women
.

മലപ്പുറം: കുടുംബനാഥർ മരണപ്പെട്ട നി‌ർധന കുടുംബങ്ങൾക്കുളള ധനസഹായ പദ്ധതിയായ നാഷണൽ ഫാമിലി ബെനിഫിറ്റ് സ്കീമിൽ ജില്ലയിൽ 6,000ത്തോളം അപേക്ഷകൾ കെട്ടിക്കിടക്കുന്നു. 2014 മുതലുളള അപേക്ഷകൾ തീർപ്പാക്കാൻ പത്ത് കോടിയോളം രൂപ വേണം. കഴിഞ്ഞ വർഷം 26 ലക്ഷം രൂപ അനുവദിച്ചത് ഒഴിച്ചുനിർത്തിയാൽ നാല് വർഷമായി യാതൊരു ഫണ്ടും അനുവദിച്ചിട്ടില്ല. പൂർണ്ണമായും കേന്ദ്ര ഫണ്ടോടു കൂടി നടപ്പിലാക്കുന്ന പദ്ധതിയാണിത്. റവന്യൂ വകുപ്പ് മുഖാന്തിരമാണ് അപേക്ഷ സ്വീകരിക്കുന്നതും തീർപ്പാക്കുന്നതും.

ദാരിദ്രരേഖയ്ക്ക് താഴെയുളളവർക്കാണ് പദ്ധതിയിൽ ധനസഹായത്തിന് അർഹത. കുടുംബത്തിന്റെ അത്താണിയായ സ്ത്രീയോ, പുരുഷനോ മരണപ്പെട്ടാൽ പദ്ധതിയിലേക്ക് അപേക്ഷിക്കാം. മരണപ്പെട്ട് ഒരുമാസത്തിനുളളിൽ അപേക്ഷിച്ചവർക്ക് മുൻഗണന ലഭിക്കും. നിശ്ചിത മാതൃകയിലുളള അപേക്ഷ വില്ലേജ് ഓഫീസിലാണ് സ്വീകരിക്കുന്നത്. അപേക്ഷകരുടെ സ്വത്ത് വിവരങ്ങൾ വില്ലേജ് ഓഫീസർ പരിശോധിച്ചശേഷം ശേഷം അപേക്ഷ താലൂക്കിലേക്കും പിന്നീട് ജില്ലാ റവന്യൂ വകുപ്പിലേക്കും കൈമാറും. ഇതിനിടയിൽ തന്നെ അപേക്ഷകർ പലതവണ ഓഫീസുകൾ കയറിയിറങ്ങേണ്ട അവസ്ഥയാണ്. പദ്ധതിയിലേക്ക് അപേക്ഷ സ്വീകരിക്കുന്നുണ്ടെങ്കിലും ധനസഹായം എന്ന് ലഭിക്കുമെന്നത് സംബന്ധിച്ച് അധികൃതർക്കും വ്യക്തമായ ധാരണയില്ല.
കുടുംബനാഥൻ മരണപ്പെട്ടാൽ 20,000 രൂപ വരെ ലഭിക്കുന്നതാണ് പദ്ധതി. നിർധന കുടുംബങ്ങൾക്ക് കൈതാങ്ങാകുകയെന്ന ലക്ഷ്യത്തോടെ 1995 ആഗസ്റ്റിലാണ് പദ്ധതിയ്ക്ക് കേന്ദ്ര സർക്കാ‌ർ തുടക്കം കുറിച്ചത്. മികച്ച രീതിയിൽ മുന്നോട്ടുപോയ പദ്ധതിയിൽ രാജ്യത്ത് ഒരുവർഷം മൂന്ന് ലക്ഷത്തിലധികം കുടുംബങ്ങൾക്ക് സഹായം അനുവദിച്ചിരുന്നു. തുടക്കത്തിൽ അയ്യായിരം രൂപയാണ് പദ്ധതി വഴി നൽകിയിരുന്നതെങ്കിൽ 2012 മുതൽ ഇത് 20,000 രൂപയായി വർദ്ധിപ്പിച്ചു. കേന്ദ്ര ഫണ്ട് ലഭിക്കുന്നതിലെ കാലതാമസമാണ് അപേക്ഷ തീർപ്പാക്കുന്നതിന് തടസ്സമാകുന്നതെന്ന് ജില്ലാ റവന്യൂ വകുപ്പ് അധികൃതർ പറയുന്നു.