മലപ്പുറം: മലയാള ഭാഷ ഇല്ലാതാവുന്നു എന്നതിനർത്ഥം മലയാളി ഇല്ലാതാവുന്നുയെന്നാണെന്ന് ടി.വി. ഇബ്രാഹീം എം.എൽ.എ. മലയാളം-ശ്രേഷ്ഠ ഭാഷാ വാരാഘോഷത്തിന്റെ ജില്ലാതല ഉദ്ഘാടനം കൊണ്ടോട്ടിയിൽ നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം. മലയാളികളുൾപ്പെടെയുള്ളവർക്ക് മലയാളം പഴഞ്ചനായി മാറിയിരിക്കുകയാണ്. നമ്മളറിയാതെ നമ്മുടെ ഭാഷയും സംസ്‌കാരവും നമ്മിൽ നിന്നകലുന്നു. ഇത് നമ്മുടെ പൈതൃകം നശിപ്പിക്കും. ഇതിനെ അതിജീവിച്ച് സ്വത്വവും പാരമ്പര്യവും പൈതൃകവും നിലനിർത്താനാവണമെന്നും എം.എൽ.എ പറഞ്ഞു.
ഏത് ഭാഷ പഠിച്ചാലും മലയാളം പഠിച്ചാലേ മലയാളി പൂർണ്ണനാവൂയെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച അക്കാദമി ചെയർമാൻ ടി.കെ. ഹംസ പറഞ്ഞു.
കൊേണ്ടാട്ടി മഹാകവി മോയിൻകുട്ടി വൈദ്യർ മാപ്പിളകലാ അക്കാദമി ഹാളിൽ നടന്ന ചടങ്ങിൽ പ്രഫ. എം.എം. നാരായണൻ മുഖ്യപ്രഭാഷണം നടത്തി. ഡെപ്യൂട്ടി കലക്ടർ പി.എൻ.സാനു ആദര സമർപ്പണം നടത്തി. ഗ്രന്ഥശാലാ പ്രവർത്തകരായ നളിനി കോവിലമ്മ കോട്ടക്കൽ, കെ.മൊയ്തുട്ടി മാസ്റ്റർ വെട്ടത്തൂർ, സാംസ്‌കാരിക പ്രവർത്തകൻ ഫ്രൊഫ.എം.എം.നാരായണൻ എന്നിവരെ ആദരിച്ചു.
ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി എൻ.പ്രമോദ് ദാസ് ആദരിച്ചവരെ പരിചയപ്പെടുത്തി. കൊണ്ടോട്ടി നഗരസഭ ചെയർപേഴ്‌സൺ കെ.സി.ഷീബ ഭാഷാദിന പ്രതിജ്ഞക്ക് നേതൃത്വം നൽകി. മലയാളഭാഷാ വന്ദന ഗാനം അക്കാദമി വൈസ് ചെയർമാൻ കെ.വി. അബൂട്ടി അവതരിപ്പിച്ചു. കൊണ്ടോട്ടി നഗരസഭ സ്ഥിര സമിതി ചെയർമാൻ കെ.മമ്മദിശ, മാപ്പിള കലാ അക്കാദമി സെക്രട്ടറി റസാഖ് പയമ്പ്രോട്ട്, കൊണ്ടോട്ടി തഹസിൽദാർ കെ.ദേവകി, മാപ്പിള കലാ അക്കാദമി അംഗങ്ങളായ വി. അബ്ദുൽഹമീദ്, രാഘവൻ മാടമ്പത്ത് എന്നിവർ സംസാരിച്ചു. ജില്ലാ ഇൻഫർമേഷൻ ഓഫീസർ സി. അയ്യപ്പൻ സ്വാഗതവും എൻ.എസ്.എസ്. പി.എ.സി മെമ്പർ ഡോ.സുധീരൻ ചീരക്കൊട നന്ദിയും പറഞ്ഞു.
പരിപാടിയോടനുബന്ധിച്ച് വിദ്യാർത്ഥികളുടെ പ്രബന്ധ അവതരണം, പ്രളയദൃശ്യങ്ങൾ ചിത്രപ്രദർശനം എന്നിവ സംഘടിപ്പിച്ചു. ജില്ലാ ഭരണകൂടം, ഇൻഫർമേഷൻ ആന്റ് പബ്ലിക് റിലേഷൻസ് വകുപ്പ്, ജില്ലാ ലൈബ്രറി കൗൺസിൽ, നാഷണൽ സർവീസ് സ്‌കീം, മഹാകവി മോയിൻകുട്ടി വൈദ്യർ മാപ്പിളകലാ അക്കാദമി എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് ഒരാഴ്ച നിൽക്കുന്ന ആഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നത്.