തിരുവനന്തപുരം: രാസപദാർത്ഥങ്ങളിൽ നിന്നു പുറപ്പെടുന്ന വികിരണങ്ങൾ വഴി ഉണ്ടാകുന്ന ദുരന്തങ്ങളെ എങ്ങനെ അഭിമുഖീകരിക്കണമെന്ന സന്ദേശവുമായി എയർപോർട്ടിലെ വിവിധ സുരക്ഷാ ഉദ്യോഗസ്ഥർ നടത്തിയ മോക് ഡ്രിൽ കാഴ്ചക്കാർക്ക് കൗതുകമായി. തിരുവനന്തപുരം എയർപോർട്ടിലെ ഡൊമസ്റ്റിക് കാർഗോ ടെർമിനലിൽ ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തിൽ ഇന്നലെ നടന്ന മോക് ഡ്രില്ലാണ് ന്യൂക്ലിയർ വികിരണങ്ങൾ സൃഷ്ടിക്കുന്ന പുതിയ ദുരന്തങ്ങളെ എങ്ങനെ അതിജീവിക്കണമെന്ന അറിവ് പകർന്ന് നൽകിയത്. രാജ്യത്തെ ചില എയർപോർട്ടുകളിൽ സമീപകാലത്തുണ്ടായ അപകടങ്ങളാണ് ഇത്തരമൊരു പരിശീലനത്തിന് പ്രേരണയായത്.
കെമിക്കൽ, ബയോളജിക്കൽ, റേഡിയോളജിക്കൽ, ന്യൂക്ലിയർ അപകടങ്ങളെ കൈകാര്യം ചെയ്യാനായി സുരക്ഷാ ഉദ്യോഗസ്ഥരെ പ്രാപ്തരാക്കുന്നതിനാണ് അഞ്ചുദിവസം നീണ്ടുനിന്ന ട്രെയിനിംഗ് നടത്തിയത്. സിറ്റി പൊലീസ്, കസ്റ്റംസ്, എയർപോർട്ട് അതോറിട്ടി, സി.ഐ.എസ്.എഫ്, എയർലൈൻ, കാർഗോ എന്നിവിടങ്ങളിലെ തിരഞ്ഞെടുക്കപ്പെട്ട 52 പേർക്കായിരുന്നു പരിശീലനം ഇതിലൂടെ ലഭിച്ച അറിവുകൾ പ്രദർശിപ്പിക്കുന്നതായിരുന്നു ഇന്നലെ നടന്ന മോക്ഡ്രിൽ.
ദേശീയ ദുരന്ത നിവാരണ സേനയിലെയും ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ന്യൂക്ലിയർ മെഡിസിൻ ആൻഡ് അലൈഡ് സയൻസിലെയും ഉന്നത ഉദ്യോഗസ്ഥരായിരുന്നു അഞ്ചുദിവസം നീണ്ട പരിശീലനം നൽകിയത്.
മോക് ഡ്രിൽ ഇങ്ങനെ
വിമാനത്തിൽ നിന്നു കാർഗോയിൽ എത്തിച്ച ഒരു പെട്ടിയിൽ നിന്നു പുക ഉയർന്നു, പിന്നാലെ തീ പടർന്നു പിടിച്ചു. ഉടനേ കാർഗോ മാനേജർ വിവരം സുരക്ഷാ ജീവനക്കാരെ അറിയിച്ചു. തീപിടിച്ച പെട്ടിയോടൊപ്പം ഉണ്ടായിരുന്ന മറ്റു പെട്ടികളുടെ ലേബൽ പരിശോധിച്ചപ്പോൾ ഇവയെല്ലാം കോബാൾട്ട് 60, അയഡിൻ 131 എന്നീ റേഡിയോ ആക്ടിവ് വികിരണം പുറപ്പെടുവിക്കുന്ന വസ്തുക്കളാണെന്ന് തിരിച്ചറിയുന്നു. കാൻസർ റേഡിയേഷൻ തെറാപ്പിക്ക് വേണ്ടി കൊണ്ടുവന്നതാണ് ഇവയുടെ ഐസോടോപ്. ഹൈഡ്രജൻ ബോംബ് നിർമ്മിക്കാനും ഉപയോഗിക്കുന്നതാണ് ഇവ രണ്ടും.
