ഭക്തിയിലുപരി ശബരിമല അയ്യപ്പനുമായി ദേവസ്വംബോർഡ് പ്രസിഡന്റ് എ.പത്മകുമാറിനുള്ളത് വൈകാരിക ബന്ധമാണ്.ബാല്യത്തിൽ അച്ഛൻ അച്യുതൻ നായരുടെ കൈപിടിച്ചാണ് അദ്ദേഹം മലകയറുന്നത്.ശബരിമലയിൽ കരാറുകാരനായിരുന്നു പിതാവ്.ഒന്നര പതിറ്റാണ്ടോളം മണ്ഡല-മകരവിളക്ക് കാലത്ത് ശബരിമലയിൽ തന്നെയായിരുന്നു പത്മകുമാറിന്റെ വാസം.ഇപ്പോൾ ദേവസ്വം ബോർഡ് പ്രസിഡന്റ് എന്ന നിലയിൽ അയ്യപ്പനെ സേവിക്കാൻ കിട്ടിയ നിയോഗം ജീവിതത്തിലെ വലിയ ഭാഗ്യങ്ങളിലൊന്നായി അദ്ദേഹം കരുതുന്നു.ഭാരിച്ച ഈ ചുമതല ഏറ്റതുമുതൽ ഒപ്പം കൂടിയിട്ടുള്ള വിവാദങ്ങളും പോസിറ്രീവായി കാണാനാണ് അദ്ദേഹത്തിന് ഇഷ്ടം.
? മുമ്പുള്ള മറ്റ് ദേവസ്വംബോർഡ് പ്രസിഡന്റുമാരെ അപേക്ഷിച്ച് ശബരിമലയുമായി ബന്ധമുള്ള ആളാണ്.എന്നിട്ടും തുടർച്ചയായി ഉണ്ടാകുന്ന വിവാദങ്ങൾ വേദനിപ്പിക്കുന്നുണ്ടോ.
#ഞാനും അത് ചിന്തിച്ചതാണ്.1968 മുതൽ 83 വരെ ശബരിമലയിലുണ്ടായിരുന്ന പത്ര ഏജന്റും ലേഖകനുമൊക്കെയായിരുന്നു ഞാൻ.1907 മുതൽ 21 വരെ ശബരിമല മേൽശാന്തിയായിരുന്ന അനന്തകൃഷ്ണ അയ്യർ അമ്മയുടെ മുത്തശ്ശനാണ്.സ്വാഭാവികമായും അങ്ങനൊരാൾ പ്രസിഡന്റു സ്ഥാനത്തേക്ക് വരുമ്പോൾ മനസിൽ ചില സ്വപ്നങ്ങളുണ്ടാവുമല്ലോ. ഞാൻ ചുമതല ഏറ്റ ശേഷമാണ് പ്രളയവും സ്ത്രീ പ്രവേശനവുമടക്കമുള്ള വിഷയങ്ങൾ വരുന്നത്. പക്ഷെ അതിനെയും ഒരർത്ഥത്തിൽ പോസിറ്റീവായാണ് കാണുന്നത്. കാരണം ഇത്തരം പ്രതിസന്ധി നേരിടാൻ കഴിയുന്ന ഒരാൾ ആ സ്ഥാനത്ത് വരട്ടെയെന്ന് അയ്യപ്പനും നിശ്ചയിച്ചിട്ടുണ്ടാവും. വ്യക്തിപരമായി നിരവധി ആരോപണങ്ങളും ആക്രമണവും നേരിടേണ്ടിവന്നു. അതൊക്കെ രാഷ്ട്രീയത്തിന്റെ ഭാഗം.ശബരിമലയിലെ ഉത്തരവാദിത്വങ്ങളെ വികാരപരമായി തന്നെയാണ് ഞാൻ കാണുന്നത്.
?തുടർച്ചയായി ഉണ്ടാവുന്ന ആക്ഷേപങ്ങൾക്ക് പിന്നിൽ എന്തെങ്കിലും താത്പര്യങ്ങളുണ്ടോ.
