തിരുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്രമേള ഇത്തവണ തികഞ്ഞ സാങ്കേതിക മികവിൽ തന്നെ നടക്കും. സംസ്ഥാനത്തെ ഏറ്റവും വലിയ 4കെ ഡോൾബി അറ്റ്മോസ് തിയേറ്ററായി മാറിയ ടാഗോറാണ് മേളയുടെ പ്രധാനവേദി. മുൻ മേളകളിൽ 4കെയിൽ ഒരുക്കിയ സിനിമകളെത്തുമ്പോൾ ഒന്നുകിൽ 2കെയിൽ കാണിക്കുകയോ അല്ലെങ്കിൽ താത്കാലികമായി 4കെ ഒരുക്കുകയോ ആണ് ചെയ്തിരുന്നത്. നവീകരിച്ച ടാഗോർ തിയേറ്ററിൽ ഒരു ഷോയ്ക്ക് 1000 പേർക്ക് ഇരിക്കാം. ഏഴിന് ചലച്ചിത്രമേളയ്ക്ക് തിരിതെളിയും. മികച്ച ശബ്ദസംവിധാനവും 4കെ ഡോൾബി സിസ്റ്റവും അടക്കമുള്ള ക്രമീകരണങ്ങൾ തിയേറ്ററിനുള്ളിൽ ഏർപ്പെടുത്തിയിട്ടുണ്ട്.
നവീകരിച്ച ചുറ്റുമതിലും ഗേറ്റും സ്റ്റേറ്റ് ഇൻഫർമേഷൻ ഹബ്ബും ഉൾപ്പെടെ ടാഗോറിന്റെ മുഖച്ഛായ മാറ്റും വിധത്തിൽ രണ്ടേക്കറോളം സ്ഥലം കൃത്യമായി വിനിയോഗിച്ചാണ് ഐ ആൻഡ് പി.ആർ.ഡിയുടെ നേതൃത്വത്തിൽ പി.ഡബ്ളിയു.ഡി നിർമ്മാണം പൂർത്തിയാക്കിയത്. ഒരു കോടിയോളം രൂപയാണ് ചെലവ്. സർക്കാർ തിയേറ്ററായ കലാഭവനിൽ ഡോൾബി സംവിധാനം ഉണ്ടെങ്കിലും സീറ്റുകൾ ടാഗോറിനെക്കാൾ കുറവാണ്. പ്രതിമാസം നടത്തി വരുന്ന സിനിമാ പ്രദർശനങ്ങൾക്കും പുതിയ ശബ്ദസംവിധാനം മുതൽക്കൂട്ടാകും. ഏറ്റവും പുതിയ സ്ക്രീനാണ് ടാഗോറിലുള്ളത്. സിനിമാ പ്രദർശനത്തിന് പുറമെ നാടകം, മറ്റ് കലാപരിപാടികൾ, സാംസ്കാരിക പ്രവർത്തനങ്ങൾ എന്നിവ നടത്താനും ടാഗോറിൽ സാധിക്കുമെന്ന പ്രത്യേകതയുമുണ്ട്.
ടാഗോർ തിയേറ്ററിൽ ചുവരിൽ പതിപ്പിച്ച നിലയിൽ ടാഗോറിന്റെ ഭീമൻ വെങ്കല പ്രതിമ സ്ഥാപിക്കുകയാണ്. ഇതോടൊപ്പം ചുറ്റുമതിലിന്റെയും ഗേറ്റിന്റെയും നിർമ്മാണവും പുരോഗമിക്കുന്നു. ഒരാഴ്ചയ്ക്കുള്ളിൽ ഇവയും പൂർത്തിയാകും.