തിരുവനന്തപുരം: ഓഖി ദുരന്തത്തിന്റെ ഒന്നാം വാർഷികവും ലോക മത്സ്യത്തൊഴിലാളി ദിനാചരണവും സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂൾ ആഡിറ്റോറിയത്തിൽ ആചരിച്ചു.സ്കൂൾ അസംബ്ലിയിൽ ഓഖി ദുരന്തത്തെ അതിജീവിച്ച് ജിവിത ത്തിലേക്ക് തിരികെ വന്ന മത്സ്യത്തൊഴിലാളികളായ ജോൺസൺ മാർക്കോസ്, ലോറൻസ് ബെർണാർഡ് എന്നിവർ യോഗത്തിന്റെ അദ്ധ്യക്ഷനും ഉദ്ഘാടകനുമായത് മറ്റൊരു സവിശേഷതയായി. യോഗാരംഭത്തിൽ ഓഖി ദുരന്തത്തെ അനുസ്മരിച്ച് പ്രദർശിപ്പിച്ച വീഡിയോ ചിത്രീകരണം ഏവരെയും ഒരു വർഷം മുൻപുള്ള ദുരന്തസ്മരണയിലേക്ക് കൂട്ടിക്കൊണ്ട് പോയി. ദുരന്തത്തിൽ കുടുംബനാഥൻമാർ നഷ്ടമായ കുടുംബങ്ങളിൽ നിന്നെത്തിയ വിവിധ സ്കൂളുകളിൽ പഠിക്കുന്ന കുട്ടികൾക്ക് മോൺ. യൂജിൻ എച്ച്. പെരേര പ്രത്യാശയുടെ പ്രതീകമായി മെഴുകുതിരി തെളിച്ച് കൈമാറുകയും സ്കൂൾ മാനേജർ ഡോ. ഡൈസൺ യേശുദാസ് പ്രാർത്ഥനാശുശ്രൂഷ നടത്തുകയും ചെയ്തു. ദുരന്തത്തെ നേരിട്ട മത്സ്യത്തൊഴിലാളികളായ ഉദ്ഘാടകനും അദ്ധ്യക്ഷനും തങ്ങൾ അതിജീവിച്ച ദുരന്താനുഭവങ്ങൾ വിവരിച്ചത് കുട്ടികളിൽ വിസ്മയവും നൊമ്പരവുമുളവാക്കി.
തിരുവനന്തപുരം ലത്തീൻ അതിരൂപതയിലെ അഞ്ചുതെങ്ങ്, വലിയതുറ, പുതുക്കുറിച്ചി, കോവളം, തൂത്തൂർ ഫെറോനകളിലായി ഓഖി ദുരന്തത്തിൽ മരണമടഞ്ഞ വരുടെ കുടുംബങ്ങളിൽ നിന്നുള്ള സ്കൂൾ കുട്ടികൾക്കുള്ള ധനസഹായ വിതരണം അതിരൂപതാ സഹായമെത്രാൻ ഡോ.ആർ. ക്രിസ്തുദാസ് നിർവഹിച്ചു. ഫ്രണ്ടസ് ഒഫ് മറൈൻ സംഘടനയുടെ പ്രവർത്തകയും കോളേജ് അദ്ധ്യാപികയുമായ ലിസ് യേശുദാസ് മുഖ്യ സന്ദേശം നൽകി. പി.ടി.എ പ്രസിഡന്റ് വൈ. രാജു, പ്രിൻസിപ്പൽ പി.ജെ. വർഗീസ്, ഹെഡ്മാസ്റ്റർ ജോസഫ് ജോസ്, ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ ബിജു പി. പോൾ, സ്റ്റാഫ് സെക്രട്ടറി രാജു .ഡി എന്നിവർ സംസാരിച്ചു.