#ഓരോ മണ്ഡല - മകരവിളക്കിന് മുമ്പായും ഇത്തരത്തിൽ വിവാദങ്ങൾ ഉയർത്തിവിടാറുണ്ട്.ചിലപ്പോൾ അത് മുല്ലപ്പെരിയാറിന്റെ പേരിലാവും,സുരക്ഷയുടെ പേരിലാവും. പക്ഷെ ഏതു ശക്തിവിചാരിച്ചാലും ശബരിമലയെ തകർക്കാനാവില്ല.
?അന്നദാനത്തെ ചുറ്റിപ്പറ്റിയാണല്ലോ പുതിയ വിവാദം.
#യാതൊരു കാര്യവുമില്ലാത്ത വിവാദമാണ്. ശബരിമല , പമ്പ,നിലയ്ക്കൽ, എന്നിവിടങ്ങളിലും പന്തളം, ചെങ്ങന്നൂർ ഇടത്താവളങ്ങളിലും അന്നദാനം നടത്താനാണ് ബോർഡ് തീരുമാനിച്ചിട്ടുള്ളത്. പല പ്രദേശങ്ങളിൽ നിന്ന് എത്തുന്ന അയ്യപ്പഭക്തർ ഭക്ഷണത്തിന് അലഞ്ഞുനടക്കേണ്ട അവസ്ഥ ഉണ്ടാവരുത്. അഞ്ചു കേന്ദ്രങ്ങളിൽ 24 മണിക്കൂറും അന്നദാനം നടത്തണമെങ്കിൽ കുറഞ്ഞത് ഏഴുകോടി രൂപവേണം.ബോർഡിന്റെ ഫണ്ടിൽ ഇപ്പോഴുള്ളത് രണ്ട് കോടിയും. ഇക്കാര്യത്തിൽ സഹകരിക്കാൻ താത്പര്യംകാട്ടി പലരും അപേക്ഷ തന്നു. ഹൈക്കോടതി നിർദ്ദേശിച്ചിട്ടുള്ള മാനദണ്ഡങ്ങൾക്ക് വിധേയമായിട്ടാണ് ചില സംഘടനകളെ സഹകരിപ്പിക്കുന്നത്. പക്ഷെ അന്നദാനത്തിന്റെ ചുമതല ദേവസ്വംബോർഡിന് തന്നെയാണ്. പണമായോ, ഉത്പന്നങ്ങളുടെ രൂപത്തിലോ സംഭാവന നൽകാം.വ്യക്തിപരമായ സേവനവുമാവാം.കോടതി നിർദ്ദേശത്തിനോ നിയമത്തിനോ വിരുദ്ധമായി ഒന്നുമുണ്ടായിട്ടില്ല. പന്തളത്ത് 2015-16 ൽ അന്നദാനത്തിന് ചിലവായത് 22 ലക്ഷമാണ്.16-17 ൽ ഇത് 88 ലക്ഷമായി.കഴിഞ്ഞ വർഷം (17-18) ഇത് 35 ലക്ഷമായി കുറഞ്ഞു.ഇടയ്ക്കുള്ള ഒരു വർഷം മാത്രം അന്നദാനത്തിന് ചിലവ് ഇത്ര ഉയർന്നതെങ്ങനെയെന്ന് ചർച്ചകളിൽ ബഹളം കൂട്ടുന്നവർ പരിശോധിക്കണം.
?വിവാദങ്ങൾ ശബരിമലയുടെ യശ്ശസിന് കോട്ടമുണ്ടാക്കുമോ.
