തിരുവനന്തപുരം: പതിനൊന്നാം വയസിൽ വള്ളവും വലയുമായി കടലിൽ പോയി തുടങ്ങിയതാണ് മുത്തപ്പൻ. എന്നാൽ മുത്തപ്പന് ഇപ്പോൾ കടലെന്ന് കേൾക്കുമ്പോഴേ പേടിയാണ്. ഉൾക്കടലിൽ വച്ച് വള്ളത്തിൽ ഒപ്പമുണ്ടായിരുന്ന രണ്ടു പേരെ കടൽ വിഴുങ്ങുന്നത് കണ്ട് നിസഹായനായി വള്ളത്തിൽ അള്ളിപ്പിടിച്ച് കിടക്കേണ്ടിവന്നു. ഒടുവിൽ സ്വന്തം ജീവനും ആർത്തിരമ്പുന്ന തിരമാലകൾക്ക് ബലി നൽകേണ്ടി വരുമെന്നുറപ്പിച്ചതാണ്. പക്ഷേ, മൂന്നാം നാൾ മുത്തപ്പൻ അല്പ ജീവനുമായി തീരത്തണഞ്ഞു. ഒരു വർഷം കൊണ്ട് ശരീരം പൂർവസ്ഥിതിയിലായെങ്കിലും മനസിൽ നിന്ന് ഭയം മാഞ്ഞിട്ടില്ല. കടൽത്തീരത്ത് പോകാൻ പോലും മടിയാണ്. ഏറെനാളുകൾക്ക് ശേഷം മുത്തപ്പൻ ഇന്നലെയാണ് പൂന്തുറയിൽ കടലിനെ നോക്കി കുറച്ചു നേരം നിന്നത്.
മുത്തപ്പന്റെ മനസിലിപ്പോഴും വിനീഷും സാബുവുമാണ്. അവരാണ് മുത്തപ്പൻ ഇന്ന് ജീവനോടെയിരിക്കാൻ കാരണക്കാർ. കഴിഞ്ഞ വർഷം നവംബർ 29നാണ് സാബുവിനും വിനീഷിനുമൊപ്പം മുത്തപ്പൻ വള്ളമിറക്കിയത്. സാബുവിന് 32 വയസുണ്ട്. വിനീഷിന് 16 പോലും തികഞ്ഞിട്ടില്ല. കൂട്ടത്തിൽ സീനിയറായ മുത്തപ്പന് (51) നല്ല വണ്ണമുണ്ട്. 95 കിലോഗ്രാം ഭാരമുണ്ടാകുമെന്നാണ് മുത്തപ്പൻ പറയുന്നത്.
'അന്ന് വൈകിട്ട് മൂന്നരയ്ക്കാണ് ഞങ്ങൾ വള്ളമിറക്കിയത്. 23 മൈലോളം പിന്നിട്ടിരിക്കും. സമയം ആറരയായി. പെട്ടെന്ന് വലിയൊരു കാറ്റു വന്നു. വള്ളം ഒഴുക്കിൽപെട്ടു. 43 മൈൽ ദൂരേക്കു പോയി. പെട്ടെന്നായിരുന്നു മഴ. പിന്നെ ആകാശത്തോളം ഉയരുന്ന തിരമാലകളും. ഞാൻ നങ്കൂരമിട്ട് വള്ളം നിറുത്താൻ നോക്കി. പെട്ടെന്നായിരുന്നു ഒരുവലിയ തിര വന്ന് എല്ലാവരെയും അടിച്ചിട്ടത്. വള്ളം തകർന്നു. കടലിലേക്ക് മുങ്ങി. നടുക്കടലിൽ ദിക്കറിയാതെ നീന്തി. വീണ്ടും തിര വന്നടിച്ചപ്പോൾ 'ഉടുപ്പ് ഊരി മാറ്റ് മാമാ' എന്നു പറഞ്ഞ് എന്റെ ദേഹത്തുണ്ടായിരുന്ന കട്ടിയുള്ള ഉടുപ്പ് ഊരിമാറ്റിയത് വിനീഷായിരുന്നു. പെട്ടെന്ന് മുങ്ങിപ്പോകാതിരിക്കാനായിരുന്നു അവൻ അങ്ങനെ ചെയ്തത്. തിരയിൽപ്പെട്ട് മുങ്ങിപ്പോയ എനിക്ക് പെട്ടെന്ന് ഉയർന്നുവരാൻ കഴിഞ്ഞത് അതുകൊണ്ടാണ്.
രാത്രി ഒൻപതോടെ കൂറ്റൻതിര വിനീഷിനെ വിഴുങ്ങി. 24 മണിക്കൂർ പിന്നിട്ടപ്പോഴും ഞങ്ങൾ രണ്ടുപേർ കടലിലുണ്ട്. കുട്ടിക്കാലത്തേ കടലിൽ പോയിത്തുടങ്ങിയതാണ് എന്ന അഹങ്കാരമൊക്കെ അപ്പോഴേക്കും തീർന്നു. ആരുടെയൊക്കെയോ നിലവിളികൾ കേൾക്കുന്നു. ഒന്നും കാണാൻ വയ്യ. ഒരു ബോട്ട് ദൂരെയുണ്ടെന്ന് സാബു പറഞ്ഞു. വീണ്ടും ഒരു തിര വന്ന് എന്നെ അടിച്ചിട്ടു. ആഴങ്ങളിലേക്ക് പോകുമ്പോൾ മരിക്കുമെന്നുറപ്പിച്ചതാണ്. ആരോ എന്നെ ഉയർത്തിക്കൊണ്ടു വന്നതു പോലെയാണ് തോന്നിയത്. ബോട്ട് അടുത്തെത്തി. ബംഗാളികളും മലയാളികളും ബോട്ടിലുണ്ടായിരുന്നു. അതിൽ കയറി. ജീവൻ രക്ഷപ്പെടുമെന്ന് ഉറപ്പിച്ചപ്പോഴാണ് ആകാശത്തോളം ഉയർന്നൊരു തിര ബോട്ടിലേക്ക് പതിച്ചത്. സാബു തെറിച്ചു പോയി. പിന്നെ അവൻ പൊങ്ങിയില്ല. ഞാൻ മാത്രം ബാക്കിയായി. പ്രിയപ്പെട്ടതെല്ലാം കടലെടുത്തു...'- കണ്ണീർ തുടച്ചുകൊണ്ട് മുത്തപ്പൻ പറഞ്ഞു. ബോട്ടിൽ കൊല്ലത്ത് എത്തിയ മുത്തപ്പനെ മക്കൾ എത്തി പൂന്തുറയിലേക്കു കൂട്ടിക്കൊണ്ടു വരികയായിരുന്നു.