തിരുവനന്തപുരം: മനുഷ്യനോട് ഏറ്റവും നന്ദിയുള്ള മൃഗം ഏതെന്ന് സംഗീതയോട് ചോദിച്ചാൽ അതിന് ഒറ്റ ഉത്തരമേയുള്ളൂ... 'നായ'. നർത്തകി കൂടിയായ പാലക്കാട് കൽപ്പാത്തി സ്വദേശി സംഗീത അയ്യർക്ക് നായ പ്രേമം നൃത്തം പോലെ ജീവനാണ്. ഇപ്പോൾ തിരുവനന്തപുരത്ത് രണ്ടാം പുത്തൻതെരുവിൽ താമസിക്കുന്ന സംഗീത ഇതുവരെ തെരുവിൽ നിന്ന് മക്കളെ പോലെ എടുത്ത് വളർത്തി മൃഗസ്നേഹികൾക്ക് കൈമാറിയത് അൻപതോളം നായ്ക്കളെയാണ്.
ബംഗളൂരുവിൽ ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തിരുന്ന സമയത്ത് സംഗീതയ്ക്ക് കൂട്ട് ഒരു നായ ആയിരുന്നു. ബ്രിട്ടനിലെ അപൂർവ ഇനത്തിൽ പെട്ട ഈ നായ ഉണ്ണുന്നതും ഉറങ്ങുന്നതുമൊക്കെ ഇവർക്കൊപ്പമായിരുന്നു. ജോലി മതിയാക്കി വിവാഹിതയായി തിരുവനന്തപുരത്ത് താമസിക്കാൻ എത്തിയപ്പോഴും നായ ഒപ്പമുണ്ടായിരുന്നു.
കുടുംബസ്ഥയായിട്ടും നായ്ക്കളോടുള്ള സ്നേഹത്തിന് ഒട്ടും കുറവ് വന്നില്ല. അങ്ങനെയിരിക്കെയാണ് തന്റെ വീടിന് സമീപത്തെ ഓടയിൽ നായ്ക്കുട്ടിയെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. പിന്നെ ഒന്നും ആലോചിച്ചില്ല. നായ്ക്കുട്ടിയെ വീട്ടിലേക്ക് കൊണ്ടുവന്നു. പാലും ആഹാരവും കൊടുത്തു വളർത്തി.
അവരും ഭൂമിയുടെ അവകാശികൾ
സംഗീതയുടെ അഭിപ്രായത്തിൽ മനുഷ്യരെ പോലെ തന്നെ നായ്ക്കളും ഈ ഭൂമിയുടെ അവകാശികളാണ്. നായ്ക്കളോട് കാണിക്കുന്ന ക്രൂരതയിൽ ഈ വീട്ടമ്മയ്ക്ക് നല്ല വിഷമമുണ്ട്. തന്റെ കൺമുന്നിൽ വച്ച് കാറിടിച്ച് നായയെ കൊന്ന സംഭവത്തിനും സംഗീത സാക്ഷിയാണ്. സംഗീതയുടെ പ്രിയപ്പെട്ട നായയായിരുന്ന കോക്കസ് രോഗം വന്ന് ചത്തു പോയതാണ് ജീവിതത്തിൽ ഏറെ വിഷമമുണ്ടാക്കിയത്. വൃക്ക രോഗത്തെ തുടർന്ന് കൊച്ചിയിലെ ആശുപത്രിയിൽ കൊണ്ടുപോയി നായയ്ക്ക് നിരന്തരം ഡയാലിസിസ് നടത്തിയ ചരിത്രവും സംഗീതയ്ക്കുണ്ട്.
വീട്ടിലുണ്ട് പട്ടിക്കൂട്
ഇപ്പോൾ ഒമ്പത് നായകളാണ് സംഗീതയുടെ വീട്ടിലുള്ളത്. അതിൽ ഏഴെണ്ണം ഒറ്റപ്രസവത്തിൽ ഉണ്ടായ കുട്ടികളാണ്. ഇവയ്ക്കായി പ്രത്യേകം കൂട് തയ്യാറാക്കിയിട്ടുണ്ട്. തെരുവ് നായ്ക്കളെ എപ്പോഴും കണ്ടെത്താമെന്നതിനാൽ തന്നെ കാറിന്റെ ഡിക്കിയിൽ അവയെ കൊണ്ടുവരുന്നതിനായി പ്രത്യേകം സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.
പിന്തുണയായി ഭർത്താവ്
സംഗീതയുടെ നായ സ്നേഹത്തിന് ഭർത്താവും ഫോർട്ട് വാർഡിലെ ബി.ജെ.പി കൗൺസിലറുമായ ആർ. സുരേഷിന്റെ പൂർണ പിന്തുണയുണ്ട്.
നൃത്തം
നല്ലൊരു മോഹിനിയാട്ടം നർത്തകി കൂടിയാണ് സംഗീത. 2009 മുതൽ ദേശീയ തലത്തിൽ മോഹിനിയാട്ടം അവതരിപ്പിച്ചിട്ടുണ്ട്. കേരളത്തിൽ സൂര്യ ഫെസ്റ്റിവലിലും സംഗീത നാടക അക്കാഡമിയുടെ പരിപാടിയിലും നൃത്തം അവതരിപ്പിച്ചിട്ടുണ്ട്. ഇപ്പോൾ മോഹിനിയാട്ടം ക്ഷേത്രങ്ങളിൽ മാത്രമേ അവതരിപ്പിക്കുന്നുള്ളൂ. പദ്മനാഭസ്വാമി ക്ഷേത്രം പോലുള്ളിടത്താണ് മോഹിനിയാട്ടം അവതരിപ്പിക്കുന്നത്. ബംഗളൂരുവിൽ നേരത്തേ ഡാൻസ് സ്കൂൾ നടത്തിയിരുന്നു. എന്നാൽ, വിവാഹശേഷം അത് അവസാനിപ്പിച്ചു. ഇപ്പോൾ വീട്ടിൽ പരിശീലനം നൽകുന്നുണ്ട്.