നിമിഷ നേരം കൊണ്ട് തീ പടർന്നു പിടിക്കുന്നതിനിടെ പരിശീലനം സിദ്ധിച്ച സേനാംഗങ്ങൾ സ്ഥലത്തെത്തി. വികിരണം ഏൽക്കാത്ത പ്രത്യേക മാസ്കും വസ്ത്രങ്ങളും ധരിച്ച സംഘം കാർഗോയിൽ കുടുങ്ങിയ നാലുപേരെ രക്ഷിച്ചു. ഇവരിൽ രണ്ടുപേർക്ക് വലിയതോതിൽ വികിരണം ഏറ്റിരുന്നു. ഇവരെ പെട്ടെന്ന് സജ്ജമാക്കിയ താത്കാലിക ഷെഡിലെ ഷവറിന് കീഴിൽ വികിരണം കഴുകിക്കളയാനുള്ള പ്രത്യേക രാസപദാർത്ഥം അടങ്ങിയ ലായനിയിൽ കുളിപ്പിച്ചു. ധരിച്ചിരുന്ന മുഴുവൻ വസ്ത്രങ്ങളും മാറ്റി പുതിയവ ധരിപ്പിച്ചു. സംഘത്തിലുള്ള ഡോക്ടറുടെ പരിശോധനയിൽ മാരകമായി വികിരണം ഏറ്റതായി സംശയിച്ച രണ്ടുപേരെ ഉടനേ ആശുപത്രിയിലേക്ക് കൊണ്ടുപോയി.
അത്യാധുനിക സംവിധാനങ്ങളുള്ള ഫയർ യൂണിറ്റ് വാഹനവും കാർബൺ ഡൈ ഓക്സൈഡ് അടങ്ങിയ അഗ്നിശമന ഉപകരണങ്ങളും ഉപയോഗിച്ച് കാർഗോയ്ക്ക് ഉള്ളിലെ തീ നിമിഷ നേരം കൊണ്ട് അണച്ചു.
പൊതുജനങ്ങൾക്ക് തീ അണയ്ക്കാൻ പരിശീലനം
തീ അണയ്ക്കുന്നതെങ്ങനെയാണെന്ന് മോക് ഡ്രില്ലിന് ശേഷം പൊതുജനങ്ങൾക്കായി പരിശീലനവും ഇവിടെ നൽകി. തീപിടിത്തത്തിൽ ആദ്യ ഘട്ടത്തിൽ ഏതൊരാൾക്കും സാധാരണ അഗ്നിരക്ഷാ ഉപകരണങ്ങൾ ഉപയോഗിച്ച് തീ അണയ്ക്കാൻ കഴിയുമെന്നതാണ് ഇതിലൂടെ പരിചയപ്പെടുത്തിയത്. ഡി.സി.പി (ഡ്രൈ കെമിക്കൽ പൗഡർ) സ്പ്രേ ചെയ്ത് തീ കെടുത്തുന്ന വിധമാണ് പരിചയപ്പെടുത്തിയത്. മിക്ക ഓഫീസുകളിലുമുള്ള സോഡിയം ബൈ കാർബണേറ്റ് സ്പ്രേയർ ഉപയോഗിക്കുന്ന വിധമാണ് പരിചയപ്പെടുത്തിയത്. മോക് ഡ്രില്ലിൽ പങ്കെടുത്ത സേനാംഗങ്ങൾ ധരിച്ചിരുന്ന അത്യാധുനിക വസ്ത്രങ്ങളും ഉപകരണങ്ങളും പ്രദർശിപ്പിക്കുകയും ചെയ്തു.