kk
.

പെരിന്തൽമണ്ണ: മങ്കട ഉപജില്ല സ്‌കൂൾ കലോത്സവം കഴിഞ്ഞ് മടങ്ങിയ ലൈറ്റ് ആന്റ് സൗണ്ട് ഉടമയെയും തൊഴിലാളികളെയും അർദ്ധരാത്രി ഗുണ്ടാ സംഘം
ആക്രമിച്ച് പരിക്കേൽപ്പിച്ചതായി പരാതി. പരിക്കേറ്റ തിരുവേഗപ്പുറ സ്വദേശി അബൂബക്കർ സിദ്ദിഖ്, വളാഞ്ചേരി സ്വദേശി അനീഷ് എന്നിവരെ മാലാപറമ്പ് എം.ഇ.എസ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുറഞ്ഞ തുകയ്ക്ക് കലോത്സവത്തിന് മൈക്ക് സെറ്റ് ഏർപ്പെടുത്തിയതിന് ഇവർക്കെതിരെ ഭീഷണിയുണ്ടായിരുന്നു.

ചൊവ്വാഴ്ച രാത്രി മാലാപറമ്പിൽ വച്ചായിരുന്നു അക്രമം. കലോത്സവം കഴിഞ്ഞ് സൗണ്ട്, ലൈറ്റ് സാമഗ്രികളുമായി മടങ്ങുകയായിരുന്നു ഇവർ സഞ്ചരിച്ച ജീപ്പിന്റെ ചില്ലിന് നേരെ ചിലർ മുട്ട എറിയുകയായിരുന്നു. തുടർന്ന് മുഖംമൂടി ധരിച്ച് രണ്ടുപേർ ബൈക്കിൽ പിന്തുടർന്നു. അൽപ്പനേരം കഴിഞ്ഞപ്പോൾ ഇന്നോവ കാറിലെത്തിയ സംഘം ഇവർക്കൊപ്പം ചേർന്ന് വാഹനം തടഞ്ഞു. ഉടമയെയും തൊഴിലാളിയെയും മർദ്ദിച്ചു. ഉപജില്ല കലോത്സവത്തിന് മൈക്ക് സെറ്റ് ഉപയോഗിക്കുന്നതിന് സംഘാടക സമിതി ക്വട്ടേഷൻ ക്ഷണിച്ചിരുന്നു. മങ്കടയ്ക്ക് സമീപമുള്ള ലൈറ്റ് ആന്റ് സൗണ്ട് ഉടമകൾ നൽകിയ ക്വട്ടേഷന്റെ പകുതി നിരക്കാണ് വളാഞ്ചേരി സ്വദേശിയായ മുഹമ്മദ് റാഫി ക്വാട്ട് ചെയ്തിരുന്നത്. അതിനാൽ മുഹമ്മദ് റാഫിക്ക് ക്വട്ടേഷൻ ലഭിച്ചു. തുടർന്ന് ഏതാനും പേർ റാഫിയെ വളാഞ്ചേരിയിലെ കടയിലെത്തി ഭീഷണിപ്പെടുത്തുകയും കരാറിൽ നിന്നും പിന്മാറാൻ ആവശ്യപ്പെടുകയും ചെയ്തു. മങ്കട പൊലീസ് ഇടപെട്ടാണ് ഒത്തുതീർപ്പുണ്ടാക്കിയിരുന്നത്. കഴിഞ്ഞ ദിവസമുണ്ടായ അക്രമത്തിന് പിന്നിൽ ഈ സംഘം തന്നെയാണെന്നാണ് പൊലീസ് കരുതുന്നത്. സംഭവത്തിൽ കൊളത്തൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മുഹമ്മദ് റാഫിയുടെ കടയിൽ നിന്നുള്ള സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്.