വിവാദങ്ങൾ താത്കാലികം മാത്രമാണ്.ശബരിമലയുടെ പരിപാവനതെയക്കുറിച്ചുള്ള കാഴ്ചപ്പാട് നഷ്ടമായതാണ് പ്രധാനം.ശബരിമലയെ ആർക്കും തകർക്കാനാവില്ല.യഥാർത്ഥത്തിൽ ശബരിമലയിൽ ഇത്രയും കെട്ടിടങ്ങൾ തന്നെ വേണ്ട.ഈ ഭരണ സമിതിയുടെ കാലത്ത് അനാവശ്യമായ ഒരു നിർമാണവും ഇവിടെ നടത്തില്ല. ഭക്തർക്ക് പ്രാഥമിക ആവശ്യങ്ങൾക്കുള്ള സൗകര്യം, കുടിവെള്ളം, ഭക്ഷണം ഇതാണ് അത്യാവശ്യം വേണ്ടത്.തന്ത്രിമഠവും മേൽശാന്തിമഠവുമൊക്കെ മുമ്പ് പുറത്തായിരുന്നു.ഇപ്പോൾ ഇതെല്ലാം തിരുമുറ്റത്തോട് ചേർന്നുനിൽക്കുന്നു.എല്ലാ എക്സ്റ്റൻഷൻ കെട്ടിടങ്ങളും നീക്കണം.അഭിഷേകത്തിനുള്ള വെള്ളം മുക്കി കോരണമെന്നതാണ് ആചാരം.പണ്ട് ഇങ്ങനെ വെള്ളമെടുത്തിരുന്ന മണിക്കിണർ പുനഃസ്ഥാപിക്കാൻ തീരുമാനിച്ചിട്ടുണ്ട്.ഭസ്മക്കുളവും പഴയ നിലയിൽ രൂപപ്പെടുത്താൻ ശ്രമിക്കും. സന്നിധാനത്ത് തൊഴുതിറങ്ങുന്നവർക്ക് വേഗത്തിൽ പമ്പയിലെത്താനുള്ള കാനനപാത സജ്ജമാക്കുന്നത് ചർച്ചചെയ്തിട്ടുണ്ട്. ശബരിമലയിലേക്കുള്ള പരമ്പരാഗത വഴി നല്ല കല്ലിട്ട് പടി തീർക്കാനും ആലോചിക്കുന്നു.
?പരിഗണിനയിലുള്ള മറ്റ് വികസന പദ്ധതികൾ.
പമ്പയിൽ ഹിൽടോപ്പ് മുതൽ ഗണപതി അമ്പലം വരെ നീളുന്ന പാലം.25 കോടി ചിലവ് പ്രതീക്ഷിക്കുന്ന പദ്ധതി അടുത്ത ജനുവരിയിൽ തുടങ്ങും. 18 മാസം കൊണ്ട് പൂർത്തിയാക്കും.ഇതൊഴിച്ചാൽ ഇനി പമ്പയിൽ യാതൊരു സ്ഥിരം നിർമാണവുമുണ്ടാവില്ല.ശബരിമലയിലേക്ക് സാധനങ്ങൾ എത്തിക്കാനും അത്യാവശ്യഘട്ടങ്ങളിൽ ഉപയോഗിക്കാനുമായി ഹിൽടോപ്പ് മുതൽ മണിമണ്ഡപം വരെ പരിസ്ഥിതിക്ക് ദോഷം വരാത്തവിധം റോപ്പ് വെ ആലോചിക്കുന്നു. ഡീസൽ വാഹങ്ങൾ കഴിയുന്നതും നിലയ്ക്കൽ വരെ നിർത്തിക്കൊണ്ട് ശബരിമലയിലേക്ക് പൂർണ്ണമായും ബാറ്ററി വാഹനങ്ങളാക്കും. മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള അയ്യപ്പന്മാർ കൂടുതൽ എത്തുന്ന പ്രധാന ഇടത്താവളമായ ചെങ്ങന്നൂരിനെ ശബരിമലയുടെ 'ഗേറ്ര് വെ 'ആക്കി മാറ്റും. 18.5 കോടിയുടെ പദ്ധതിയാണ് നടപ്പാക്കുക.കിഫ്ബിയിൽ നിന്നുള്ള 9.75 കോടി ഉപയോഗിച്ച് പ്രാഥമിക നിർമാണം ഉടൻ തുടങ്ങും.