തിരുവനന്തപുരം: ഇലക്ട്രോണിക് കളിപ്പാട്ടങ്ങൾ കുട്ടികളുടെ ഒരു ദൗർബല്യമാണ്. ഇവ കേടാകുമ്പോൾ കുട്ടികൾ ഉണ്ടാക്കുന്ന പൊല്ലാപ്പുകളും ചെറുതല്ല. മിക്കവാറും സാഹചര്യങ്ങളിൽ പഴയതു കളഞ്ഞ ശേഷം പുതിയതു വാങ്ങാനാവും പലരും ശ്രമിക്കുക. എന്നാൽ ഇനി അതു വേണ്ട. ഇലക്ട്രോണിക് കളിപ്പാട്ടങ്ങളെ റിപ്പയർ ചെയ്യാൻ ഒരാളുണ്ട് പേട്ട പള്ളിമുക്ക് സ്വദേശിയായ അനിൽ ജെ. ബാബു .
ഏതു തരത്തിലുള്ള ഇലക്ട്രോണിക് കളിപ്പാട്ടവും അനിൽ നന്നാക്കും. ആറ് വർഷം മുൻപാണ് അനിൽ ആനയറ ലോർഡ്സ് ആശുപത്രിക്ക് സമീപം മഹാരാജാസ് ലെയിനിൽ കളിപ്പാട്ടങ്ങൾ നന്നാക്കുന്ന കട തുടങ്ങിയത്. പ്രീഡിഗ്രി വരെ പഠിച്ചെങ്കിലും പാസായില്ല. പിന്നീട് ജീവിതമാർഗത്തിനായി പല വേഷവും കെട്ടി. അതിനിടെയാണ് പെൻബുക്സിന്റെ ടോയ് ഗോഡൗണിൽ ജോലിക്ക് ചേർന്നത്. കേടായ ഇലക്ട്രോണിക് കളിപ്പാട്ടങ്ങളെ പൊളിച്ച് പണിതാണ് ഈ മേഖലയിലേക്കു വന്നത്. അഞ്ചെണ്ണം പൊളിച്ച് പണിതപ്പോൾ ഒരെണ്ണം ശരിയായി. വീണ്ടും അവ പൊളിച്ചു പണിത് സാങ്കേതികതയെ കുറിച്ച് മനസിലാക്കി.
ബാറ്ററിയിൽ ഓടുന്ന ടോയ് കാറുകളാണ് പ്രധാനമായും നന്നാക്കാനായി എത്തുന്നത്. ഇവയുടെ സ്പെയർ പാർട്സുകൾ എല്ലാം ഓൺലൈനിൽ നിന്നാണ് വാങ്ങുന്നത്. കേരളത്തിലെ ഒട്ടുമിക്ക ജില്ലകളിൽ നിന്നും ആൾക്കാർ സമീപിക്കാറുണ്ട്. കേരളത്തിൽ താൻ മാത്രമാണ് ഇത്തരം കളിപ്പാട്ടങ്ങൾ റിപ്പയർ ചെയ്യുന്നതെന്നാണ് അനിലിന്റെ വാദം. ചെറിയ ഇലക്ട്രോണിക് കളിപ്പാട്ടങ്ങൾ നന്നാക്കാൻ കൂടുതൽ സമയം വേണ്ടിവരുമെന്നതിനാൽ വലിയ കളിപ്പാട്ടങ്ങൾക്കാണ് പ്രാധാന്യം നൽകുന്നത്. കളിപ്പാട്ടങ്ങൾ നന്നാക്കി നൽകുന്നതിനൊപ്പം സെക്കൻഡ് ഹാൻഡ് കളിപ്പാട്ടങ്ങൾ വില്പന ചെയ്യുന്നുമുണ്ട് അനിൽ.
മക്കൾ വളർന്ന് വലുതാകുമ്പോൾ ഉപേക്ഷിക്കുന്ന കളിപ്പാട്ടങ്ങൾക്ക് മാന്യമായ തുക നൽകി അനിൽ വാങ്ങും. പിന്നീട് അവ സാധാരണക്കാർക്ക് മാന്യമായ വിലയ്ക്ക് വിൽക്കും. പതിനായിരമോ ഇരുപതിനായിരമോ മുടക്കി കളിപ്പാട്ട കാറുകളൊന്നും വാങ്ങി നൽകാൻ കഴിയാത്തവർക്ക് 4000 രൂപയ്ക്ക് കാറുകളും 1500 രൂപയ്ക്ക് സ്കൂട്ടറുകളും വിൽക്കും. ഇവയ്ക്ക് ആറ് മാസം വരെ വാറണ്ടിയുണ്ട്. ഇതിനിടെ എന്ത് തകരാർ വന്നാലും അനിൽ സൗജന്യമായി റിപ്പയർ ചെയ്ത് നൽകും.അനിലിന്റെ ഫോൺ നമ്പർ:9048042466.