യത്തിന് നിയോഗിച്ചു. ഇന്ധനംതീർന്ന് നടുക്കടലിലായിപ്പോയ ബോട്ടുകൾക്ക് കോസ്റ്റ്ഗാർഡ് കപ്പലുകളിൽ നിന്ന് ഇന്ധനം നൽകി.
ജീവനുകൾ രക്ഷിച്ച് കടൽരാജാവ്
വളരെയേറെ താഴ്ന്നുപറക്കാവുന്ന സീകിംഗ് ഹെലികോപ്ടർ കടലിലൂടെ തലങ്ങുംവിലങ്ങും പറന്നു. മറിഞ്ഞബോട്ടുകളിൽ അള്ളിപ്പിടിച്ചു കിടന്ന തൊഴിലാളികളെ പൊക്കിയെടുത്ത് വിഴിഞ്ഞം ബേസിലെത്തിച്ചു. കോപ്ടറിലെ മുങ്ങൽവിദഗ്ദ്ധർ കടലിലേക്ക് ചാടി തൊഴിലാളികളെ രക്ഷിച്ചു. ഡിസംബർ രണ്ടിന് കോസ്റ്റ് ഗാർഡിന്റെയും നേവിയുടെയും 20 കപ്പലുകളും 6 വീതം വിമാനങ്ങളും 7 ഹെലികോപ്ടറുകളുമെത്തി. അന്ന് വൈകിട്ടോടെ കോസ്റ്റ് ഗാർഡ് 87 പേരെ രക്ഷിച്ചു. നേവി 65 പേരെയും വ്യോമസേന 9 പേരെയും രക്ഷിച്ചു. സ്വകാര്യ ചരക്കുകപ്പലുകൾ 28 ജീവനുകൾ രക്ഷപ്പെടുത്തി. ഡിസംബർ മൂന്നിന് ചുഴലിക്കാറ്റ് ഗുജറാത്ത് തീരത്തേക്ക് നീങ്ങി.
മണിക്കൂറിന് 3,00,000
ഒരുവിമാനത്തിന് ഒരുമണിക്കൂർ പറക്കാൻ 3 ലക്ഷം രൂപയുടെ ചെലവുണ്ടായി. ആദ്യ മൂന്നുദിവസം വ്യോമസേന മുന്നൂറിലധികം പറക്കലുകൾ നടത്തി.