നിലമ്പൂർ: നിലമ്പൂരിലെ നിർദ്ദിഷ്ട ബൈപാസിന്റെ നിർമ്മാണത്തിന് തടസ്സമായ സാങ്കേതിക പ്രശ്നങ്ങൾ പരിഹരിക്കാൻ നവംബർ എട്ടിന് വിവിധ വകുപ്പുകളിലെ വിദഗ്ദ്ധരുടെ നേതൃത്വത്തിൽ സംയുക്ത പരിശോധന നടത്തും. പി.വി. അൻവർ എം.എൽ.എയുടെ നേതൃത്വത്തിൽ കളക്ടറേറ്റിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.
വൈദ്യുതി, പൊതുമരാമത്ത് വകുപ്പുകളിലെ വിദഗ്ദ്ധരാണ് പരിശോധന നടത്തുക. നിർദ്ദിഷ്ട ബൈപാസിന് സമീപം കടന്നുപോകുന്ന 66 കിലോ വാട്ട് ഇലക്ട്രിക്കൽ ലൈൻ 110 കിലോവാട്ടായി ഉയർത്തുന്ന സാഹചര്യത്തിൽ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നത് സംബന്ധിച്ച് വിദഗ്ദ്ധർ നിർദ്ദേശം സമർപ്പിക്കും. സാങ്കേതിക തടസ്സങ്ങൾ ചൂണ്ടിക്കാട്ടി ബൈപാസിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ വൈകുന്ന സാഹചര്യമുണ്ടാകരുതെന്ന് എം.എൽ.എ യോഗത്തിൽ നിർദ്ദേശിച്ചു. എ.ഡി.എം വി. രാമചന്ദ്രന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ പങ്കെടുത്തു.